സ്വര്‍ണത്തെ നോക്കേണ്ട... 70000 പിന്നിട്ട് പവന്‍വില, ഇന്നത്തെ നിരക്ക് അറിയാം
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വലിയ വര്‍ധനവ് ഇന്ന് രേഖപ്പെടുത്തിയില്ലെങ്കിലും പവന്‍ വില 70000 എന്ന മാന്ത്രിക സംഖ്യ സ്വര്‍ണം പിന്നിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 70000 പിന്നിടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചൈന-അമേരിക്ക വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമാകുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വര്‍ധനവ് ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. നേരത്തെ 104 ശതമാനം പ്രഖ്യാപിച്ച താരിഫ് ചൈനയ്ക്ക് 125 ശതമാനമാക്കി ട്രംപ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയെന്നോണം ചൈന യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ പ്രഖ്യാപിച്ച് തിരിച്ചടിച്ചിരുന്നു.

ഈ താരിഫ് മാറ്റം ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 8770 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രാം നിരക്കാണിത്. എട്ട് ഗ്രാമാണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്.
ഇത് പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത് 200 രൂപയാണ്. ഇതോടെ ഇന്നലെ 69960 ആയിരുന്ന സ്വര്‍ണവില ഇന്ന് 70160 ല്‍ എത്തി. അവിശ്വസനീയമായ കുതിപ്പാണ് സ്വര്‍ണം ഈ ആഴ്ചയില്‍ നടത്തിയത്. വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 2160 രൂപയും ഇന്നലെ 1480 രൂപയും ആയിരുന്നു വര്‍ധിച്ചിരുന്നത്. സാധാരണഗതിയില്‍ സ്വര്‍ണവില ഒരു മാസം കൊണ്ടാണ് 3000-4000 രൂപ വര്‍ധിക്കാറുള്ളത്.
എന്നാല്‍ ഈ നാല് ദിവസം കൊണ്ട് മാത്രം ഏകദേശം 4000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2024 ലും സ്വര്‍ണ വില കൂടിയിരുന്നെങ്കിലും ഇത്രയും വേഗത്തില്‍ ആയിരുന്നില്ല കുതിപ്പ്. ജനുവരി ഒന്നിന് 57600 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 70160 ല്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം പിറന്ന് 100 ദിവസം കഴിയുമ്പോഴേക്ക് സ്വര്‍ണിവിലയില്‍ 13000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ വര്‍ധനവ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. വിവാഹത്തിന് ആഭരണമായാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന്‍ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവ കൂടി കൊടുക്കണം.
മൂന്ന് ശതമാനമാണ് രാജ്യത്ത് സ്വര്‍ണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് നിരക്ക്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെടാം. എന്നാലും ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില അനുസരിച്ച് 75000 രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും.












Click it and Unblock the Notifications