സ്വര്‍ണം തിരിച്ചുകയറുന്നു; സ്വര്‍ണവില ഇന്ന് വര്‍ധിച്ചു, ജ്വല്ലറികളില്‍ പല വില, ഉപഭോക്താക്കള്‍ ചെയ്യേണ്ടത്...
കൊച്ചി: കേരളത്തില്‍ കുറച്ച് ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം പ്രകടമായ പിന്നാലെയാണ് കേരളത്തിലും വില കൂടിയിരിക്കുന്നത്. ഇന്ത്യന്‍ രൂപ വന്‍തോതില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി. അതേസമയം, ഡോളര്‍ നേരിയ തോതില്‍ ഇടിയുകയും ചെയ്തു.
കേരളത്തിലെ സ്വര്‍ണവില ഏറെ കാലത്തിന് ശേഷം പല തരത്തിലായി മാറിയിട്ടുണ്ട്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയില്‍ ഉണ്ടായ ഭിന്നതയാണ് ഇതിന് കാരണം എന്നാണ് ലഭ്യമാകുന്ന വിവരം. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ പോകുന്ന ഉപഭോക്താക്കള്‍ വില നിലവാരം സംബന്ധിച്ച് ചോദിച്ച് അറിയണം. വിവിധ തരത്തിലുള്ള സ്വര്‍ണവിലയാണ് രേഖപ്പെടുത്തുന്നത്...

രണ്ട് തരത്തിലുള്ള സ്വര്‍ണവിലയാണ് ഇന്ന് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7945 രൂപയായി എന്ന് ഒരു കൂട്ടം വ്യാപാരികള്‍ പറയുന്നു. ഇവരുടെ കണക്കു പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 63560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6530 രൂപയും. വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 105 രൂപ എന്ന നിരക്കിലാണ്.
അതേസമയം, സ്വര്‍ണവിലയില്‍ മാറ്റമില്ല എന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 63520 രൂപയാണ് എന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയാണ് ഇവര്‍ രേഖപ്പെടുത്തുന്നത്. രണ്ട് വ്യാപാരികളും നല്‍കുന്ന വില വിവരങ്ങൡ ഒരു പവന് 40 രൂപയുടെ വ്യത്യാസമാണ് കാണുന്നത്. അതേസമയം, മലബാര്‍ ജ്വല്ലറി രാജ്യത്ത് മൊത്തം ഒറ്റവിലയിലാണ് വ്യാപാരം നടത്തുന്നത്.
ആഭരണം വാങ്ങാന്‍ ജ്വല്ലറിയില്‍ പോകുന്നവര്‍ വില നിലവാരം സംബന്ധിച്ച് വിശദമായി ചോദിച്ചറിയണം. ബില്ല് ഉറപ്പായും കൈപ്പറ്റുകയും വേണം. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ചും ധാരണയുണ്ടാക്കണം. സ്വര്‍ണത്തിന്റെ അഞ്ച് ശതമാനമാണ് കുറഞ്ഞ പണിക്കൂലിയായി മിക്ക ജ്വല്ലറികളും വാങ്ങുന്നത്. സ്വര്‍ണം, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഈടാക്കാറുണ്ട്.
ആഗോള വിപണയില്‍ സ്വര്‍ണവില ഇന്ന് വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 2864 ഡോളറാണ് പുതിയ നിരക്ക്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റമുണ്ടായേക്കാം. ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. 107.23 എന്ന നിരക്കിലാണ് സൂചികയുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.29 എന്ന നിരക്കിലാണുള്ളത്.
അതേസമയം, ക്രൂഡ് ഓയില്‍ വില നേരിയ മുന്നേറ്റത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറാണ് പുതിയ വില. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില വലിയ ഇടിവില്‍ നിന്ന് കരകയറി. 92000 ഡോളറാണ് പുതിയ നിരക്ക്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് കേരളത്തില്‍ ഏകദേശം 68500 രൂപ വരെ ചെലവ് വന്നേക്കും. പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 61000 രൂപ വരെ ലഭിക്കാനാണ് സാധ്യത.












Click it and Unblock the Notifications