സ്വര്‍ണം മുന്നേറ്റം തുടങ്ങി; രണ്ടാംദിനവും വില വര്‍ധിച്ചു... ഡോളര്‍ കുതിപ്പില്‍ രൂപ ഇടിയുന്നു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്നലെ വര്‍ധിച്ചതിന് പുറമെ ഇന്നും വില കൂടി. ഇതോടെ സ്വര്‍ണവില പവന് 53000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് സുപ്രധാന പലിശ നിരക്ക് വിവരം, വ്യാപാര തോത്, കയറ്റുമതി വിവരങ്ങള്‍ എന്നിവ പുറത്തുവരും. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയിലും പ്രകടമാകും.
ഡോളര്‍ മൂല്യം കൂടുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്ത്യന്‍ രൂപ മൂല്യം ഇടിയുകയാണ്. എണ്ണ വില തുടര്‍ച്ചയായി കയറുന്നതും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആശങ്ക തുടര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും വില വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ സംബന്ധിച്ച് പറയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 52920 രൂപയാണ്. 240 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6615 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി പവന് 400 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 58000 രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം ഒരു പവന് 51000 വരെ കിട്ടിയേക്കും. തങ്കത്തിന്റെ വിലയില്‍ വലിയ മുന്നേറ്റമില്ലാത്തത് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.
വിലക്കയറ്റം സംബന്ധിച്ച കണക്കുകള്‍ വൈകാതെ പുറത്തുവരാനിരിക്കുകയാണ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന പ്രചാരണങ്ങളുമുണ്ട്. കയറ്റുമതി സംബന്ധിച്ച കണക്കുകള്‍ വൈകാതെ പുറത്തുവരും. ഇതിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ച്ചയും സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കും. ലാഭം കൊയ്യാന്‍ അവസരമില്ല എന്ന് ബോധ്യമായാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ് ചെയ്യുക.
ഡോളര്‍ സൂചിക ഓരോ ദിവസവും നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്. 105.27 എന്ന നിരക്കിലാണ് ഇന്ന് സൂചിക. അതായത്, ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ കുറയുകയും ചെയ്യും. ഇത് സ്വര്‍ണവില ഇടിയാന്‍ വഴിയൊരുക്കുന്ന ഘടകമാണ്. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.56 എന്ന നിരക്കിലേക്ക് താഴ്ന്നു.
എണ്ണ വില ഉയരുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വിവരം. ചൈനയില്‍ നിന്നുള്ള ആവശ്യം ഉയരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് വിപണി. ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് ആവശ്യം കൂടിയ വേളയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യം എണ്ണയുടെ കാര്യത്തിലും സംഭവിച്ചേക്കാം. ബ്രെന്റ് ക്രൂഡ് ബാരലിന് 82.28 ഡോളര്‍ ആണ് പുതിയ വില.












Click it and Unblock the Notifications