സ്വര്‍ണം വാങ്ങാന്‍ നല്ല ദിനമാണോ ഇന്ന്? വില മാറ്റം അറിയാം, വരും ദിവസങ്ങളിലെ സാധ്യത ഇങ്ങനെ
കൊച്ചി: സ്വര്‍ണവില തിരിച്ചുകയറുന്നു എന്നതാണ് വിപണിയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. തുടര്‍ച്ചയായി മൂന്ന് ദിവസം നേരിയ തോതില്‍ വില കുതിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 580 രൂപയാണ് വര്‍ധിച്ചത്. ഇതേ പ്രവണത തുടര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക് കടക്കും. ഓഹരി വിപണിയില്‍ ആശങ്ക തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം.
ഡോളര്‍ സൂചിക ഉയരുകയാണ് എന്നതാണ് ആഗോള വിപണിയിലെ മാറ്റം. ഇന്ത്യന്‍ രൂപ കരുത്ത് കുറയുന്നു എന്നതും എടുത്തു പറയണം. എണ്ണ വില കുതിക്കുകയാണ്. കേരളത്തില്‍ സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമല്ല. വില കൂടുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം, വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവ് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53680 രൂപയാണ് വില. 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6710 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 59000 രൂപ വരെ ചെലവായേക്കും. മിക്ക ജ്വല്ലറികളും കുറഞ്ഞ പണിക്കൂലിയായി അഞ്ച് ശതമാനം ഈടാക്കുന്നുണ്ട്. കൂടാതെ ജിഎസ്ടിയും നല്‍കേണ്ടി വരും. ഇവയെല്ലാം ചേരുമ്പോഴാണ് 59000ത്തിലേക്ക് എത്തുക.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ മാത്രമല്ല ആശങ്കയുണ്ടാക്കുന്നത്. വിപണിയിലും നിക്ഷേപകരിലും കൂടിയാണ്. ഇതാണ് ഓഹരി വിപണിയില്‍ പ്രകടമാകുന്നത്. ആശങ്ക വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ് ചെയ്യുക. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുതിക്കും. അതേമയം, ആഗോള വിപണിയില്‍ ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണവില കുറയാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്വര്‍ണവില ഉയരാനും താഴാനും സാധ്യതയുണ്ടെന്ന് ചുരുക്കും. ജൂണ്‍ ഒന്നിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ്. അന്ന് വൈകുന്നേരും എക്‌സിറ്റ് പോള്‍ ഫലം വരും. ഇതിന് അനുസരിച്ച് തൊട്ടടുത്ത ദിവസം വിപണിയില്‍ മാറ്റം പ്രകടമാകും. അതേസമയം, എണ്ണ വില തുടര്‍ച്ചയായി ഉയരുന്നതിന് കാരണം മറ്റൊന്നാണ്. ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗം നാളെ ചേരുകയാണ്.
എണ്ണ വില നിശ്ചയിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളുടെ നയങ്ങളാണ്. ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്തണമെന്ന നിലപാടുള്ളവരാണ് മിക്ക രാജ്യങ്ങളും. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളാണ് ഈ ഘട്ടത്തില്‍ കെണിയിലാകുക. ഒപെക് പ്ലസ് യോഗം ഉല്‍പ്പാദനം കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതാണ് എണ്ണ വില ഉയരാന്‍ കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 84.42 ഡോളറാണ് പുതിയ വില.
ഡോളര്‍ സൂചിക 104.75 ലെത്തിയിട്ടുണ്ട്. സൂചിക ഉയര്‍ന്നാല്‍ മറ്റു കറന്‍സികളുടെ മൂല്യമിടിയും. ഇതോടെ സ്വര്‍ണവില കുറയുകയും ചെയ്യും. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇതൊരു പ്രതീക്ഷയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.26 എന്ന നിരക്കിലെത്തിയിട്ടുണ്ട്. അതേസമയം, ചൈനയിലും ഇന്ത്യയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നത് വില വര്‍ധിക്കാന്‍ സാധ്യതയുള്ള ഘടകമാണ്.












Click it and Unblock the Notifications