സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ആഭരണ പ്രേമികള്‍ക്ക് മറ്റൊരു വഴി ഇതാണ്... 1300 രൂപ കുറവുണ്ട്
കൊച്ചി: സ്വര്‍ണവില ഓരോ ദിവസവും കുതിച്ചു കയറുകയാണ്. ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യം എല്ലാ ഉപഭോക്താക്കളും ചോദിക്കുന്നു. ജ്വല്ലറികളില്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വില പരിധി വിടുമ്പോള്‍ ഉപഭോക്താക്കള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് പോലും വാങ്ങുന്ന ആഭരണത്തിന്റെ അളവ് ഗണ്യമായി കുറച്ചിരിക്കുകയാണ്.
സ്വര്‍ണവില വര്‍ധിക്കുന്നത് ഇനിയും തുടരുമെന്നാണ് വിവരം. ആഗോള വിപണിയില്‍ വില കൂടാനുള്ള ഘടകങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണ്. സാമ്പത്തിക രംഗത്ത് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വില ഇടിയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. ഈ സാഹചര്യത്തിലാണ് ഇന്നും കേരളത്തില്‍ വില വര്‍ധിച്ചിരിക്കുന്നത്. ഇന്നത്തെ വില മാറ്റം അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59640 രൂപയാണ് നല്‍കേണ്ടത്. 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7455 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റം വന്നിട്ടില്ല. ഗ്രാമിന് 106 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് വില 2786 എന്ന നിരക്കിലെത്തി. വൈകാതെ 2800ലെത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 60000 കടന്ന് കുതിക്കും.
വില വന്‍തോതില്‍ കുതിക്കുന്ന സാഹചര്യത്തില്‍ ആഭരണ പ്രേമികള്‍ക്ക് മുമ്പിലുള്ള നേരിയ ആശ്വാസം നല്‍കുന്ന വഴി 18 കാരറ്റ് സ്വര്‍ണത്തിലേക്ക് തിരിയുക എന്നതാണ്. ഈ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് ജ്വല്ലറികളില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ ഗണത്തിലുള്ളത്. ഡെയ്‌ലി യൂസിന് പറ്റുന്നതാണിതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. വിലയിലും കുറവുണ്ട്.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 രൂപയിലെത്തി. എങ്കിലും 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 1300 രൂപയുടെ കുറവ് ഗ്രാമിന്മേലുണ്ട്. അതേസമയം, ഈ ആഭരണങ്ങള്‍ ജനപ്രിയമല്ലാതിരിക്കാനും കാരണമുണ്ട്. പണയം വയ്ക്കുന്നതിന് ചില തടസങ്ങള്‍ നേരിട്ടേക്കാം. പഴയ സ്വര്‍ണമായി വില്‍ക്കുന്ന വേളയില്‍ വേണ്ടത്ര മൂല്യം കിട്ടണമെന്നുമില്ല. എങ്കിലും ആഭരണം എന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കും.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം, അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്ക, അമേരിക്കയിലെ പലിശ നിരക്കില്‍ വന്ന കുറവ് എന്നിവയെല്ലാം സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാണ്. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോളര്‍ മൂല്യം ഉയരുന്നുണ്ട്. ഇത് സ്വര്‍ണവില കുറയാന്‍ സഹായിക്കുന്ന ഘടകമാണ്. ക്രൂഡ് വില വീണ്ടും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട് എന്ന മാറ്റവും ഇന്ന് വിപണിയിലുണ്ട്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 72.90 ഡോളര്‍ എന്ന നിരക്കിലെത്തി. ഡോളര്‍ സൂചിക 104ല്‍ എത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപ 84.08 എന്ന നിരക്കിലാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 65000 രൂപ വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടിയ ആഭരണമാണ് വാങ്ങുന്നതെങ്കില്‍ ഇനിയും വില കൂടും. ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ക്കും കുറഞ്ഞ അളവിലുള്ള ആഭരണങ്ങള്‍ക്കുമാണ് പണിക്കൂലി കൂടുക.












Click it and Unblock the Notifications