സ്വർണവില ഫസ്റ്റ് ഗിയറില്‍: ആഴ്ചയിലെ ആദ്യ ദിനം തന്നെ മുകളിലേക്ക്: ഇത് ഇവിടെയൊന്നും നില്‍ക്കില്ല
റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിയ ഫെബ്രുവരിയിലെ സ്വർണ വിലയില്‍ വലിയ ആശ്വാസം ഉണ്ടായ ദിവസമായിരുന്നു ശനിയാഴ്ച. പവന് 800 രൂപയോളമാണ് അന്ന് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ആഴ്ചക്കിടയിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. അപ്രതീക്ഷിതമായി ഉണ്ടായ വിലക്കുറവിന്റെ ആനുകൂല്യം ശനിയാഴ്ചയും മാർക്കറ്റ് അവധി ദിവസമായ ഞായറാഴ്ചയും സ്വർണാഭരണ പ്രേമികള്‍ക്ക് ലഭിച്ചു. എന്നാല്‍ തിങ്കളാഴ്ച വീണ്ടും മാർക്കറ്റ് തുറന്നിരിക്കുന്നത് സ്വർണ വിലയിലെ കുതിപ്പുമായിട്ടാണ്.
പുതിയ റെക്കോർഡ് ഭേദിച്ചില്ലെങ്കിലും ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില വീണ്ടും 65000 ത്തിന് മുകളിലേക്ക് എത്തി. തിങ്കളാഴ്ച ഒരു പവന്‍ സ്വർണത്തിന് 4000 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്നിരുന്ന 63120 രൂപ എന്ന നിരക്കില്‍ നിന്നും വില 63520 ലേക്ക് കയറി. ഗ്രാം വില 50 രൂപയുടെ വർധനവോടെ 7890 ല്‍ നിന്നും 7940 ലേക്കുമെത്തി.

24 കാരറ്റ് സ്വർണത്തിലേക്ക് വരികയാണ് പവന് 55 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന്‍ വില 69296 ഉം ഗ്രാം വില 8662 രൂപയുമാണ്. ഗ്രാമിന് ഇന്ന് 55 രൂപയാണ് കൂടിയത്. പരിശുദ്ധി കുറഞ്ഞ 18 കാരറ്റിന് പവന് 328 രൂപ വർധിച്ച് കഴിഞ്ഞ ദിവസത്തെ നിരക്കായ 51648 ല്‍ നിന്നും 51976 ലേക്ക് ഉയർന്നു. ഗ്രാമിന് 41 രൂപയുടെ വർധനവോടെ 6497 -മായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 6456.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്പോട്ട് ഗോള്‍ഡ് തിരികെ കയറാന്‍ തുടങ്ങി. നിലവില്‍ ഔണ്‍സിന് 2904 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വർണ വില വീണ്ടും ഉയരുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച എതിര്‍ ചുങ്കം സംബന്ധിച്ച നടപടികള്‍ വിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര രംഗത്ത് വ്യാപര യുദ്ധ ഭീഷണി കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ സ്വർണ വില വീണ്ടും ഉയർന്നേക്കും. സാമ്പത്തിക മേഖല പ്രതിസന്ധിയിലാകുമ്പോള്‍ നിക്ഷേപകർ കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് കടക്കുന്നത് സ്വാഭാവികമാണ്.
ഫെബ്രുവരിയിലെ വില
പവന് 61920 രൂപ എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയില്‍ സ്വർണ വിപണി ആരംഭിച്ചത്. നാലാം തിയതി 62000 വും അഞ്ചാം തിയതി 63000 വും എന്ന പുതിയ റെക്കോർഡുകള്‍ സ്വർണം ഭേദിച്ചു. ഫെബ്രുവരി 11 നാണ് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി 64000 ത്തിന് മുകളിലേക്കും വിലയെത്തി. എന്നാല്‍ അന്ന് തന്നെ 560 രൂപയുടെ ഇടിവോടെ വില 63520 ലേക്ക് താഴുന്നതിനും സ്വർണ്ണ വിപണി സാക്ഷ്യം വഹിച്ചു. പിന്നീട് ശനിയാഴ്ചയാണ് 800 രൂപയുടെ വലിയ ഇടിവുണ്ടാകുന്നത്. അപ്പോഴും 63000 ന് താഴേക്ക് വില പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications