സ്വര്‍ണത്തിന് പകരം മറ്റെന്തെങ്കിലും കണ്ടെത്തേണ്ടി വരും; സ്വര്‍ണവില ഇന്നും കൂടി, 80000 തൊടുന്നു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഈ ആഴ്ച ഒരു ദിവസം മാത്രമാണ് നാമ മാത്രമായ കുറവ് വന്നത്. ബാക്കി ദിവസങ്ങളിലെല്ലാം സ്വര്‍ണവില അടിച്ചുകയറുകയായിരുന്നു. ഇന്ന് 640 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇന്നലെ 560 രൂപ വര്‍ധിച്ച പിന്നാലെയാണിത്. വലിയ കുതിപ്പ് നടത്തിയതോടെ സ്വര്‍ണാഭരണം വില്‍ക്കുന്നവരും വാങ്ങുന്നവരും ആശങ്കയിലാണ്.
സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഉയര്‍ന്ന വില കാരണം അതിന് സാധിക്കില്ല. ജ്വല്ലറി വ്യാപാരികള്‍ക്ക് കച്ചവടം കുറയുകയും ചെയ്തു. എന്നാല്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുമുണ്ട്. ആഭരണം വാങ്ങുന്നത് നഷ്ടക്കച്ചവടാണ് എന്ന് മനസിലാക്കി ഉപഭോക്താക്കള്‍ കോയിന്‍, കട്ടി, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയിലേക്ക് തിരിഞ്ഞിരിക്കുന്നു.

22 കാരറ്റ് സ്വര്‍ണം ഒരു പവന് 79560 രൂപയാണ് ഇന്നത്തെ വില. 80000 രൂപയിലെത്താന്‍ വെറും 440 രൂപയുടെ കുറവാണുള്ളത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9945 രൂപയിലെത്തി. അതായത്, 55 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു ഗ്രാമിന് 10000 രൂപ എന്ന നിരക്കിലെത്തും. ഗ്രാമിന് 10000 രൂപയും പവന് 80000 രൂപയുമെത്തിയാല്‍ ആഭരണ വിപണി ഇപ്പോഴുള്ളതിനേക്കാള്‍ ക്ഷീണിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ ആശങ്ക.
ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി കുറയ്ക്കണം എന്ന് ആഭരണ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ മൂന്ന് ശതമാനമാണ് ജിഎസ്ടി. അടുത്തിടെ മിക്ക വസ്തുക്കളുടെയും ജിഎസ്ടിയില്‍ മാറ്റം വരുത്തിയപ്പോഴും സ്വര്‍ണത്തിന്റെ ജിഎസ്ടി പഴയ പോലെ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ജിഎസ്ടി ഒരു ശതമാനമാക്കിയാല്‍ വില്‍പ്പന രംഗം സജീവമാകുകയും തൊഴില്‍ നഷ്ടം ഇല്ലാതാക്കാമെന്നും ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു.
ആഭരണത്തിന് 86000 രൂപ
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയതാണ് ഇന്ന് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഒരു ഔണ്‍സ് സ്വര്‍ണത്തിന് വില 3586 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തുന്നത് ആദ്യമാണ്. ഇനിയും ഉയര്‍ന്ന് 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന് വില 90000 രൂപയിലെത്തും.
ഡോളര്‍ സൂചിക ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള മറ്റൊരു കാരണം. 97.74 എന്ന നിരക്കിലേക്ക് സൂചിക എത്തി. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.17 ആയി കുറഞ്ഞു. രൂപ കരുത്ത് കൂട്ടിയാലും സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഡോളറും രൂപയും ഇടിയുന്ന പ്രത്യേക സാഹചര്യമാണുള്ളത്. ഇതിന് ഇടയാക്കിയത് ട്രംപിന്റെ വ്യാപാര ചുങ്കപ്പോരാണ്.
ഇന്ന് 18 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6355 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4100 രൂപയുമായി. വെള്ളിയുടെ ഗ്രാം വില 133 എന്ന നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 86000 രൂപ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ പണിക്കൂലി വര്‍ധിക്കുകയും ഇതിനേക്കാള്‍ ഉയര്‍ന്ന വിലയിലേക്ക് എത്തുകയും ചെയ്യും.












Click it and Unblock the Notifications