സ്വർണവില ഇന്ന് ഉയർന്നു, പക്ഷെ 'കുതിപ്പ്' അടങ്ങി?;നിരക്ക് അറിയാം,ആഭരണപ്രേമികൾക്ക് ആശ്വാസം
കനത്ത ഇടിവിന് ശേഷം സ്വർണവില തിരച്ചുകയറുന്നു. ഇന്നും സംസ്ഥാനത്ത് വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച 20 രൂപയാണ് ഗ്രാമിന് വർധിച്ചതെങ്കിൽ ഇന്ന് ഗ്രാമിന് 35 രൂപയാണ് ഉയർന്നത്. അതായത് രണ്ട് ദിവസത്തിനിടെ 55 രൂപയുടെ വർധനവ്.
അന്താരാഷ്ട്ര വിപണിയിൽ ക്രുഡ് വില ഇടിഞ്ഞതും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ധൃതിപിടിച്ച് ഉയർത്തില്ലെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 12 ഡോളർ ഉയർന്ന് 4173 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

വില ഉയർന്നെങ്കിലും കേരളത്തിൽ ഇപ്പോഴും പവൻ വില 1.10 ലക്ഷത്തിന് താഴെ തന്നെയാണ് തുടരുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാമിന് 13570 രൂപയാണ്. പവന് 1,08,560 രൂപയും. അതായത് ശനിയാഴ്ചത്തെ വിലയെ അപേക്ഷിച്ച് 280 രൂപ മാത്രമാണ് ഉയർന്നത്. ശനിയാഴ്ച 1,08,280 രൂപയായിരുന്നു പവന്. ഇന്ന് 18 ഗ്രാം സ്വർണത്തിന് 11105 രൂപയാണ് വില. പവന് 88,840 രൂപയും നൽകണം.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ കടുക്കുകയാണ്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പോട് കൂടി ഇറാന് മേൽ യുഎസ് ആക്രമണം കൂടുതൽ കടുത്തേക്കുമെന്നാണ് വിലയിരുത്തുന്നത്. സംഘർഷം കടുത്താൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം പ്രതിസന്ധിയിലാകും. വീണ്ടും എണ്ണവില ഉയരാൻ ഇത് കാരണമാകും. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ദിവലം എണ്ണ വില ബാരലിന് 110 ഡോളർ കടന്നിരുന്നു. അതേസമയം ഇപ്പോൾ നേരിയ ഇടിവിലാണ് വില. റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള യുഎസിൻ്റെ തീരുമാനം 109 ഡോളറിന് മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 1.40% താഴ്ന്ന് 108.3 ഡോളറായി.ഇതോടെയാണ് സ്വർണ വില ഇന്ന് ഉയർന്നത്.
പ്രതിസന്ധികളൊന്നും അകന്നിട്ടില്ലെന്ന് ആവർത്തിക്കുകയാണ് സാമ്പത്തിക വിദഗ്ധർ. ചൈനയുടെ ജിഡിപി കണക്ക്, യുഎസിന്റെ തൊഴിൽക്കണക്ക് എന്നിവയെല്ലാം ഈ ആഴ്ച പുറത്തുവരും. ആശ്വാസ കണക്കുകൾ അല്ലെങ്കിൽ അത് സ്വർണത്തിന് തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയർന്ന നിലയിലാണെന്ന് യുഎസ് ഫെഡ് റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഒക്ടോബറിൽ ധൃതിപിടിച്ച് പലിശ നിരക്ക് ഉയർത്തിയേക്കാൻ സാധ്യതയില്ല. എന്നാൽ ഡിസംബറിലെ നിരക്ക് വർധനയ്ക്കുള്ള സാധ്യത അയഞ്ഞിട്ടുമില്ല. നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തെ കൈവിടുകയും സർക്കാർ ബോണ്ടുകളിലേക്ക് തിരിയുകയും ചെയ്യും.
വില എത്രയാകും?
രാജ്യാന്തര വിപണിയിൽ സ്വർണം ഇടിയുന്നത് കേരളത്തിലും വിലയെ താഴേക്ക് നയിക്കും. പലിശ നിരക്ക് വീണ്ടും ഉയർത്തിയാൽ അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് വിലിടിയുമെന്നാണ് വിലയിരുത്തൽ .അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില 1.05 ലക്ഷത്തിന് താഴെയെത്തും. 3500 ഡോളർ വരെയുളള വിലയിടിവ് പവൻ വിലയെ ഒരു ലക്ഷത്തിന് താഴേക്ക് നയിക്കും.
അതേസമയം സ്വർണവില അടുത്ത വർഷത്തോടെ കുതിക്കുമെന്ന് തന്നെയാണ് ആഗോള സാമ്പത്തിക വിദഗ്ധർ പറയുന്നത്. 2027 പകുതിയോടെ വില 5000 ഡോളറിന് മുകളിലേക്ക് പോകും എന്ന് ഗോൾഡ്മാൻ സാക്സ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. അങ്ങനെ വന്നാൽ കേരളത്തിൽ പവൻ വില 1.20 ലക്ഷത്തിന് മുകളിലേക്ക് പോയേക്കും. പവന് 1.31 ലക്ഷമാണ് കേരളത്തിലെ സർവ്വകാല റെക്കോഡ്.


Click it and Unblock the Notifications
