പിടി തരാതെ സ്വര്‍ണ വില; ചാഞ്ചാടി മഞ്ഞലോഹം, ചരിത്ര വില മാറ്റം, ഇന്ന് പവന്‍ നിരക്ക് ഉയര്‍ന്നു
കൊച്ചി: സാധാരണ ദിവസത്തില്‍ ഒരു നേരമാണ് സ്വര്‍ണവില മാറിയിരുന്നത്. രാവിലെ ഇത് സംബന്ധിച്ച് വ്യാപാരികള്‍ പ്രഖ്യാപിക്കും. അപൂര്‍വമായി ദിവസത്തില്‍ രണ്ട് തവണ വിലയില്‍ മാറ്റം വരും. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റത്തിന് അനുസരിച്ചാണ് രണ്ട് തവണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുക. എന്നാല്‍ ഇന്നലെ അത്യപൂര്‍വമായ വില മാറ്റമുണ്ടായി. മൂന്ന് തവണ സ്വര്‍ണ വിലയില്‍ മാറ്റം വന്നു.
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 94360 രൂപയായിരുന്നു. ഉച്ചയോടെ ഇത് 93160 രൂപയായി കുറഞ്ഞു. എന്നാല്‍ രണ്ട് മണിക്കൂറിനകം വിലയില്‍ വീണ്ടും മാറ്റം വന്നു. 94120 രൂപയായി ഉയരുകയായിരുന്നു. ഇനിയും വില ഉയരുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍. അതിന് ബലമേകുന്ന വിധം ഇന്ന് രാവിലെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.

ഓരോ മലയാളിയും ഉറ്റുനോക്കുന്ന കാര്യമായിട്ടും സ്വര്‍ണവില നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ സംവിധാനമില്ല എന്നതും എടുത്തു പറയേണ്ടതാണ്. വ്യാപാരികളുടെ കൂട്ടായ്മയാണ് വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.
ഇതുപ്രകാരം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11815 രൂപയാണ് പുതിയ നിരക്ക്. പവന്‍ സ്വര്‍ണത്തിന് 94520 രൂപയും നല്‍കണം. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9720 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7560 രൂപയും 9 കാരറ്റ് ഗ്രാമിന് 4880 രൂപയുമാണ് ഇന്നത്തെ വില. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് ഗ്രാമിന് 196 രൂപയായി ഉയര്‍ന്നു.
22 കാരറ്റ് സ്വര്‍ണം ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് 103000ത്തിന് മുകളില്‍ പണം ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം വരെ കുറച്ചുള്ള സംഖ്യ കൈയ്യില്‍ കിട്ടിയേക്കും. പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുന്നത് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ്. മറ്റു സ്വര്‍ണം പോലെ അല്ല, തങ്കത്തിന്റെ വില ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും.
സ്വര്‍ണവില ഉയരാനുള്ള രണ്ട് കാരണങ്ങള്‍
എന്താണ് സ്വര്‍ണവില ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം എന്ന് അറിയാമോ? രണ്ട് കാരണങ്ങളാണ് ഏറ്റവും പുതിയതായി പറയപ്പെടുന്നത്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്നതാണ് ഒരു കാരണം. പലിശ കുറയ്ക്കുമ്പോള്‍ നിക്ഷേപ വരുമാനം കുറയും. ഇതില്‍ ആശങ്കയിലാകുന്ന നിക്ഷേപകര്‍ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.
അമേരിക്കയും ചൈനയും തമ്മില്‍ വീണ്ടും വ്യാപാര പോര് ശക്തമായതാണ് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. സമാനമായ നീക്കം ചൈനയും സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം നഷ്ടമാകും. വ്യവസായികള്‍ക്ക് ലാഭം കുത്തനെ ഇടിയുകയും ചെയ്യും.












Click it and Unblock the Notifications