വച്ചടി കയറി സ്വര്‍ണം; ഈ കുതിപ്പ് ആരും പ്രതീക്ഷിച്ചില്ല, ഒരാഴ്ച്ചയ്ക്കിടെ 2000 രൂപ!! ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കയറുകയാണ്. ആഗോള വിപണിയിലെ മാറ്റത്തിന് ആനുപാതികമായി കേരളത്തിലും വില ഉയരുന്നു. ഒരാഴ്ച്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം 4000 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഈ മാസത്തെ മാറ്റം. ഇന്ന് ആഗോള വിപണിയില്‍ നേരിയ കുറവ് സംഭവിച്ച ശേഷം വില കൂടി.
ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് രണ്ടാം തിയ്യതിയായിരുന്നു. 50680 രൂപയായിരുന്നു അന്ന്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം കയറ്റം പ്രകടമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 900 രൂപയിലധികം കൂടി. ഇന്ന് 240 രൂപ വര്‍ധിച്ചു. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ വില കുറയാനുള്ള സാധ്യത കാണുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനം കേരളത്തിലും കണ്ടേക്കാം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയാണ്. ഗ്രാമിന് 6565യാണ് വേണ്ടത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണമുള്ളത്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 57000 രൂപ വരെ ചെലവ് വന്നേക്കും. ആഭരണം വാങ്ങുന്നവര്‍ പണിക്കൂലി പരമാവധി കുറയ്ക്കാന്‍ വില പേശുന്നത് ഗുണം ചെയ്യും. വില ഉയര്‍ന്നതോടെ വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
വില കൂടുമ്പോള്‍ സ്വര്‍ണവിപണി രണ്ട് തരത്തിലാണ് പ്രതികരിക്കുക. വില കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങാതിരിക്കുന്നതാണ് ഒരു രീതി. വില കുറയുമ്പോള്‍ വാങ്ങാമെന്ന് ഇത്തരം ഉപഭോക്താക്കള്‍ കരുതുന്നു. സ്വര്‍ണത്തിന് അത്യാവശ്യമില്ലാത്തവരാണവര്‍. അതേസമയം, ഇനിയും വില കൂടുമോ എന്ന ആശങ്കയില്‍ സ്വര്‍ണം വാങ്ങുന്നവരാണ് മറ്റുചില ഉപഭോക്താക്കള്‍. വിവാഹം പോലുള്ള ആവശ്യക്കാര്‍ എത്ര വില കൂടിയാലും വാങ്ങും. പക്ഷേ, വാങ്ങുന്ന അളവില്‍ കുറവ് സംഭവിച്ചേക്കാം.
ആഗോള വിപണിയില്‍ ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. പിന്നീട് വില കയറാന്‍ തുടങ്ങി. ഔണ്‍സിന് 2321 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി. ഡോളര്‍ സൂചികയിലും ഏറ്റക്കുറച്ചില്‍ പ്രകടമാണ്. 104.35 എന്ന നിരക്കിലാണ് ഡോളര്‍. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ കടപത്രങ്ങളില്‍ നഷ്ടം നേരിടുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതാണ് മഞ്ഞലോഹതത്തിന് വില കൂട്ടുന്നത്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.25 എന്ന നിരക്കിലാണുള്ളത്. എണ്ണവില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 89.73 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. ഡബ്ല്യുടിഐ ക്രൂഡിന് 85.58 ഡോളര്‍, മര്‍ബണ്‍ ക്രൂഡിന് 89.77 ഡോളര്‍ എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവ് വന്നിട്ടുണ്ട്.












Click it and Unblock the Notifications