സ്വര്‍ണവില ഇന്നും അനങ്ങിയില്ല; സ്വര്‍ണം പതുങ്ങുന്നത് കുതിക്കാനോ? വിപണിയില്‍ പുതിയ ടീം
കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാണ് എങ്കിലും കാര്യമായ മാറ്റമില്ല. വെള്ളിയാഴ്ചയ്ക്ക് ശേഷം വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം, വിപണിയില്‍ പുതിയ ചില സഖ്യ നീക്കങ്ങള്‍ പ്രകടമാകുന്നുണ്ട്. പുതിയ സഖ്യം രൂപപ്പെടുമ്പോള്‍ അതിനെ മറികടക്കാനുള്ള ശ്രമം അമേരിക്കയും നടത്തുന്നു.
ഡോളര്‍ കൂടുതല്‍ ദുര്‍ബലമാകുന്നതാണ് കാണുന്നത്. ഇത് മറ്റു കറന്‍സികളുടെ ബലം ശക്തിപ്പെടുത്തും. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു വരുന്നു എന്നതും ഇന്ത്യയ്ക്ക് നേട്ടമാണ്. ബിറ്റ് കോയിന്‍ വില കൂടുകയാണ്. അതേസമയം, ഇപ്പോഴത്തെ വിപണി സാഹചര്യം കൂടുതല്‍ ദിവസങ്ങള്‍ നിലനില്‍ക്കില്ല എന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74360 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9295 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3820 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5940 രൂപ, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7630 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 123 രൂപയാണ്. നാളെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഹരി വിപണികള്‍ അവധിയായിരിക്കും. ഇന്ന് ഓഹരി വിപണിയില്‍ ഉണര്‍വുണ്ട്.
വിപണിയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
അമേരിക്കയും റഷ്യയും നാളെ അലാസ്‌കയില്‍ വച്ച് യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരായ പ്രതികാര നടപടിയില്‍ നിന്ന് അമേരിക്ക പിന്മാറും. അല്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കും. ഇനിയും ചുങ്കം ഉയര്‍ന്നാല്‍ ഇന്ത്യയുടെ കയറ്റുമതി തീര്‍ത്തും പ്രതിസന്ധിയിലാകും.
റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയ അമേരിക്ക, റഷ്യയുമായി ചേര്‍ന്ന് പോകുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി എടുക്കുകയാണ്. റഷ്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞ ദിവസം യൂറോപ്പും അമേരിക്കയും വിഷയം ചര്‍ച്ച ചെയ്ത് റഷ്യയ്‌ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ധാരണയായിട്ടാണ് പിരിഞ്ഞത്.
ഈ വേളയില്‍ തന്നെയാണ് അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന രാജ്യങ്ങള്‍ മറ്റൊരു സഖ്യരൂപം പ്രാപിക്കുന്നത്. ഏറെ കാലമായി ഉടക്കി നില്‍ക്കുകയായിരുന്ന ഇന്ത്യയും ചൈനയും അടുക്കുകയാണ്. ചൈനീസ് വിദേശകാര്യ മന്ത്രി അടുത്താഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക് പോകും. ഈ സഖ്യം അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ കൂടെ നിര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍ ചുങ്കം കുറഞ്ഞേക്കും.
അമേരിക്കയുടെ കേന്ദ്ര ബാങ്ക് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്വര്‍ണവില കൂട്ടുന്ന നടപടിയാണ്. ഡോളര്‍ മൂല്യം കുറഞ്ഞു വരുന്നതും സ്വര്‍ണവില വര്‍ധിപ്പിക്കും. അമേരിക്കയിലും ഇന്ത്യയിലും പണപ്പെരുപ്പ നിരക്ക് കുറയുകയാണ്. തൊഴില്‍ വിപണി ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടെയാണ് പലിശ നിരക്ക് കുറയ്ക്കുമെന്ന വിവരം വന്നിരിക്കുന്നത്.












Click it and Unblock the Notifications