സ്വർണവില ഇന്ന് വീണിടത്ത് തന്നെ; ഇനിയും കുത്തനെ താഴേക്കോ? 92000 ത്തിൽ പ്രതീക്ഷ വെച്ച് ആഭരണപ്രേമികൾ
ശനിയാഴ്ച കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 800 രൂപയാണ് കുറഞ്ഞത്. യുഎസിലെ പലിശപ്പേടി അന്താരാഷ്ട്ര വിപണിയിൽ വിലയെ താഴേക്ക് നയിച്ചതാണ് കേരളത്തിലും വില കുറയാൻ കാരണമായത്.
ഇന്നും ശനിയാഴ്ചത്തെ അതേ നിരക്കിലാണ് കേരളത്തിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 13675 രൂപയാണ്. പവൻ വില 1,09,400 രൂപയും. 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേർത്ത് ഒരു പവൻ കൈയ്യിൽ കിട്ടാൻ കുറഞ്ഞത് 1.18 ലക്ഷമെങ്കിലും നൽകണം. എന്നാൽ ഇന്ന് 18 കാരറ്റ് സ്വർണം ഒരു ലക്ഷത്തിന് ഉള്ളിൽ ലഭിക്കും. 18 കാരറ്റിന് ഗ്രാമിന് 11,235 രൂപയും പവന് 89,880 രൂപയുമാണ് ഇന്നത്തെ വില.
സ്വർണം ഇനി കൂടുമോ അതോ കുറയുമോ?
കഴിഞ്ഞ ദിവസമാണ് നിക്ഷേപകർ ഏറെ ഉറ്റുനോക്കിയ യുഎസിലെ തൊഴിൽ കണക്കുകൾ പുറത്തുവന്നത്. പ്രതീക്ഷിച്ചതിനേക്കാൾ തൊഴിലുകൾ കുറയുകയും തൊഴിലില്ലായ്മ നിരക്ക് കൂടുകയും ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കിയത്. ഇതോടെ ഈ മാസം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത കുറഞ്ഞു. എന്നാൽ പലിശപ്പേടി പൂർണമായും അകന്നിട്ടില്ലെന്നതാണ് സ്വർണ കുതിപ്പിന് തടയിടുനന്ത്.

ഈ മാസം പലിശ കൂട്ടിയില്ലെങ്കിലും ഡിസംബറിൽ വീണ്ടും പലിശ നിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. പലിശ നിരക്ക് കൂട്ടുന്നത് ഡോളറിൻ്റേയും സർക്കാർ കടപത്രങ്ങളുടേയും മൂല്യം കുത്തനെ ഉയർത്തും. ഇപ്പോൾ തന്നെ യുഎസ് ട്രഷറി ബോണ്ട് മൂല്യം നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഡോളറും കടപ്പത്ര മൂല്യവും ഉയരുമ്പോൾ സ്വാഭാവികമായി നിക്ഷേപകർ അതിലേക്ക് തിരിയും, സ്വർണത്തെ കൈവിടും. ഇത് സ്വർണവില കുറയാൻ കാരണമാകും.
എത്രമാത്രം കുറയും?
രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും പവൻ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തും. നിലവിൽ ആഗോള വിപണിയിൽ 4200 ഡോളർ പരിസരത്താണ് സ്വർണം വ്യാപാരം നടത്തുന്നത്. അടുത്ത പ്രതിരോധഘട്ടമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് 4100 ഡോളറാണ്. 4100 ന് താഴേക്ക് വില എത്തിയാൽ അവിടെ നിന്ന് 4000ത്തിലേക്കും 3900 ത്തിലേക്കും പോകാനുളള സാധ്യത പ്രവചിക്കുന്നുണ്ട്. വീണ്ടും ഇടിയാനുളള സാധ്യതയും സാമ്പത്തിക വിദഗ്ധർ തള്ളിക്കളയുന്നില്ല. ഒരു പക്ഷെ 3500 ഡോളറിന് താഴെ വരെ വില എത്താം എന്നുള്ള പ്രവചനങ്ങളും ഉണ്ട്. അത്രയും വലിയൊരു ഇടിവ് സംഭവിച്ചാൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകും. അതായത് 92,000 രൂപയിലേക്ക് വരെ വില എത്താമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം4200 ഡോളറിന് മുകളിലേക്ക് വില ഉയർന്നാൽ സ്വർണം വീണ്ടും ഉയരാനുള്ള സാധ്യത വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ രാജ്യാന്തര വിപണിയിൽ 4500 ഡോളർ വരെ വില ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും ഇത് വില ഉയരാൻ കാരണമാകും. പവൻ വില 1.20 ലക്ഷത്തിലേക്ക് ഉയർന്നേക്കും.
പ്രവചനം തിരുത്തി ഗോൾഡ്മാൻ സാക്സ്
വലിയ തിരുത്തലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും സ്വർണവില വൈകാതെ തന്നെ കുതിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണ വില 4900 ഡോളറാകുമെന്നാണ് അവരുടെ പ്രവചനം. 2026 അവസാനത്തോടെ ഔണ്സ് വില 5400 ഡോളർ കടക്കുമെന്നായിരുന്നു ഈ വർഷം ജനുവരിയിൽ ഗോൾഡ്മാൻ പ്രവചിച്ചത്.


Click it and Unblock the Notifications
