സ്വര്‍ണം തിരിച്ചുകയറുന്നു; ക്രൂഡ് ഓയില്‍ വില താഴ്ന്നു, മാറാതെ വെള്ളി, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ആഗോള വിപണിയിലും വില കയറി. പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന കഴിഞ്ഞ ദിവസത്തെ വാര്‍ത്തയാണ് ഇതിന് കാരണം. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചിത്രം മാറി. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തി എന്ന വിവരം വന്നതോടെ എണ്ണ വിപണിയില്‍ മാറ്റം സംഭവിച്ചേക്കാം. ഇത് ഡോളറിനെയും സ്വര്‍ണത്തെയും ഓഹരി വിപണിയെയും ബാധിക്കും.
പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന സൂചന വരികയും ക്രൂഡ് ഓയില്‍ വില താഴുകയും ചെയ്യുന്ന വേളയില്‍ അമേരിക്ക ഭീഷണി മുഴക്കുകയോ ഇറാനില്‍ ആക്രമണം നടത്തുകയോ ചെയ്യുന്നത് പതിവായിട്ടുണ്ട്. ഈ വേളയില്‍ എണ്ണവില കുതിക്കും. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് എന്ന വിലയിരുത്തുന്നത് ഇതുകൊണ്ടാണ്. ഇനി സ്വര്‍ണവിലയിലെ മാറ്റം അറിയാം...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് 200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 25 രൂപയും. ഇന്നലെ പവന് 360 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 102400 രൂപയാണ്. ഗ്രാമിന് 12800 രൂപയും. ആഗോള വിപണിയില്‍ 4000 ഡോളറിലേക്ക് വീണ്ടും അടുക്കുകയാണ് സ്വര്‍ണം. നേരത്തെ 3800ലേക്ക് വീണിരുന്നു. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 200 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ ഇങ്ങനെ
കഴിഞ്ഞ ദിവസം ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായി എന്നും യുദ്ധം അവസാനിച്ചേക്കുമെന്നുമുള്ള വിവരങ്ങള്‍ വന്നാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണം. ഇതിന് പിന്നാലെ ഡോളര്‍ സൂചികയിലും ഇടിവ് വന്നതോടെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ക്രൂഡ് വില താഴ്ന്നാല്‍ പണപ്പെരുപ്പം കുറയുകയും പലിശ നിരക്ക് ഉയരാതിരിക്കുകയും ചെയ്യും.
എന്നാല്‍ ഇന്ന് രാവിലെ പൊടുന്നനെ ചില മാറ്റങ്ങള്‍ സംഭവിച്ചു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തി എന്നാണ് വിവരം. ഇത് എണ്ണ വിപണിയില്‍ എങ്ങനെ സ്വാധിനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വില മാറ്റം. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഡോളര്‍ സൂചിക ഉയരാന്‍ തുടങ്ങും. ഇതോടെ സ്വര്‍ണം വിട്ട് ഡോളറിലേക്കും ബാങ്ക് നിക്ഷേപത്തിലേക്കും കൂടുതല്‍ പേരൊഴുകും. ആവശ്യക്കാര്‍ കുറയുന്നതോടെ സ്വര്‍ണവില കുറയുകയും ചെയ്യും. ഈ മാറ്റം വരും മണിക്കൂറില്‍ സംഭവിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ക്രൂഡ് വില കുറയുന്ന വേളയില്‍ സംഘര്‍ഷ സാധ്യത വര്‍ധിക്കുകയും വില കൂടുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രവണത കാണുന്നതാണ് എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കാന്‍ കാരണം.


Click it and Unblock the Notifications
