സ്വർണ വില അടുത്തെങ്ങും കുതിക്കില്ല; ഇടിഞ്ഞാൽ പവൻ വില 94000 രൂപയിലേക്ക്?
രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വലിയ ഇടിവാണ് സമീപകാലത്ത് രേഖപ്പെടുത്തിയത്. യുഎസ് -ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എണ്ണ വില ഉയർന്നതും ഡോളർ കരുത്തുകാട്ടിയതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായതോടെ വില നേരിയ തോതിൽ ഉയർന്നിരുണ്ടെങ്കിലും സ്വർണം ഉടനൊന്നുംവീണ്ടും റെക്കോഡ് കുതിപ്പിലേക്ക് പോകില്ലെന്നാണ് സാമ്പത്തിക സ്ഥാപനായ 'മെറ്റൽ ഫോക്കസിലെ' വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇറാൻ-യുഎസ് സംഘർഷം എണ്ണ വില വീണ്ടും മുകളിലേക്ക് നയിക്കുകയാണ്. ഇത് പണപ്പെരുപ്പ ആശങ്ക രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് ഫെഡ് തങ്ങളുടെ സാമ്പത്തിക നയങ്ങൾ കടുപ്പിച്ചേക്കും. പലിശ നിരക്ക് ഉയർന്ന നിരക്കിൽ നിലനിർത്താൻ ബാങ്ക് നിർബന്ധിതരായേക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പലിശ നിരക്ക് കൂട്ടിയാൽ സ്വാഭാവികമായും സ്വർണ വില ഇടിയും. എന്നാൽ കേന്ദ്രബാങ്കുകളടക്കം വീഴ്ച മുതലെടുത്ത് സ്വർണം വാങ്ങുന്നത് വില വീണ്ടും നേരിയ തോതിൽ ഉയരാൻ കാരണമായേക്കും. അതേസമയം എഐ മേഖലയിലുള്ള അമിത നിക്ഷേപവും പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഈ വർഷം ഒരു തവണയെങ്കിലും യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഈ വർഷം തുടക്കത്തിൽ 5602 ഡോളർ വരെ ഉയർന്ന് റെക്കോഡിട്ട സ്വർണം നിലവിൽ ഔണ്‍സിന് 4100 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലയിൽ നിന്ന് നേരിയ തോതിൽ ഉയർന്നോ അല്ലെങ്കിൽ താഴ്ന്ന നിലയിലോ ആയിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ സ്വർണം വ്യാപാരം നടത്തുക. ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കും എന്ന സൂചന ലഭിക്കുന്നത് വരെ സ്വർണത്തിന് ആശ്വസിക്കാൻ വക ലഭിക്കില്ലെന്നും ഇവർ വിശദീകരിക്കുന്നു.
പലിശ നിരക്ക് കൂട്ടും എന്ന ആശങ്ക മാത്രമല്ല സ്വർണത്തിൻ്റെ പെരുമ കുറക്കുന്നത്. പൊതുവെ ജൂണ്‍-ജുലൈ മാസങ്ങളിൽ ഭൌതിക സ്വർണത്തിന് കുറഞ്ഞ ഡിമാൻ്റാണ് വിപണിയിൽ രേഖപ്പെടുത്താറുള്ളത്. അതുകൂടാതെ സ്വർണ വില ഇപ്പോഴും ഉയർന്ന് നിൽക്കുന്നതും ആഭരണ സ്വർണത്തിൻ്റെ ഡിമാൻ്റ് കുറക്കാൻ കാരണമാകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. ഈ മാസങ്ങളിൽ ഇവിടങ്ങളിൽ സ്വർണത്തിന് നേരിയ തോതിൽ ഡിമാൻ്റ് ഉയർന്നിട്ടുണ്ട്. വില ചെറിയ തോതിൽ ഇടിഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നിരുന്നാലും കാര്യമായ വാങ്ങലുകൾ നടന്നിട്ടില്ല. അതേസമയം ഓഗസ്റ്റ്-സപ്റ്റംബർ മാസത്തോടെ ഇരുരാജ്യങ്ങളിലും ഡിമാൻറ് ഉയർന്നേക്കുമെന്നും വിദഗ്ധർ പറയുന്നു.
ഈ സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദ അവസാനത്തോടെ ഫെഡ് റിസർവ്വിൻ്റെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ അകലും. ഇതോട് കൂടി അന്താരാഷ്ട്ര വിപണിയിൽ വീണ്ടും സ്വർണം കുതിച്ചുതുടങ്ങുമെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഇപ്പോഴത്തെ നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നും മെറ്റൽ ഫോക്കസ് വിലയിരുത്തുന്നു. പണപ്പെരുപ്പ ആശങ്കകൾ അത്ര വേഗത്തിൽ അടങ്ങിയേക്കില്ല. എന്നിരുന്നാലും പലിശ നിരക്ക് ഉയർത്തുന്നത് വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വിപണിയെ കൊണ്ടെത്തിച്ചേക്കും. അതുകൊണ്ട് തന്നെ പലിശ നിരക്ക് കൂട്ടാതെ തന്നെ പണപ്പെരുപ്പത്തെ നേരിടുന്നതിനായിരിക്കും ബാങ്ക് മുൻഗണന നൽകിയേക്കുകയെന്നും മെറ്റൽ ഫോക്കസ് വ്യക്തമാക്കി.
ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയാൽ അത് സ്വർണ വില കൂപ്പുകുത്താൻ കാരണമായേക്കും. രാജ്യാന്തര വില ഇപ്പോഴത്തെ നിലയിൽ നിന്ന് 3400 ഡോളർ വരെ താഴേക്ക് പോയാൽ കേരളത്തിൽ ഒരു പവൻ വില 94000 രൂപയിലേക്ക് ഇടിഞ്ഞേക്കും. അതയാത് ഇപ്പോഴത്തെ വിലയിൽ നിന്നും 15000 രൂപ വരെ ഇടിയുമെന്ന് സാരം.












Click it and Unblock the Notifications