സ്വർണ വില 2 ലക്ഷം പോയിട്ട്, 1.2 ലക്ഷം പോലും ആകില്ല: വൻ പ്രതീക്ഷ നൽകി പ്രവചനം
ന്യൂയോർക്ക്: 2026-ന്റെ അവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 6000 ഡോളറിന് മുകളിലേക്ക് പോയേക്കുമെന്നായിരുന്നു ഈ വർഷം ആദ്യം പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെപി മോർഗൻ പ്രവചിച്ചത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ തങ്ങളുടെ പ്രവചനങ്ങൾ തിരുത്തുകയാണ് ഇപ്പോൾ അവർ. ഈ വർഷം സ്വർണം പ്രതീക്ഷിച്ചത്ര വലിയ കുതിപ്പ് നടത്തില്ലെന്നാണ് ജെപി മോർഗന്റെ ഇപ്പോഴത്തെ നിരീക്ഷണം. സ്വർണ വില ഉയരാൻ കാരണമായ പ്രധാന മേഖലകളിൽ നിന്നും സ്വർണത്തിനായുള്ള ഡിമാൻഡ് കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ സ്വർണവില ഔൺസിന് 4,300 ഡോളർ വരെയും അവസാനത്തെ മൂന്ന് മാസങ്ങളിൽ 4,500 ഡോളർ വരെയും മാത്രമേ ഉയരാൻ സാധ്യതയുള്ളൂവെന്നാണ് ജെപി മോർഗൻ പ്രവചിക്കുന്നത്. അമേരിക്കയിൽ പലിശനിരക്ക് ഇനിയും കൂട്ടാൻ സാധ്യതയുള്ളതിനാൽ വില ഇതിലും താഴേക്ക് പോകാനും സാധ്യതയുണ്ടെന്നും സ്ഥാപനം പറയുന്നു. പലിശ നിരക്ക് കൂടുമ്പോൾ സ്വർണത്തെ ഉപേക്ഷിച്ച് ആളുകൾ സ്വർണം സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയും. ഇത് സ്വർണത്തിൻ്റെ പെരുമ നഷ്ടപ്പെടാൻ കാരണമാകും.

അതേസമയം നിലവിൽ നേരിയ ഉണർവോടെ ഔൺസിന് 4,175 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ സ്വർണം വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ആഴ്ചയിൽ മാത്രം വിലയിൽ 2 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്.
ഈ വർഷം വലിയ കുതിപ്പുണ്ടാകില്ലെന്ന് പറയുമ്പോഴും ദീർഘകാലത്തേക്ക് സ്വർണത്തിന് നല്ല കാലം തന്നെയാണെന്നാണ് ജെപി മോർഗൻ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനാൽ 2027-ഓടെ വില വീണ്ടും ഉയർന്നേക്കും. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഔൺസിന് 60 മുതൽ 65 ഡോളർ വരെയായി ഉയർന്നേക്കാം. ഖനനത്തിലുണ്ടായ കുറവ് കാരണം പ്ലാറ്റിനം വിലയും ഈ വർഷം അവസാനത്തോടെ 1,800 ഡോളറിലേക്കും അടുത്ത വർഷത്തോടെ 1,950 ഡോളറിലേക്കും എത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിൽ വില എന്താകും?
നിലവിൽ കേരളത്തിൽ ഒരു പവന് 1,07,600 രൂപയാണ് വില ജെപി മോർഗൻ പ്രവചിക്കുന്നത് പോലെ ജൂലൈ - സെപ്റ്റംബർ മാസങ്ങളിൽ അന്താരാഷ്ട്ര വില 4,300 ഡോളറിലേക്ക് ഉയർന്നാൽ കേരളത്തിൽ ഒരു പവൻ വില 1,10,800 രൂപയ്ക്ക് മുകളിലെത്തും. വർഷാവസാനത്തോടെ വില 4,500 ഡോളർ തൊടുകയാണെങ്കിൽ പവൻ വില 1,16,000 രൂപ വരെയാകാനും സാധ്യതയുണ്ട്.
എന്നാൽ അമേരിക്ക പലിശനിരക്ക് ഉയർത്തുകയോ, ഡോളറിനെതിരെ ഇന്ത്യൻ രൂപ ശക്തമാവുകയോ ചെയ്താൽ വിപണിയിൽ ഇടിവുണ്ടാകാം. അങ്ങനെ സംഭവിച്ചാൽ വില ഈ പ്രവചനത്തിലും താഴേക്ക് പോയേക്കാം. ചുരുക്കത്തിൽ, വരും മാസങ്ങളിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,11,000 നും ₹,16,000 നും ഇടയിൽ വില വരാനാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും പ്രത്യേകം നൽകേണ്ടി വരും.












Click it and Unblock the Notifications