സ്വർണം വാങ്ങാനുളളവർക്ക് ആശ്വസിക്കാം, വിലയിൽ ഇനി പെട്ടെന്ന് ഒരു വൻ കുതിപ്പ് ഉണ്ടാകില്ല, ജ്വല്ലറി ഉടമ പറയുന്നത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇന്ന് 200 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,240 രൂപയായി.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും അടക്കമുളള ചാര്‍ജുകള്‍ കൂടി ചേര്‍ന്ന് ഒരു പവന്‍ ആഭരണത്തിന് ഒന്നര ലക്ഷത്തോളം ചിലവാക്കേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏറ്റവും കുറഞ്ഞത് 5 ശതമാനം ആണ് പണിക്കൂലി. അത് കൂടാതെ സ്വര്‍ണത്തിനും പണിക്കൂലിക്കും നികുതിയും ഉണ്ട്. അവിടെയും നില്‍ക്കുന്നില്ല, 916 ആഭരണത്തിനുളള ഹാള്‍മാര്‍ക്ക് ചാര്‍ജ് കൂടിയുണ്ട്.
ഇതെല്ലാം കൂടിച്ചേരുന്നതോടെ സാധാരണക്കാരന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പോക്കറ്റ് കാലിയാക്കേണ്ടി വരും. ഇത് വിവാഹ സീസണ്‍ ആണെന്നിരിക്കേ ലക്ഷങ്ങള്‍ സ്വര്‍ണത്തിന് വേണ്ടി ചിലവാക്കാന്‍ ഇല്ലാത്തവര്‍ ഫാന്‍സ് ആഭരണങ്ങളില്‍ അടക്കം അഭയം തേടുകയാണ്.

സ്വര്‍ണം വാങ്ങാനായി ജ്വല്ലറികളിലേക്ക് ആളുകള്‍ എത്തുന്നത് വളരെ കുറഞ്ഞിരിക്കുകയാണെന്ന് സ്വര്‍ണ വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ് പറയുന്നു. ആളുകള്‍ കൂടുതലും എത്തുന്നത് പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങാനാണ്. എന്നാല്‍ ഈ പ്രവണതയെ ജ്വല്ലറികള്‍ അധികം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സീ ന്യൂസ് മലയാളത്തോട് അരുണ്‍ മാര്‍ക്കോസ് പറഞ്ഞു.
അരുണ്‍ മാര്‍ക്കോസിന്റെ വാക്കുകള്‍: '' സ്വര്‍ണവിലയിലെ ട്രെന്‍ഡ് ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ല. കാരണം രാവിലെ മുതല്‍ വില കുറയും എന്ന ഒരു സാധ്യത ആയിരുന്നു. പക്ഷെ ഇപ്പോള്‍ പ്രകടമായ ഒരു മാറ്റം കാണുന്നില്ല. ഇപ്പോഴും സ്വര്‍ണം വില്‍ക്കാനായി ശ്രമിക്കുമ്പോള്‍ അത് എടുക്കാനായി ഡിമാന്‍ഡ് കുറവാണ്.
എന്ത് കൊണ്ടാണ് പെട്ടെന്ന് ഒരു വര്‍ധനവ് എന്ന് അറിയില്ല. എന്തായാലും പെട്ടെന്ന് വലിയ ഒരു വര്‍ധനവ് ഉണ്ടാകാന്‍ പോകുന്നില്ല. നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത കാണുന്നത്. സ്വര്‍ണം വാങ്ങാന്‍ വരുന്നവര്‍ കൂടുതലും പഴയ സ്വര്‍ണം മാറ്റി വാങ്ങാനാണ് എത്തുന്നത്. എങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആളുകള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നത് വളരെ കുറവാണ്. അത് ഈ വിലയിലുളള വ്യത്യാസം ആളുകള്‍ക്ക് ഉണ്ടാക്കുന്ന ഒരു ആശയക്കുഴപ്പമൊക്കെ കാരണമാണ് ജ്വല്ലറികളിലേക്ക് ആളുകള്‍ വരുന്നതില്‍ പിന്നോട്ടടിക്കുന്നത്''.












Click it and Unblock the Notifications