സ്വര്‍ണവില പവന് 45000 രൂപയിലെത്തുമോ? കുറച്ചുദിവസം കാത്തിരിക്കൂ... പ്രതീക്ഷ കൈവിടാതെ വ്യാപാരികള്‍
കൊച്ചി: അടിക്കടി ഉയരുന്ന സ്വര്‍ണവില എന്നു താഴും, വലിയ തോതില്‍ വിലയിടിവ് സംഭവിക്കുമോ...? വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റാണ് സ്വര്‍ണ വ്യാപാരികളും കാത്തിരിക്കുന്നത്.
ഓരോ വര്‍ഷവും സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ് സംഭവിക്കുന്നത്. 2000ത്തിന് ശേഷം ഇരട്ടിയിലധികം വില വര്‍ധിച്ചു. ഇങ്ങനെ പോയാന്‍ പവന് 75000 രൂപയില്‍ എത്തുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഈ വേളയിലാണ് നേരിയ പ്രതീക്ഷ വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചാല്‍ വിലയില്‍ വലിയ മാറ്റം വരും. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ആഡംബര വസ്തു ആയതുകൊണ്ടുതന്നെ ഉയര്‍ന്ന നികുതിയാണ് ചുമത്തിയിരിക്കുന്നത്. നികുതി ഉയര്‍ത്തിയതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണം എന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു. നികുതി കുറയ്ക്കുക വഴി സ്വര്‍ണ വ്യാപാര മേഖല കൂടുതല്‍ സജീവമാകുമെന്നും ഇവര്‍ സൂചിപ്പിച്ചു.
നിലവില്‍ 18 ശതമാനം നികുതിയാണ് സ്വര്‍ണത്തിന് വരുന്നത്. 15 ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയും. ഇറക്കുമതി നികുതി അഞ്ച് ശതമാനത്തിലേക്ക് എത്തിക്കണം എന്ന് നിവേദനത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ നാസര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
നികുതി അഞ്ച് ശതമാനത്തിലേക്ക് കുറച്ചാല്‍ പവന് 45000 രൂപ എന്ന നിരക്കിലേക്ക് താഴും. മുമ്പും സമാനമായ ആവശ്യം തങ്ങള്‍ മുന്നോട്ടുവച്ചിരുന്നുവെന്ന് അബ്ദുല്‍ നാസര്‍ പറയുന്നു. നികുതി കുറച്ചാല്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുകയും സ്വര്‍ണ വ്യാപാര മേഖല ശക്തിപ്പെടുകയും ചെയ്യും. സ്വര്‍ണവുമായി ബന്ധപ്പെട്ട് പാന്‍കാര്‍ഡ് പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പാന്‍കാര്‍ഡ് പരിധി 50000ത്തിലേക്ക് താഴ്ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതത്രെ. ഇങ്ങനെ സംഭവിച്ചാല്‍ പണം ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. പൂര്‍ണമായും ഡിജിറ്റല്‍ രംഗത്തേക്ക് മാറേണ്ടി വരും. രാജ്യത്ത് പാന്‍കാര്‍ഡില്ലാത്ത കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. അവര്‍ എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ചോദ്യം ബാക്കിയാണെന്നും അബ്ദുല്‍ നാസര്‍ പറയുന്നു.
ഇന്ത്യയില്‍ സ്വര്‍ണവില ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങളും വ്യാപാരികള്‍ നടത്തിവരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വിലയാണ് സ്വര്‍ണത്തിന് ഈടാക്കുന്നത്. ഒരു സംസ്ഥാനത്ത് തന്നെ രണ്ട് വില ഈടാക്കുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് വില ഏകീകരിക്കാനുള്ള ശ്രമം. അടുത്തിടെ എറണാകുളത്ത് ചേര്‍ന്ന വ്യാപാരികളുടെ യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. മുംബൈയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.












Click it and Unblock the Notifications