സ്വർണവില താഴേക്ക് വീഴുമോ? ദീപാവലിക്ക് വിലയിൽ എന്ത് സംഭവിക്കും? വിദഗ്ധർ പറയുന്നു
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. രാജ്യാന്തര വില ഔൺസിന് 9 4182 ഡോളറിൽ എത്തിയതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായത്. കേരളത്തിൽ 22 കാരറ്റ് ഗ്രാമിന് 95 രൂപ ഉയർന്ന് 13,775 രൂപയാണ് ഇന്ന് വില. പവൻവില 1,10,200 രൂപയിലുമെത്തി. ഇനി സ്വർണവി എങ്ങോട്ട് എന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.
വിലയിടിവിൻ്റെ നാളുകളാണ് വരാനിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷം സാഹചര്യമാകെ മാറ്റി മറിച്ചിരിക്കുകയാണ്. യുദ്ധം അടുത്തെങ്ങും അവസാനിക്കില്ലെന്നാണ് യുഎസിൻ്റേയും ഇറാൻ്റേയും പരസ്പരമുള്ള ഭീഷണികൾ നൽകുന്ന സൂചന. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ആക്രമിച്ചാൽ വെറുതെയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാനും മറുപടി നൽകി.

സംഘർഷം കടുക്കുന്നത് ഹോർമുസ് കടലിടൂക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ കടന്ന് പോക്ക് വീണ്ടും തടസപ്പെടാൻ കാരണമാകും. സ്വാഭാവികമായും ഇത് എണ്ണ വിലയെ ഉയർത്തും. എണ്ണ വില ഉയർന്നാൽ പണപ്പെരുപ്പ ഭീഷണി ശക്തമാകും. ഡോളറിൻ്റെ മൂല്യം ഉയരുകയും ചെയ്യും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടുന്ന സാഹചര്യം ഉണ്ടായാൽ സ്വർണത്തിന് അത് വലിയ തിരിച്ചടിയാകും എന്നാണ് വിദഗ്ധർ പറയുന്നത്.
പലിശ നിരക്ക് കൂട്ടാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ സൂചന ഇന്ന് ലഭിക്കും. യുഎസിൻ്റെ സെപ്റ്റംബറിലെ തൊഴിൽക്കണക്കുകൾ ഇന്ന് വൈകീട്ടോടെ പുറത്തുവരും. തൊഴിലുകൾ ഉയർന്നുവെന്നാണെങ്കിൽ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്ക് ഉയർത്താമെന്നും യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചേക്കും. ഇത് സ്വർണത്തെ താഴേക്കടിക്കും.
3500 ഡോളറിലേക്ക് വീഴും?
സ്വർണവിലയിൽ വരാനിക്കുന്നത് വലിയ ഇടിവാണെന്നാണ് ബാങ്ക് ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം തീരും മുൻപ് തന്നെ സ്വർണം ഔണ്‍സിന് 3500 ഡോളറിന് താഴെ എത്തും എന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. സ്വർണം 4000 ഡോളറിന് താഴേക്ക് എത്തിയാൽ കേരളത്തിൽ വില 1 ലക്ഷത്തിന് താഴെയാകും. 3500 ഡോളറായാൽ 90,000ത്തിന് തൊട്ടടുത്ത് എത്തിയേക്കും.
സ്വർണത്തെ വിശ്വസിക്കല്ലേ
സ്വർണം എല്ലാ കാലത്തും സുരക്ഷിത നിക്ഷേപമാണ് . അതുകൊണ്ട് തന്നെ സ്വർണത്തെ ആളുകൾ കൈവിടില്ലെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ പറയുന്നത്. നേരത്തേ സപ്റ്റംബറിൽ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയത്തിയപ്പൾ സ്വർണവില കുറയുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല നിരക്ക് ഉയർത്തി രണ്ടാം ദിവസം സ്വർണം തിരിച്ചുകയറുകയും ചെയ്തു.
അതുകൊണ്ട് വൈകാതെ തന്നെ സ്വർണം തിരിച്ചുകയറുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ഇനി ഉത്സവ സീസണാണ്. ദീപാവലി,ധൻതേരാസ്, തുടങ്ങിയ ആഘോഷ നാളുകളിൽ സ്വർണത്തിന് ഡിമാൻ്റ് കൂടും. ഇത് സ്വാഭാവികമായും വില ഉയരാൻ കാരണമാകും. 10 ഗ്രാമിന് 1.50 ലക്ഷമോ 1.65 ലക്ഷമോ ആകാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications
