സ്വർണ വില അടുത്തകാലത്തെങ്ങാൻ 70,000ത്തിലേക്ക് എത്തുമോ?സമാധാന ചർച്ച വിജയിച്ചാൽ സ്വർണം എങ്ങോട്ട്? അറിയാം
ആഗോള സ്വർണവില അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4,750 ഡോളറിനും 4,765 ഡോളറിനും ഇടയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതായത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നേരിയ കുറവ്. എന്നാൽ കേരളത്തിൽ ഇന്ന് സ്വർണ വില കൂടി. ഗ്രാമിന് 75 രൂപ വർധിച്ച് വില 14,025 രൂപയായി. 600 രൂപ ഉയർന്ന് 1,12,200 രൂപയാണ് നിലവിൽ പവൻ വില. ഇനി സ്വർണ വിലയിൽ എന്ത് സംഭവിക്കും എന്നത് തന്നെയാണ് പ്രധാന ചോദ്യം. ഇറാനും-യുഎസ് ചർച്ചയുടെ അന്തിമ ഫലം എന്താകും എന്നതിനെ അടിസ്ഥാനമാക്കിയാകും ഇനി വിലയും നിശ്ചയിക്കപ്പെടുക.
ഇരു പക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ഇസ്ലാമാബാധിൽ തുടക്കമിട്ടിരിക്കുകയാണ്. ചർച്ചയിൽ സമാധാനം സാധ്യമായാൽ സ്വാഭാവികമായും എണ്ണ വില കുറയും. ഇത് സ്വർണത്തിന് വീണ്ടും സുരക്ഷിത നിക്ഷേപ പദവി തിരികെ നൽകും. ഇതോടെ ഡിമാൻ്റ് കൂടും, വില ഉയരും. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെട്ടാൽ,എണ്ണവില വീണ്ടും കുതിച്ചുയരും. ഇത് പണപ്പെരുപ്പ ഭീതി വർദ്ധിപ്പിച്ച് ഹ്രസ്വകാലത്തേക്ക് സ്വർണവില കുറയാൻ ഇടയാക്കും.

അതേസമയം, യുഎസിൽ നിന്നുള്ള പുതിയ സാമ്പത്തിക ഡാറ്റയും സ്വർണ വിലയിൽ നിർണായക സ്വാധീനം ചെലുത്തും. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്കിൽ കുറവ് വരുത്തിയാൽ അത് സ്വർണത്തിന് കൂടുതൽ കരുത്ത് പകരം. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു സാധ്യത കുറവാണ്. കാരണം ഫെബ്രുവരിയിൽ രാജ്യത്തെ പണപ്പെരുപ്പം 0.3%ൽ നിന്ന് 0.4% ആയി ഉയർന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധിയാണ് പണപ്പെരുപ്പ തോത് ഉയർത്തിയത്. പണപ്പെരുപ്പം ഉയർന്ന് നിൽക്കുമ്പോൾ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ല. ഇത് സ്വർണത്തിന് തിരിച്ചടിയാകും.
എന്നാൽ തൊഴിൽ വിപണിയിൽ നിന്നുള്ള കണക്കുകൾ ആശ്വാസകരമല്ലെന്നത് കേന്ദ്രബാങ്കിനെ സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്., യുഎസിലെ തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകൾ കഴിഞ്ഞ ആഴ്ച 203,000-ൽ നിന്ന് 219,000 ആയി വർദ്ധിച്ചു. അതായത് തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടില്ലെന്ന് സാരം. ഇത്തരമൊരു കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ പലിശ നിരക്ക് കുറക്കാതിരിക്കാന കേന്ദ്രബാങ്കിന് സാധിക്കില്ല. ഫെഡറൽ റിസർവ് നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ, യുഎസ് ഡോളർ ദുർബലമാകും. ദുർബലമായ ഡോളർ സാധാരണയായി സ്വർണവില ഉയർത്താൻ സഹായിക്കും. അതിനാൽ, ഫെഡിൻ്റെ നിരക്ക് കുറയ്ക്കാനുള്ള നീക്കം സ്വർണത്തിന് അനുകൂലമായേക്കാവുന്ന മുഖ്യ ഘടകമാകും.
കേരളത്തിലെന്ത് സംഭവിക്കും
യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായപ്പോഴാണ് സ്വർണത്തിൽ വലിയ ഇടിവ് സംസ്ഥാനത്ത് ഉണ്ടായത്. ഒരു ഘട്ടത്തിൽ വില ഒരു ലക്ഷത്തിന് താഴേക്ക് വരെ പോയി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത്. ഇനി വില കുറയുകയാണെങ്കിൽ സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകുമോയെന്നതാണ് ഉറ്റുനോക്കുന്നത്. വില കുറയുകയാണെങ്കിൽ 80,000ത്തിന് താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വില ഉയർന്നാൽ സ്വാഭാവികമായും ഈ വർഷം 2 ലക്ഷം വരെ വില ഉയരാനുള്ള സാധ്യത ഉണ്ടെന്നുള്ള പ്രവചനങ്ങളും ഉണ്ട്.
എന്തായാലും വിഷുവിന് സ്വർണം വാങ്ങാൻ പ്ലാൻ ഉള്ളവരാണെങ്കിൽ വിപണി വിവരങ്ങൾ കൃത്യമായി നിരീക്ഷിച്ച് മാത്രം ജ്വല്ലറികളിലേക്ക് പോകുകയെന്നാണ് വിദഗ്ധർ പറയുന്നത്.












Click it and Unblock the Notifications