സ്വർണവില 92,000 ആകുമെന്ന ജോയ് ആലുക്കാസിൻ്റെ പ്രവചനം ഫലിക്കുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത്
കഴിഞ്ഞ ആറ് മാസത്തിനിടെ സ്വർണവിലയിൽ 13.6 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 4194 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
യുഎസ് ട്രഷഫി ബോണ്ട് യീൽഡ് ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. 10 വർഷത്തെ ട്രഷറി ബോണ്ട് ഏകദേശം 5.27 ശതമാനമാണ് ഉയർന്നത്. സ്വർണം ഒരിക്കലും പലിശ നൽകില്ല. അതുകൊണ്ട് തന്നെ പലിശ ലഭിക്കുന്ന ബോണ്ടിലേക്ക് നിക്ഷേപകർ നീങ്ങിയതോടെ സ്വർണത്തിന് തിരിച്ചടിയായി. ഡിമാൻ്റ് കുറഞ്ഞത് വില കുറയാൻ കാരണമായി.

മാത്രമല്ല ഡോളറിൻ്റെ മൂല്യം ഉയരുന്നതും മഞ്ഞലോഹത്തിന്റെ പെരുമ കെടുത്തി. ഡോളർ സൂചിക കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് ശതമാനമാണ് ഉയർന്നത്. പശ്ചിമേഷ്യൻ സംഘർഷം പണപ്പെരുപ്പം ആശങ്ക ഉയർത്തിയതോടെ പലിശ നിരക്ക് ഉയർത്തുമെന്ന ചർച്ചകളും സ്വർണത്തിന് മേൽ സമ്മർദ്ദം ചെലുത്തി.
കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ സ്വർണവിലയിൽ 26 ശതമാനത്തിൻ്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ജനുവരി 29 ന് 5,595 ഡോളർ തൊട്ട സ്വർണമാണ് നിലവിൽ 4200 ഡോളർ പരിസരത്തേക്ക് വീണത്. ഇത്രമാത്രം വില ഇടിഞ്ഞതോടെ ഇനിയും സ്വർണ വില താഴേക്ക് പോകുമോയെന്നതാണ് ഉയരുന്ന ചോദ്യം.
അതേസമയം വില കുറയുകയാണെങ്കിലും സ്വർണം കുതിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് മിരെ അസറ്റ് എംഎഫ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ബാങ്കുകളുടെ സ്വർണവാങ്ങലുകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ വർഷം കേന്ദ്ര ബാങ്കുകളുടെ സ്വർണ ഡിമാൻ്റ് 700 ടണ്‍ ആയേക്കുമെന്ന് ഇവർ പറയുന്നു. 2010 മുതൽ 2021 വരെ ശരാശരി 470 ടണ്‍ മാത്രമായിരുന്നു കേന്ദ്രബാങ്കുകൾ സ്വർണശേഖരത്തിലേക്ക് കൂട്ടിച്ചേർത്തത്.
വളർന്നുവരുന്ന സാമ്പത്തിക ശക്തികളെല്ലാം തന്നെ യു.എസ് ഡോളറിനോടുള്ള താത്പര്യം കുറച്ച് സ്വർണം വാങ്ങി വെയ്ക്കുകയാണ്. ഇത് സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും. ഡിമാൻ്റ് ഉയരുമ്പോൾ വില കൂടും.
അതുപോലെ തന്നെ എണ്ണ വിപണിയിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. വ്യാപാര ബന്ധങ്ങളിൽ ആഗോള തലത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. സർക്കാർ കടം പെരുകുകയാണ്. ഇന്ത്യയിലാണെങ്കിൽ വിവാഹക്കാലമാണ് വരാനിരിക്കുന്നത്. ഒപ്പം ആഘോഷങ്ങളം. സ്വർണത്തെ സംബന്ധിച്ച് മികച്ച സീസണാണിത്. നവരാത്രി ,ദീപാവലി, ധൻതേരാസ് തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം ആളുകൾ ധാരാളമായി സ്വർണം വാങ്ങും . ഇതെല്ലാം സ്വർണത്തെ തുണയ്ക്കും.
സ്വർണപ്രവചനം ഇങ്ങനെ
2026 ൻ്റെ അവസാനപാദത്തെ സ്വർണവില അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 6000 ഡോളർ കടക്കുമെന്നാണ് ജെപി മോർഗൻ നേരത്തേ പ്രവചിച്ചിരുന്നത്. 2027 ൻ്റെ അവസാനത്തോടെ 6300 ഡോളറും. എന്നാൽ ഇപ്പോൾ അവർ പ്രവചനം തിരുത്തി. അടുത്ത വർഷം അവസാനത്തോടെ 6000 ഡോളർ എന്നാണ് അവരുടെ ഇപ്പോഴത്തെ പ്രവചനം. സ്വർണവില വരും ദിവസങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കും.
ജോസ് ആലുക്കാസിൻ്റെ പ്രവചനം
സ്വർണം ഇനി കുറഞ്ഞത് 3500 ഡോളർ വരെ താഴ്ന്നേക്കാനുള്ള സാധ്യതയുണ്ടെന്ന പ്രവചനമാണ് ജ്വല്ലറി വ്യാപാരിയായ ജോസ് ആലുക്കാസ് നടത്തിയത്. ഇത്രയും വില ഉയർന്ന സ്ഥിതിക്ക് സ്വർണം താഴാനുള്ള സാധ്യതയും ഏറെയാണ്. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം.


Click it and Unblock the Notifications
