സ്വർണവില ഇനിയും കുറയും..പക്ഷെ പിന്നാലെ വൻ കുതിപ്പ്;20,000 രൂപ വരെ പവന് കൂടും?
ഇന്നാണ് യു.എസ് ഫെഡറൽ റിസർവ്വിൻ്റെ പണനയ യോഗം നടക്കുന്നത്. യോഗത്തിൽ പലിശ നിരക് ഉയർത്തുമെന്ന നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ നിരക്ക് ഉയർത്താൻ 90 ശതമാനം സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകരും വിലയിരുത്തുന്നു.
ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഉപഭോക്തൃ സൂചിക കണക്കുകൾ കടുത്ത നിരാശ നൽകുന്നതായിരുന്നു. പണപ്പെരുപ്പം വലിയ തോതിൽ ഉയർന്നെന്നാണ് കണക്കുകൾ വ്യക്തമാക്കിയത്.എന്തായാലും പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ സ്വർണ വില കുറയാനുള്ള സാധ്യത കൂടുതലാണ്. അതേസമയം നിരക്ക് ഉയർത്താതെ തത്സ്ഥിതി തുടരാനാണ് കേന്ദ്രബാങ്കിൻ്റെ തീരുമാനമെങ്കിൽ സ്വർണം വീണ്ടും കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജെസ് കൊളംബോ പറയുന്നത്. ഔണ്‍സിന് വീണ്ടും 5000 ഡോളർ ആകാനുള്ള സാധ്യതയാണ് അദ്ദേഹം ഉയർത്തുന്നത്.

'ഉപഭോക്തൃ സൂചിക പുറത്തുവന്നതോടെ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. ഇതോടെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.എന്നാൽ ഇടിവ് തുടർന്നതോടെ നിക്ഷേപകർ 'ഡിപ് ബൈയിങ്' നടത്തി. സ്വാഭാവികമായും വില കൂടി. കഴിഞ്ഞ ഒരു വർഷത്തോളം തുടർച്ചയായി സ്വർണത്തിൻ്റെ പ്രതിരോധ നില ഔണ്‍സിന് 4400 ഡോളറായിരുന്നു. ചില അവസരങ്ങളിൽ 4300 ഡോളറിന് തൊട്ട് താഴേക്ക് പോയെങ്കിലും അതിലും താഴേക്കൊരു ഇടിവ് ഉണ്ടായിട്ടില്ല. അത് വളരെ നല്ലൊരു സൂചനയായിട്ടാണ് വിലയിരുത്തുന്നത്', അദ്ദേഹം പറഞ്ഞു.
'പലിശ നിരക്ക് കൂട്ടിയാൽ സ്വർണ വില ഇടിയും. വില കുറയുമ്പോൾ നിക്ഷേപകർ സ്വർണം കൂടുതലായി വാങ്ങിവെയ്ക്കാനുള്ള സാധ്യതയുണ്ട്. അതായത് ഉപഭോക്തൃ സൂചിക വന്നപ്പോൾ തന്നെ നിരക്ക് ഉയർത്തുമെന്നൊരു വിലയിരുത്തൽ നിക്ഷേപകർക്ക് ഇടയിൽ ഉണ്ട്. മാസങ്ങളായി ഈ ചർച്ചകൾ നടക്കുന്നുണ്ട്. ചിലപ്പോൾ നിരക്ക് ഉയർത്തിയേക്കും, ചിലപ്പോൾ കുറച്ചേക്കാം. 25 മുതൽ 50 വരെ ബേസിസ് പോയിൻ്റ് ഉയർത്തിയേക്കാം', അദ്ദേഹം ചൂണ്ടിക്കാട്ടി.
പാശ്ചിമേഷ്യൻ സംഘർഷവും എണ്ണ വില വർധനവും സ്വാഭാവികമായി പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. എന്നാൽ അതുമാത്രമല്ല കാരണം. ഇവിടെ എഐ മൂലമുള്ള പണപ്പെരുപ്പം ശക്തമാണ്. പ്രമുഖ ടെക് ഭീമന്മാർ ഡാറ്റാ സെന്‍ററുകളുടെ നിർമ്മാണത്തിന് വേണ്ടി ട്രില്യൺ കണക്കിന് ഡോളറാണ് ചിലവഴിക്കുന്നുണ്ട്. ഇതെല്ലാം ചിപ്പുകൾ, കമ്പ്യൂട്ടർ ഭാഗങ്ങൾ, ഇലക്ട്രോണിക്സ്, കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവയുടെ വിലക്കുതിപ്പിന് വഴിവെച്ചു. ഇതും പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനനയങ്ങൾ കൊണ്ട് മാത്രം ഇപ്പോഴത്തെ സാഹചര്യത്തെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് കരുതുന്നില്ല', കൊളംബോ പറഞ്ഞു.
അതേസമയം എന്തൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായാലും സ്വർണം 4400 ഡോളറിന് മുകളിലാകുമെന്നാണ് എൻ്റെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സ്വർണ വില 5000 ഡോളറിന് മുകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്', അദ്ദേഹം വിശദീകരിച്ചു.
നിലവിൽ രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4300 ഡോളറിന് തൊട്ട് മുകളിലാണ് വില. അതേസമയം ഫെഡ് നിരക്ക് ഉയർത്തിയാൽ വലിയൊരു ഇടിവിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാണ്. ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് സ്വർണം എത്തുമെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രവചനങ്ങൾ കേരളത്തിലെ സ്വർണ വിപണിയിലും പ്രതീക്ഷ ഉയർത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇടിഞ്ഞാൽ കേരളത്തിലെ വിലയേയും സ്വാധീനിക്കും. അങ്ങനെ വന്നാൽ വില ഒരു ലക്ഷത്തിന് അടുത്തെത്തും. എന്നാൽ 5000 ഡോളറിലേക്കാണ് പോകുന്നതെങ്കിൽ സ്വർണം പവന് വീണ്ടും ഒന്നരലക്ഷമാകും.


Click it and Unblock the Notifications
