സ്വർണ വില കുതിക്കില്ല; പ്രവചനം തിരുത്തി ബാങ്ക്..'ജൂണിൽ വില ഇത്രയാകും'
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ വീണ്ടും സ്വർണവിപണിയെ പിടിച്ചുകുലുക്കുകയാണ്. വർഷത്തിന്റെ തുടക്കത്തിൽ റെക്കോർഡ് ഉയരങ്ങളിലെത്തിയ സ്വർണ വിലയിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. യുഎസ് ഡോളറിന്റെ മുന്നേറ്റവും ഉയർന്ന ബോണ്ട് വരുമാനവും ഫെഡറൽ റിസർവിന്റെ പലിശനയത്തെച്ചൊല്ലിയ അനിശ്ചിതത്വവുമാണ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റുന്നത്. ഇതോടെ പ്രമുഖ ആഗോള ബാങ്കായ യുബിഎസ് തങ്ങളുടെ ഹ്രസ്വകാല സ്വർണവില പ്രവചനങ്ങൾ വെട്ടിക്കുറച്ചു. എന്നാൽ സെൻട്രൽ ബാങ്കുകളുടെ ശക്തമായ വാങ്ങലും ആഗോള സാമ്പത്തിക ആശങ്കകളും തുടരുന്നതിനാൽ ദീർഘകാലത്തിൽ സ്വർണത്തിന് ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.
ജൂൺ അവസാനം ആകുമ്പോൾ സ്വർണ വില ഔൺസിന് 6,200 ഡോളറാകുമെന്നായിരുന്നു ബാങ്കിൻ്റെ ആദ്യ പ്രവചനം. എന്നാൽ ന്ന് 5,200 ഡോളറാണ് ഇപ്പോൾ ബാങ്ക് പ്രവചിക്കുന്നത്. ശക്തമായ യുഎസ് ഡോളർ, ഉയർന്ന എണ്ണവില, വർദ്ധിച്ച യഥാർത്ഥ ബോണ്ട് വരുമാനം എന്നിവയാണ് സ്വർണത്തിന് പ്രധാന തിരിച്ചടിയാകുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ മാറിയതും നിക്ഷേപകരുടെ മനോഭാവത്തെ ബാധിച്ചതായി ബാങ്ക് ചൂണ്ടിക്കാട്ടി.

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ കലുഷിതമായതായി ബാങ്ക് പറഞ്ഞു. പണപ്പെരുപ്പ ഭീഷണിയാണ് ഇപ്പോൾ വിപണികളെ പ്രധാനമായും അലട്ടുന്നത്. ഇതോടെ വരുമാനം നൽകാത്ത സ്വർണം പോലുള്ള ആസ്തികളോട് നിക്ഷേപകരുടെ താത്പര്യം കുറയുകയാണ്.
എന്നാൽ ഹ്രസ്വകാല തിരിച്ചടികൾക്കിടയിലും സ്വർണത്തിനുള്ള ദീർഘകാല ആവശ്യകത ശക്തമായി തുടരുന്നുവെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. വളർന്നുവരുന്ന വിപണികളിലെ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണം തുടർച്ചയായി വാങ്ങിക്കൂട്ടുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് കുറച്ചിരുന്നുവെങ്കിലും വാങ്ങൽ വീണ്ടും ശക്തിപ്രാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇടത്തരം കാലയളവിൽ സ്വർണത്തിൽ ഇപ്പോഴും ശുഭാപ്തിവിശ്വാസമുണ്ടെന്ന് യുബിഎസ് പറഞ്ഞു. ആഗോള വളർച്ചാ മാന്ദ്യം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഭൂമിശാസ്ത്രപരമായ അനിശ്ചിതത്വങ്ങൾ എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ചരിത്രപരമായി പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉയരുന്ന ഘട്ടങ്ങളിൽ സ്വർണം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇപ്പോഴും വിപണികൾ പൂർണമായി കണക്കിലെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്വർണവില ക്രമേണ വീണ്ടെടുക്കുമെന്നും 2026 അവസാനത്തോടെ ഒരു ഔൺസിന് 5,900 ഡോളർ വരെ എത്താമെന്നുമാണ് ബാങ്കിന്റെ പുതിയ പ്രവചനം.
ഇന്നും വില ഇടിഞ്ഞു
സ്വർണ വില രാജ്യാന്തരത്തിൽ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 73.96 ഡോളർ ഇടിഞ്ഞ് 4497.52 ഡോളറിലാണ് ഇപ്പോഴുള്ളത്.രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുത്തനെ ഇടിഞ്ഞു,ഗ്രാമിന് 55 രൂപ താഴ്ന്ന് 14,510 രൂപയാണ് ഇന്ന് കേരളത്തിൽ വില. 440 രൂപ കുറഞ്ഞ് പവൻവില 1,16,080 രൂപയിലുമെത്തി.
ആഗോള വിപണിയിൽ വില കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഈ വർഷം അവസാനത്തോടെ ഒരു പവന് 2 ലക്ഷം വരെ ആകുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ പല പ്രവചനങ്ങളും അത്തരമൊരു സാധ്യത തള്ളിക്കളയുകയാണ്. യുബിഎസിൻ്റെ പ്രവചനം എടുക്കുകയാണെങ്കിൽ ഒരു ഔൺസിന് 5,900 ഡോളർ വരെ വില ഉയർന്നാൽ കേരളത്തിൽ ഒരു പവന് വില പരമാവധി 1.65 ലക്ഷമാകും. സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം കിട്ടാക്കനിയായി തുടരുമെന്ന് സാരം.












Click it and Unblock the Notifications