സ്വർണവില ഇനി താഴേക്ക്? കുത്തനെ ഇടിഞ്ഞ് 1 ലക്ഷമാകും? ഇനിയുള്ള സാധ്യതകൾ ഇങ്ങനെയെന്ന് വിദഗ്ധർ
രാജ്യാന്തര സ്വർണവിലയിൽ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സ് 4192 ഡോളറാണ് ഇന്ന് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 80 ലേറെ ഡോളറാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തിലും ഇന്ന് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13765 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്. പവൻ വില 1,10,120 രൂപയായി. അതേസമയം അന്താരാഷ്ട്ര വിപണിയിൽ 4200 എന്ന പ്രതിരോധ തലവും കൂടി സ്വർണം ഭേദിച്ചതോടെ ഇനി 4000 ഡോളറിന് താഴേക്ക് വില പോകുമോയെന്നതാണ് ഉറ്റുനോക്കുന്നത്. യുഎസ് ഫെഡ് എന്ത് നിലപാട് എടുക്കും എന്നത് കൂടി ആശ്രയിച്ചായിരിക്കും ഇനി സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്ക്.
സപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിരുന്നു. 3.75-4.00% ആയാണ് നിരക്ക് ഉയർത്തിയത്. ഒക്ടോബറിലും പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 66-77 ശതമാനം ഉണ്ടെന്നാണ് വിപണി വിദഗ്ധർ നിരീക്ഷിക്കുന്നത്. അതിനിടെ 10 യു.എസ് ട്രഷറി യീൽഡ് 5.23 ശതമാനത്തിലെത്തി. 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതായത് ട്രഷറി യീൽഡിൽ നിന്നും ഉയർന്ന വരുമാനം ലഭിക്കുമ്പോൾ വരുമാനം കുറഞ്ഞ സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കും. ഡോളർ മൂല്യവും ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച ഡോളർ ഇൻഡക്സ് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയായ 101.40 ൽ എത്തി.

പശ്ചിമേഷ്യൻ സംഘർഷം അടങ്ങുന്നുവെന്ന സൂചനകൾ സാധാരണനിലയിൽ സ്വർണവിലയെ മുകളിലേക്ക് നയിക്കുകയാണ് പതിവ്. എന്നാൽ ഇതിനിടയിലും സ്വർണം താഴേക്ക് പതിക്കുകയാണ് ഉണ്ടായത്. പണപ്പെരുപ്പ ആശങ്കകളും പലിശ നിരക്ക് ഉയർത്തുമെന്ന ചർച്ചകളുമാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണത്തിൻ്റെ അടുത്ത പ്രതിരോധ നിലയായി കണക്കാക്കുന്നത് 4130 ഡോളർ ആണ്. അവിടെ നിന്ന് താഴേക്ക് പോയാൽ സ്വർണ വില 4000 ഡോളറിലെത്തിയേക്കും. 4000ത്തൊട്ടാൽ സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും സ്വർണം നേരിടുക. വില ഒറ്റയടിക്ക് 3940 ഡോളർ വരെ താഴ്ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ വില കുത്തനെ താഴേക്ക് പോകും
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 22 കാരറ്റ് 13765 രൂപയാണ് വില. പവൻ വില 1,10,120 രൂപയായി. 18 കാരറ്റ് ഗ്രാമിന് ഇന്ന് 11310 രൂപയായി കുറഞ്ഞു. പവന് 90480 രൂപയാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8810 രൂപയും പവന് 70460 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5680 രൂപയും പവന് 45440 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണവില 4000 ഡോളറിലേക്ക് താഴ്ന്നാൽ കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞ് 1.05 ലക്ഷമാകും. അതിനും താഴേക്ക് പോയാൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും ഏകദേശം 10,000 രൂപ വരെ ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അടുത്ത വർഷം സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ആവർത്തിക്കുന്നത്. സ്വർണം എല്ലാ കാലത്തും സുരക്ഷിത നിക്ഷേപമാണ്. കേന്ദ്രബാങ്കുകൾ സ്വർണവാങ്ങലുകൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത വർഷത്തോടെ രാജ്യാന്തര വിപണിയിൽ വില 5000 ഡോളറിന് മുകളിലേക്ക് പോകുമെന്നാണ് പ്രവചനങ്ങൾ.


Click it and Unblock the Notifications
