സ്വർണ വില; അരപവൻ വാങ്ങാൻ ഒരു പവന്റെ വില കൊടുക്കേണ്ടി വരും? വില പിടികിട്ടാ ഉയരങ്ങളിലേക്ക്
ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി സ്വർണ വില കുതിക്കുകയാണ്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 8678 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 7056 രൂപയും. 10 ഗ്രാം സ്വർണതിന് വില 86783 രൂപയാണ്. തിങ്കളാഴ്ച ഇത് 86793 രൂപയായിരുന്നു. രാജ്യതലസ്ഥാനത്തെ വിലനിലവാരമാണിത്.
കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്ന് 8,010 രൂപയായി. പവന് 560 രൂപ വർധിച്ച് 64,080 രൂപയാണ്. അതായത് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്ത് 70,000 എങ്കിലും കൊടുക്കേണ്ടി വരുമെന്ന് സാരം.

വിവാഹ ആവശ്യത്തിനടക്കം സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇരുട്ടടി ആയിരിക്കുകയാണ് ഈ വിലയക്കയറ്റം. വലിയൊരു കുതിപ്പിന് ശേഷം തീർച്ചയായും വില കുറയുമെന്നാണ് പലരുടേയും പ്രതീക്ഷ. എന്നാൽ ആ കാത്തിരിപ്പ് വെറുതെയാകുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ 3 കാരണങ്ങൾ കൊണ്ട് വരും ദിവസങ്ങളിൽ വില കുതിക്കുമെന്നും ഇവർ പറയുന്നു. വിശദമായി പരിശോധിക്കാം
ട്രംപും തീരുവയും
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. 25 ശതമാനം ഇറക്കുമതി തീരുവയാണ് ട്രംപ് ഏർപ്പെടുത്തിയത്. കൂടാതെ മാർച്ച് 12 മുതൽ എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും നേരിട്ട് 25 ശതമാനം താരിഫ് ഏർപ്പെടുത്തും .അടുത്ത മാസം, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും തീരുവ ഈടാക്കും. ഏപ്രിൽ 2 മുതൽ ഇത് പ്രാബല്യത്തിൽ വരും. ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവയും യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുഎസ് നടപടിക്ക് അതേനാണയത്തിൽ കാനഡയും ചൈനയും തിരിച്ചടി നൽകിയിട്ടുണ്ട്. യുഎസ് ഉത്പന്നങ്ങൾക്കും തീരുവ ഏർപ്പെടുത്തുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ആഗോള വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതെല്ലാം നിക്ഷേപകരിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിന് വലിയ വിലവർധനവിലേക്കായിരുക്കും നയിക്കുക.
2. ഡിമാന്റ് ഉയരുന്നു
ഏത് പ്രതികൂല സാഹചര്യത്തിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയരുകയാണ്. ഡിമാന്റ് ഉയരുന്നത് വില ഉയരാൻ കാരണമാകും. 'ആഗോള തീരുവകൾ വില വർധിക്കാൻ കാരണമാകും. അതേസമയം സാമ്പത്തിക ആശങ്കകളും പണപ്പെരുപ്പവും സ്വർണത്തിൻമേൽ കൂടുതൽ ആശ്രയിക്കാൻ നിക്ഷേപകരെ പ്രോത്സാഹപ്പിച്ചേക്കും', ജെ.പി. മോർഗനിലെ ഗ്ലോബൽ കമ്മോഡിറ്റീസ് സ്ട്രാറ്റജി മേധാവി നതാഷ കനേവ പറഞ്ഞു.
കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു
സാമ്പത്തിക അനിശ്ചിതത്വം കാരണം ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്.വ്യാപാര സംഘർഷങ്ങൾ, പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന യുഎസ് കമ്മി എന്നിവ സ്വർണം വാങ്ങിക്കൂട്ടാൻ കാരണമാകും. പ്രത്യേകിച്ച് ചൈനീസ് കേന്ദ്രബാങ്കുകൾ. ഡിമാന്റ് ഉയരുന്നതും കുറഞ്ഞ വിതരണവും സ്വർണ വില വർധിക്കുന്നതിലേക്ക് നയിക്കും.
അതായത് ഈ നില തുടർന്നാൽ 10 ഗ്രാം സ്വർണത്തിന് 1 ലക്ഷം രൂപ തൊടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ അര പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു പവൻ സ്വർണത്തിന്റെ വില കൊടുക്കേണ്ടി വന്നേക്കും.












Click it and Unblock the Notifications