സ്വർണ വില 30,000 കുറയുമെന്നൊക്കെ നോക്കി ഇരിക്കുകയേ ഉളളൂ; പവൻ വിലയിൽ സംഭവിക്കാൻ പോകുന്നത്
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾക്കിടെ സ്വർണ-വെള്ളി വിലകൾ കുതിക്കുകയാണ്. ദുർബലമായ യുഎസ് ഡോളർ, ശക്തമായ ആഗോള ഡിമാൻഡ്, നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയാണ് വിപണികളെ സ്വാധീനിക്കുന്നത്.
ഫെഡിന്റെ നയപരമായ ഇളവുകളും, സുരക്ഷിത നിക്ഷേപമെന്ന തരത്തിലുള്ള സ്വർണത്തിന്റെ ഡിമാന്റും ഇതിനോടകം തന്നെ സ്വർണ വിലയെ റെക്കോഡിലെത്തിച്ചിട്ടുണ്ട്. ഫെഡിന്റെ സെപ്റ്റംബർ യോഗത്തിലെ മിനിറ്റ്സ് പ്രകാരം, മിക്ക അംഗങ്ങളും സാമ്പത്തിക വളർച്ചയിലെ കുറവും തൊഴിൽ വിപണിയിലെ ബലഹീനതയും നേരിടാൻ കൂടുതൽ ഇളവുകൾ ആവശ്യമാണെന്ന വികാരമാണ് പങ്കിട്ടത്. ഈ സാഹചര്യത്തിൽ സിഎംഇ ഫെഡ് വാച്ച് ടൂൾ അനുസരിച്ച്,ഒക്ടോബറിൽ കാൽ ശതമാനം പലിശ നിരക്ക് കുറയ്ക്കാൻ 93 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

വീണ്ടും ഡിസംബറിൽ മറ്റൊരു കുറവിന് 79 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഈ നയപരമായ മാറ്റം യുഎസ് ഡോളറിന് മേൽ സമ്മർദ്ദം ചെലുത്തുകയും സ്വർണ വില കുതിക്കാനും കാരണമായിട്ടുണ്ട്. പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകൾ നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനാൽ സ്വർണ വില ഇപ്പോഴും റെക്കോർഡ് നിലവാരത്തിൽ തന്നെ തുടരുകയാണ്. ഡോളർ ദുർബലമാകുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ ആകർഷണവും ഡിമാന്റും ഉയരുകയാണ്. ഡിസംബറിലെ സ്വർണ ഫ്യൂച്ചറുകൾ 4,055 ഡോളറിൽ ആയിരുന്നു, ഇത് ആഴ്ചയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയ 4,060 ഡോളറിൽ നിന്ന് 15.20 ഡോളർ കുറവാണ്.
തൊഴിൽ കണക്കുകൾ കുറയുന്നത് പലിശ നിരക്ക് കുറക്കാനുള്ള ആവശ്യകത ശക്തമാക്കുന്നുണ്ടെന്നാണ് ഫെഡ് ഉദ്യോഗസ്ഥർ അംഗീകരിക്കുന്നത്.. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി കാൽ ശതമാനം കുറയ്ക്കാൻ 11-1 വോട്ടിന് അംഗീകാരം നൽകിയിട്ടുണ്ട്. ഒരു അംഗം വലിയ കുറവ് ആവശ്യപ്പെട്ടിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതും തൊഴിൽ സ്ഥിരതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിൽ ബന്ദികളുടെ മോചനവും ഗാസയിൽ നിന്ന് ഇസ്രായേൽ ക്രമേണ പിൻവാങ്ങുന്നതും ഉൾപ്പെടെയുള്ള ഒരു ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാൻഡ് അല്പം കുറച്ചേക്കാം, എന്നാൽ വിപുലമായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം അമൂല്യ ലോഹങ്ങൾക്ക് പിന്തുണ നൽകുമെന്ന് തന്നെയാണ് പ്രവചനം.
നിലവിലെ സാഹചര്യത്തിൽ 4,000 ഡോളറിന് മുകളിൽ സ്വർണം പിന്തുണ നിലനിർത്തുമെന്നും, മുന്നേറ്റം തുടരുകയാണെങ്കിൽ 4,100 ഡോളറിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നുമാണ് ഇപ്പോൾ വിശകലന വിദഗ്ധർ കരുതുന്നത്. അതേസമയം സ്വർണ വില വരും നാളുകളിൽ കുറയാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രവചനങ്ങളും ഉണ്ട്. പേസ് 360 ന്റെ സഹസ്ഥാപകനും ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റുമായ അമിത് ഗോയല്‍ ആണ് ഇത്തരമൊരു സാധ്യത പ്രധാനമായും മുന്നോട്ട് വെച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ, ഡോളര്‍ സൂചിക ദുര്‍ബലമായിരുന്നപ്പോള്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണവും വെള്ളിയും ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചത്. രണ്ട് സാഹചര്യങ്ങളിലും പിന്നീട് വന്‍ തകര്‍ച്ചയുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്.സ്വര്‍ണം ഔണ്‍സിന് 2,600 ഡോളര്‍ - 2,700 ഡോളര്‍ ആയി കുറയുന്നത് വരെ ആയേക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
അത്തരമൊരു കുറവുണ്ടായാൽ സ്വർണ വില കേരളത്തിൽ 67,000ത്തിലേക്ക് വീഴും. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കടുക്കുമ്പോൾ ഇത്രയും വലിയൊരു ഇടിവിന് സാധ്യതയുണ്ടോയെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.












Click it and Unblock the Notifications