സ്വർണം ഇനി താഴേക്ക് ഇല്ല? കാത്തിരിക്കുന്നത് വലിയ കുതിപ്പെന്ന് സ്വർണ വ്യാപാരി, കാരണം
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 2200 രൂപയാണ് പവന് ഉയർന്നത്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ ഇടിവുമാണ് സ്വർണവിലയേയും സ്വാധീനിക്കുന്നത്. അതേസമയം വൈകാതെ തന്നെ സ്വർണ വില ഉയരുമെന്ന് പറയുകയാണ് സ്വർണവ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സ്വർണ വില കൂടുന്ന ട്രൻ്റ് ആണ് കാണിക്കുന്നത്. ഇന്ന് ഗ്രാമിന് 130 രൂപയോളം ഉയർന്നു. പക്ഷേ ഈ വർധനവ് എത്രത്തോളം മുന്നോട്ടു പോകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല. ആഗോള സംഭവവികാസങ്ങളാണ് ഇപ്പോൾ സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായിരിക്കുന്നത്. പോസിറ്റീവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ നമുക്ക് ഇപ്പോഴത്തെ അവസ്ഥയെ കാണാനായിട്ട് സാധിക്കില്ല. കാരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ വലിയ ഒരു കുതിപ്പിലേക്ക് എത്തേണ്ട സ്വർണവിലയാണ് ഇപ്പോഴും ഇങ്ങനെ ചെറിയ രീതിയിൽ ഏറിയും കുറഞ്ഞും ഒരു തരത്തിൽ നിൽക്കുന്നത്. പക്ഷേ വിലയിൽ ഒരു സ്ഥിരത നിൽക്കുന്നതാണ് എപ്പോഴും വ്യാപാരികളെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും നല്ലത്.

സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് വിപണിക്ക് ഒട്ടും ആശ്വാസം നൽകുന്ന കാര്യമല്ല. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങാനുള്ള ട്രംപിൻ്റെ നിലപാട് സംബന്ധിച്ചൊക്കെയുള്ള സർവ്വെ യുഎസിൽ നടക്കുന്നുണ്ട്. ഇതിലൊക്കെ കൃത്യമായൊരു തീരുമാനം ഉണ്ടായാൽ സ്വർണവിലയിൽ വലിയ കുതിപ്പുണ്ടാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല', അരുണ്‍ മാർക്കോസ് പറഞ്ഞു.
അതേസമയം വൈകാതെ തന്നെ സ്വർണ വില 4500 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ 4377 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികൾ തുടർന്നാൽ ഈ വർഷം അവസാനത്തോടെ സ്വർണം 4900 ഡോളർ മറികടക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷം പകുതിയോടെ സ്വർണ വില 5000 ഡോളർ കടക്കുമെന്ന പ്രവചനങ്ങളും ഉണ്ട്.
കേരളത്തിൽ ഒരു പവന് നിലവിൽ 1.14 ലക്ഷം രൂപയാണ്. 5000 ഡോളറിന് മുകളിലേക്ക് വില കുതിച്ചാൽ കേരളത്തിൽ പവൻ വില 1.30 ലക്ഷം വരെയാകും.


Click it and Unblock the Notifications
