സ്വർണം വില കുതിക്കുന്നത് കണ്ട് പേടിച്ച് വാങ്ങി വെയ്ക്കേണ്ട; ഈ വർഷം വലിയ കുതിപ്പ് ഇല്ല..പുതിയ പ്രവചനം ഇങ്ങനെ
സ്വർണ വിലയിൽ വീണ്ടും വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. കേരളത്തിൽ നാല് ദിവസം കൊണ്ട് 6000 രൂപ വരെ ഉയർന്നതിന് ശേഷം ഇന്ന് സ്വർണം കുത്തനെ താഴേക്ക് വീണു.ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,930 രൂപയായി. പവൻവില 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലാണ് വ്യാപരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ 4700 ഡോളർ വരെ ഉയർന്ന സ്വർണം 4300 ഡോളർ നിലയിലാണ് ഇപ്പോൾ ഉള്ളത്.
ഇറാൻ-ഇസ്രായേൽ സംഘർഷം അയയുന്നുവെന്ന സൂചനയാണ് കഴിഞ്ഞയാഴ്ച സ്വർണത്തിന് താങ്ങായത്. സംഘർഷം അവസാനിക്കുന്നുവെന്ന ചർച്ചകൾ ക്രൂഡ് ഓയിൽ വില താഴ്ത്തി. ഇത് ഡോളറിൻ്റെ മൂല്യം ഇടിയാൻ കാരണമായി. ഡോളറിന് കരുത്ത് നഷ്ടപ്പെട്ടതോടെ നിക്ഷേപർ സ്വർണത്തിലേക്ക് വീണ്ടും തിരിഞ്ഞു.

എന്നാൽ ഇറാൻ-ഇസ്രായേൽ സംഘർഷം അടുത്തെന്നും അവസാനിക്കില്ലെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ ഉയരുന്നത്. ഇതാണിപ്പോൾ സ്വർണത്തിന് തിരിച്ചടിയായത്. മാത്രമല്ല ഓഗസ്റ്റ് 12 ന് യു.എസ് പണപ്പെരുപ്പ കണക്കുകളും പുറത്തുവരും.
പണപ്പെരുപ്പം ശക്തമാണെന്ന കണക്കുകളാണ് പുറത്തുവരുന്നതെങ്കിൽ അത് സ്വർണത്തിന് വലിയ തിരിച്ചടി സമ്മാനിക്കും. കാരണം പണപ്പെരുപ്പം നേരിടാൻ യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കും. പലിശ നിരക്ക് ഉയർത്തുന്നത് പലിശ നൽകാത്ത സ്വർണത്തെ ഉപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. അതേസമയം പണപ്പെരുപ്പം ഭയന്നത്ര ഉയർന്നില്ലെങ്കിൽ പലിശ നിരക്കിൽ ബാങ്ക് കാര്യമായ മാറ്റം വരുത്തിയേക്കില്ല. ഇത് സ്വർണത്തിന് വലിയ ആശ്വാസമാകും.
ഉയരുമെന്ന് ഉറപ്പിച്ച് യുബിഎസ്
ഈ വർഷം സ്വർണ വില 2 ലക്ഷം വരെ ഉയരുമെന്നായിരുന്നു നേരത്തേ ഉള്ള പ്രവചനങ്ങൾ. എന്നാൽ ഈ വർഷം അത്തരമൊരു വർധനവിന് സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതേസമയം സമയമെടുത്താലും സ്വർണം കുതിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ യുബിഎസ് പ്രവചിക്കുന്നത്. 2027 ജൂണോടെ സ്വർണം ഔണ്‍സിന് 5200 ഡോളർ വരെ ആകുമെന്നാണ് പ്രവചനം.
കേരളത്തിൽ പവൻ വില എത്രയാകും
കേരളത്തിൽ 2026 ൻ്റെ തുടക്കത്തിലാണ് ആദ്യമായി സ്വർണം 1 ലക്ഷം കടന്നത്. പിന്നീട് ഫെബ്രുവരിയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 1.33 ലക്ഷം വരെ പവന് രേഖപ്പെടുത്തി. സ്വർണം ഈ പോക്ക് തുടർന്നാൽ 2026 ഡിസംബറോടെ 2 ലക്ഷം വരെ പവന് ഉയർന്നേക്കുമെന്നുള്ള പ്രവചനങ്ങളും ഇതോടെ ഉയർന്നിരുന്നു. എന്നാൽ ഈ വർഷം വലിയൊരു കുതിപ്പിനുള്ള സാധ്യത ഇനി ഇല്ലെന്നാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണം 5200 ഡോളർ വരെ ഉയർന്നാൽ കേരളത്തിൽ പവൻ വില 1.34 ലക്ഷത്തിന് മുകളിലായേകും. പവൻ വില മാത്രമാണ് ഇത്. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും നൽകേണ്ടി വരും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ തന്നെ രക്ഷ
സാധാരണക്കാരനെ സംബന്ധിച്ച് കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നതായിരിക്കും ഏറ്റവും ആശ്വാസം. നിലവിൽ 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് ആഭരണങ്ങൾ ജ്വല്ലറികൾ ധാരാളമായി എത്തിക്കുന്നുണ്ട്. 9 കാരറ്റ് ആഭരണങ്ങൾ നിലവിലെ വില നിലവാരത്തിൽ ഒരു പവൻ 50,000 രൂപയ്ക്കുള്ളിൽ ലഭിക്കും.


Click it and Unblock the Notifications