സ്വർണ വില 2 ലക്ഷമൊന്നും ആകില്ല, വില കുതിക്കുമോ അതോ താഴേക്കോ? സപ്റ്റംബർ 4 നിർണായകം
ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറയുകയാണ്. 1.20 ലക്ഷം വരെയെത്തിയ പവൻ വില ഇപ്പോൾ 1.16 ലക്ഷത്തിലേക്ക് എത്തി നിൽക്കുകയാണ്. സ്വർണ വില ഇനിയും കൂടുമോ അതോ കുറയുമോയെന്നാണ് ഇപ്പോൾ ആഭരണപ്രേമികൾ ഉയർത്തുന്ന ചോദ്യം. വില കുതിക്കുമെന്നും രണ്ട് ലക്ഷം വരെയൊക്കെ പവൻ വില ആയേക്കുമെന്നുള്ള ചില പ്രവചനങ്ങൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള വിലയിരുത്തലുകൾ തള്ളുകയാണ് സാമ്പത്തിക വിദഗ്ധൻ ഡോ എൻ അജിത് കുമാർ. 24 ന്യൂസ് ചാനലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം സ്വർണ വില പ്രവചനങ്ങളെ കുറിച്ച് പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'സ്വർണ വില 2 ലക്ഷം എത്തും എന്നൊക്കെ വിചാരിക്കുന്നത് വെറുതെ ദിവാസ്വപ്നമാണ് . ജനുവരിയിൽ പവൻ വില 1.30 ലക്ഷമെത്തി. അന്ന് എല്ലാവരും വിചാരിച്ചു 2 ലക്ഷം ഉടൻ ആകുമെന്ന്. എന്നാൽ സ്വർണം താഴോട്ട് വന്ന് 1.04 ലക്ഷമായി. പിന്നീട് സ്വർണ വില കൂടിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായിട്ട് കൃത്യമായിട്ട് 5000 രൂപ വെച്ച് സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഇനിയും സ്വർണ വില കൺസിസ്റ്റന്റ് ആയിട്ട് നിൽക്കും. സെപ്റ്റംബർ നാലാം തീയതി ഒരു നിർണായക ദിനമാണ്. ആണ് അന്ന് യുഎസ്സിന്റെ നോൺ ഫാം കമ്മീഷന്റെ റിപ്പോർട്ട് വരാൻ പോവുകയാണ്. ആ റിപ്പോർട്ടിൽ തൊഴിലില്ലായ്മ കൂടിയിട്ടുണ്ടെന്നാണ് പറയുന്നതെങ്കിൽ പലിശ നിരക്ക് 3.5 മുതൽ 3.75 വരെ നിൽക്കും. ആ കണ്ടീഷൻ ആണെങ്കിൽ ഇന്ത്യയിലെ ഏറ്റവും ബിഗ് ഇൻവെസ്റ്റേഴ്സ് എന്ന് പറയുന്ന എല്ലാരും വീണ്ടും ട്രഷറി ബോണ്ടിലേക്ക് പോകും, സ്വർണത്തിൻ്റെ വില ഇനിയും കുറയും.

ഇക്കാലത്ത് ഡിജിറ്റൽ ഗോൾഡിലേക്ക് മാറുന്നതാണ് ഏറ്റവും നല്ലത്. കാരണം ഒരു കടയിൽ പോയി സ്വർണം വാങ്ങുകയാണെങ്കിൽ മിനിമം ഒരു ഗ്രാം വാങ്ങണം. എന്നാൽ ഡിജിറ്റൽ ഗോൾഡ് വെറും 1 രൂപയ്ക്കും വാങ്ങാം. ഡിജിറ്റൽ ഗോൾഡിൻ്റെ പ്രധാന ഗുണം നമ്മൾക്ക് നാളെ ഫിസിക്കൽ ഗോൾഡ് വാങ്ങണമെങ്കിൽ അവർ ഫിസിക്കൽ ഗോൾഡ് തരും. കാരണം വിൽക്കുന്ന ഓരോ ഗ്രാമും അവരുടെ കയ്യിൽ ഫിസിക്കലി ഉണ്ട്. അങ്ങനത്തെവർക്ക് മാത്രമേ ഇത് സെൽ ചെയ്യാൻ പറ്റുുള്ളൂ. അങ്ങനത്തെ ഒരു സിസ്റ്റം ആണ്. മാത്രമല്ല ഇതിന് മെയ്ക്കിംഗ് ചാർജ് ഇല്ല, ജിഎസ്ടി ഇല്ല .
1.16 ലക്ഷമാണ് ഇന്ന് പവൻ വില. ഇതിനൊപ്പം ജി എസ് ടിയും മെയ്ക്കിംഗ് ചാർജും എല്ലാം നൽകണം. 15 ശതമാനം വരെയാണ് മെയ്ക്കിംഗ് ചാർജ്.അതായത് 1 പവൻ സ്വർണം വാങ്ങാൻ 1.30 ലക്ഷമെങ്കിലും കൊടുക്കണം. എന്നാൽ ഡിജിറ്റലി സ്വർണം വാങ്ങുമ്പോൾ 1 പവൻ എന്നത് 1.16 ലക്ഷത്തിന് തന്നെ നമ്മുക്ക് ലഭിക്കും', അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications