'സ്വർണ വില പവന് ഇനിയും 86,000 കൂടുമെന്നതൊക്കെ വെറും തള്ള്'; കുറഞ്ഞ നിരക്കിൽ സ്വർണം ഇങ്ങനെ വാങ്ങാം
വില കുതിച്ചതോടെ ഈ അക്ഷയ തൃതീയക്ക് സ്വർണ വിൽപ്പന കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 30 ശതമാനത്തിൻ്റെ ഇടിവ് ഉണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. ഒരു പവന് 1.20 ലക്ഷത്തിലധികം കൊടുക്കേണ്ടി വരുമ്പോൾ എങ്ങനെ വാങ്ങുമെന്ന ചോദ്യമാണ് ആഭരണപ്രിയർ ചോദിക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ ഈ വർഷം കൂടുതലായും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വ്യാപാരികൾ വിപണിയിൽ എത്തിച്ചത്. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ എത്തിച്ചതോടെ ചെറിയ നിരക്കിൽ സ്വർണം വാങ്ങാൻ ആളുകൾക്ക് സാധിച്ചുവെന്നാണ് ഗോൾഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ അംഗം എകെ സാബു പറയുന്നത്. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ
' വളരെ ചെറിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ജ്വല്ലറിക്കാർ ഒരുക്കി വെച്ചിരിക്കുന്നത്. വില കൂടിയ സാഹചര്യത്തിൽ ഏതൊരു ആളുകൾക്കും വാങ്ങാവുന്ന തരത്തിലുള്ള തൂക്കം കുറഞ്ഞ ആഭരണങ്ങൾ, പുതിയ ഡിസൈനുകളൊക്കെ ഇപ്പോൾ മാനുഫാക്ചേഴ്സ് ഉണ്ടാക്കാനും തുടങ്ങി, ജ്വല്ലറികളിൽ അത് എത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ 18 കാരറ്റ്, 14 കാരറ്റ്,9 കാരറ്റ് ആഭരണങ്ങളും ജ്വല്ലറികളിൽ തയ്യാറാണ്. അതുകൊണ്ടുതന്നെ അവരവരുടെ കയ്യിലുള്ള പണത്തിനനുസരിച്ച് സ്വർണം വാങ്ങുക എന്നുള്ള ആഗ്രഹം നിറവേറ്റാനായിട്ട് സാധിക്കും.

അക്ഷയ തൃതീയ പോലുള്ള ആഘോഷങ്ങൾ ഒക്കെ വരുമ്പോൾ ചെറിയ വിലവർദ്ധനവ് സ്വർണ്ണത്തിൽ വരുക എന്നുള്ളത് ഒരു പതിവാണ്. ഏതൊരു വസ്തുവിനും ഡിമാൻഡ് കൂടുമ്പോൾ വില കൂട്ടുന്ന ഒരു സമ്പ്രദായം ഉണ്ട് നമ്മുടെ നാട്ടിൽ .അതനുസരിച്ചിട്ട് ചെറിയൊരു വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
വളരെ വിചിത്രമായിട്ടുള്ള സാഹചര്യങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം ഉണ്ടായി തുടങ്ങിയപ്പോഴാണ് സ്വർണ വില ക്രമാതീതമായിട്ട് കൂടി തുടങ്ങിയത്. ഹമാസ് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായപ്പോൾ കൂടുതൽ കൂടുതൽ വർദ്ധിച്ചു വന്നു. പക്ഷേ ഇറാനും അമേരിക്കയും ഇസ്രയേലും ഒക്കെ ഉണ്ടായിട്ടുള്ള സംഘർഷത്തിൻ്റെ ഫലമായിട്ട് സ്വർണ വില കൂടുകയല്ല ചെയ്തത് മറിച്ച്
കുറയുകയാണ് ചെയ്തത്.കാരണം ക്രൂഡിനൊക്കെ വില കൂടുകയും അതുപോലെതന്നെ അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയും ചെയ്തപ്പോഴാണ് ഈ യുദ്ധത്തിന്റെ അവസരത്തിൽ പോലും സ്വർണവില കുറഞ്ഞത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണത്തിന്റെ വില പവന് രണ്ട് ലക്ഷം രൂപയായി വർദ്ധിക്കാനുള്ള സാധ്യത ഞങ്ങൾ കാണുന്നില്ല. വിദഗ്ധരൊക്കെ വെറുതെ ഗസ് ചെയ്യുകയാണ്. അത്രയും വലിയൊരു വിലക്കയറ്റത്തിനുള്ള സാധ്യത ഇല്ല. ട്രംപ് യുദ്ധം കുറച്ചുനാൾ നിർത്തി വെക്കാം എന്ന് പറഞ്ഞ സമയത്ത് സ്വർണവില കൂടുകയാണ് ചെയ്തത്. പക്ഷേ നമ്മൾ എല്ലാവരും വിചാരിച്ചിരുന്നത് എല്ലാ യുദ്ധങ്ങളും അവസാനിച്ചു കഴിഞ്ഞാൽ സ്വർണ വില താഴേക്ക് വരുമെന്നാണ്. വിദഗ്ധർ അങ്ങയെയാണ് പറയുന്നത്. പക്ഷെ വില എങ്ങനെ പോകും എന്ന് ഇപ്പോൾ പറയാനാകില്ല. സ്വർണവിലക്ക് വലിയ ഇടിവൊന്നും സംഭവിക്കാൻ പോകുന്നില്ല. കാരണം
ലോകവിപണി തന്നെ സ്വർണത്തെ ആശ്രയിച്ചിട്ടാണ് പോകുന്നത്. സാമ്പത്തിക രംഗം തന്നെ സ്വർണത്തെ ചുറ്റിപ്പറ്റിയാണ് പോകുന്നത്',അദ്ദേഹം പറഞ്ഞു'.












Click it and Unblock the Notifications