സ്വർണം വാങ്ങാം, 11,000ത്തോളം രൂപ ലാഭത്തിൽ; ഇനിയെന്ത് വേണം? ഡിമാന്റും കുതിക്കുന്നു
സ്വർണ വില ദിനംപ്രതിയെന്നോണമാണ് കുതിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വർണം വാങ്ങണമെങ്കിൽ ഗ്രാമിന് കൊടുക്കേണ്ടത് 7,945 രൂപയാണ്. പവന് വില 63,560 രൂപയും. 3 ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയുമൊക്കെ ആകുമ്പോൾ ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 70,000ത്ത് അടുത്ത് രൂപയെങ്കിലും കൈയിൽ കാണേണ്ടി വരുമെന്ന് സാരം.
അപ്പോൾ ഇനി ലാഭത്തിൽ സ്വർണാഭരണം വാങ്ങുന്നത് ചിന്തിക്കുകയേ വേണ്ടെന്നാണോ? അല്ല, ലാഭത്തിൽ സ്വർണം വാങ്ങാൻ മറ്റൊരു വഴിയുണ്ട്, 18 കാരറ്റിന്റെ സ്വർണാഭരണങ്ങൾ. സ്വർണപ്രേമികൾക്ക് കുറഞ്ഞത് 11,000 രൂപയെങ്കിലും ഇതിലൂടെ ലാഭം നേടാം, വിശദമായി നോക്കാം?

22 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് സ്വർണാഭരണങ്ങൾ പൊതുവെ ഉണ്ടാക്കുന്നത്. അതായത് ഇതിൽ 91.6 ശതമാനവും ശുദ്ധമായ സ്വർണമായിരിക്കും. ഇന്ന് 22 കാരറ്റ് അഞ്ച് പവൻ വാങ്ങണമെങ്കിൽ പവന്റെ വിലയും പണിക്കൂലിയും ചേർത്ത് മൂന്നരലക്ഷത്തിന് മുകളിലാണ് നൽകേണ്ടി വരിക. അതേസമയം 18 കാരറ്റ് സ്വർണത്തിൽ ശുദ്ധ സ്വർണത്തിന്റെ സാന്നിധ്യം 75 ശതമാനമായിരിക്കും. ബാക്കി 25 ശതമാനം ചെമ്പ് , വെള്ളി തുടങ്ങിയ ലോഹങ്ങളായിരിക്കും ചേർത്തിരിക്കുക. സ്വർണം കുറഞ്ഞ അളവിലായിരിക്കും എന്നതിനാൽ വില നടുവൊടിക്കില്ല.
ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 6515 രൂപയാണ്. ഒരു പവന് 52,120 രൂപയും. എന്നുവെച്ചാൽ 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോൾ 11,440 രൂപയെങ്കിലും ലാഭമുണ്ട്. പവന് വില വർധിക്കാൻ തുടങ്ങിയതോടെ 18 കാരറ്റ് സ്വർണത്തോട് ആളുകൾക്ക് പ്രിയം കൂടിയെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വർഷം മാത്രം 225 ടൺ 18 കാരറ്റ് സ്വർണമാണത്രേ ഇന്ത്യയിൽ വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. വില വർധനവ് മാത്രമല്ല വ്യത്യസ്തമായ ഡിസൈനുകളും ഇവയിൽ ലഭിക്കുമെന്നത് 18 കാരറ്റിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്.
18 കാരറ്റിൽ തയ്യാറാക്കുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ചോദിച്ചാണ് യുവാക്കൾ ഇപ്പോൾ ജ്വല്ലറികളിൽ എത്തുന്നതെന്ന് കടയുടമകൾ പറയുന്നു. സ്വർണം ധരിക്കാൻ ഇഷ്ടമുള്ള യുവാക്കൾക്ക് മുൻപത്തെ പോലെ വലിയ ആഭരണങ്ങൾ വാങ്ങിയിടുന്നതിനോട് താത്പര്യമില്ല. മറിച്ച് ലൈറ്റ് വേറ്റ് ഗോൾഡുകളാകുമ്പോൾ അണിഞ്ഞൊരുങ്ങിയെന്ന പ്രതീതിയുണ്ടാകില്ല. എന്നാൽ എലഗെന്റ് ലുക്ക് നൽകുകയും ചെയ്യും', ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവാഹാവശ്യങ്ങൾക്ക് വാങ്ങുന്നവർ 22 കാരറ്റ് സ്വർണം തന്നെയാണ് കൂടുതലായി വാങ്ങുന്നത്. നിക്ഷേപം എന്ന നിലയിൽ കൂടിയാണ് ഇത് കണക്കാക്കുന്നത്.
പക്ഷെ 22 കാരറ്റ് ആയാലും 18 കാരറ്റ് ആയാലും പണിക്കൂലിയിൽ യാതൊരു മയവും ഇല്ല കേട്ടോ. പണിക്കൂലി ഭയന്ന് മടിച്ച് നിൽക്കുന്ന സ്വർണപ്രേമികളെ ആകർഷിക്കാൻ ജ്വല്ലറിക്കാർ ഇപ്പോൾ പണിക്കൂലിയും ചില ഓഫറുകളും പ്രമോഷനുകളുമൊക്കെ അവതരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications