സ്വർണ്ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു: ആഭരണങ്ങളോട് നോ പറഞ്ഞ് ഇന്ത്യക്കാർ; കണക്കുകള്‍ ഇതാ..
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്ന സമയങ്ങളിലൊന്നാണ് നവരാത്രി-ദസറ സീസണ്‍. എന്നാല്‍ വിലയിലെ വർധനവ് ഇത്തവണ വിപണയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സീസണില്‍ സ്വർണ്ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 25 ശതമാനം ഇടിഞ്ഞ് 18 ടണ്ണായെന്നാണ് ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ വില്‍പ്പന 24 ടണ്‍ ആയിരുന്നു.
വിലയില്‍ ഉണ്ടായിരിക്കുന്ന വർധനവ് തന്നെയാണ് ഡിമാന്‍ഡ് കുറയാനുള്ള പ്രധാന കാരണം. 10 ഗ്രാമിന് 1.16 ലക്ഷം എന്ന നിരക്കിലാണ് നിലവില്‍ വില്‍പ്പന നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം ഇതേസമയം പത്ത് പവന്റെ നിരക്ക് 78000 രൂപയായിരുന്നു. അതായത് ഒരു വർഷം കൊണ്ട് വിലയില്‍ ഉണ്ടായിരിക്കുന്നത് 48 ശതമാനത്തിന്റെ വർധനവ്.

ഉയർന്ന വിലകൾ കാരണം പുതിയ സ്വർണം വാങ്ങുന്നതിനോട് ഉപഭോക്താക്കൾ മടികാണിക്കുന്നതിനാൽ പഴയ സ്വർണം കൈമാറ്റം ചെയ്തുള്ള വാങ്ങൽ 50-55% വരെ വർധിച്ചതായി ഐ ബി ജെ എ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത ചൂണ്ടിക്കാണിക്കുന്നു. "ഉപഭോക്താക്കൾ 5 മുതൽ 7 ഗ്രാം വരെ പുതിയ സ്വർണം പഴയ സ്വർണത്തോടൊപ്പം ചേർത്ത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നു," മുംബൈയിലെ സാവേരി ബസാറില്‍ വർഷങ്ങളായി കച്ചവടം നടത്തുന്ന മേത്ത വ്യക്തമാക്കി.
ദസറ കാലയളവില്‍ ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞെങ്കിലും സ്വർണ-വെള്ളി നാണയങ്ങളുടെ ഡിമാൻഡ് കുത്തനെ ഉയർന്നു. 5 ഗ്രാം സ്വർണ നാണയങ്ങളും 20 ഗ്രാം വെള്ളി നാണയങ്ങളും വൻതോതിൽ വിറ്റഴിഞ്ഞതായി വ്യാപാരികൾ അറിയിച്ചു. "നിക്ഷേപത്തിനായി സ്വർണ-വെള്ളി കട്ടികളുടെ ആവശ്യവും കുത്തനെ ഉയർന്നു. വള, നെക്ലേസ്, വജ്രാഭരണങ്ങൾ എന്നിവയും ശുഭാപ്തി വിശ്വാസത്തോടെ വാങ്ങപ്പെടുന്നുണ്ട്," പൂനെ ആസ്ഥാനമായുള്ള പി എൻ ജി ജ്വല്ലേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ സൗരഭ് ഗഡ്ഗിൽ പറഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ബുക്കിംഗും വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിൽ ദസറയോടനുബന്ധിച്ചുള്ള സ്വർണ വിൽപ്പന കുറഞ്ഞതായി ജോസ് അലുക്കാസിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് അലുക്കാസും വ്യക്തമാക്കുന്നു. "പലരും സ്വർണ കട്ടികള്‍ വാങ്ങി, വരാനിരിക്കുന്ന വിവാഹ സീസണിൽ ആഭരണങ്ങളാക്കി മാറ്റാൻ പദ്ധതിയിടുന്നു. 10-20 ഗ്രാം സ്വർണ ബാറുകൾക്ക് ഡിമാൻഡ് കൂടുതലാണ്. പഴയ സ്വർണ കൈമാറ്റം 55-60% വരെ ഉയർന്നു," അദ്ദേഹം വ്യക്തമാക്കി. 18, 14, 9 കാരറ്റ് വജ്രാഭരണങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾ സ്വർണാഭരണങ്ങളിലാണ് കൂടുതൽ താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സെന്‍ട്രല്‍ ഇന്ത്യയില്‍ ശുഭാപ്തി വിശ്വാസത്തോടെ ആഭരണങ്ങളോടുള്ള ഡിമാൻഡ് ഇപ്പോഴും ശക്തമാണെന്നാണ് മധ്യപ്രദേശ് ആസ്ഥാനമായുള്ള ഡിപി അഭൂഷൻ പ്രൊമോട്ടർ വികാസ് കടാരിയ അഭിപ്രായപ്പെടുന്നത്. "വിവാഹ ആഭരണങ്ങൾ, ഭാരം കുറഞ്ഞ ഡിസൈനുകൾ, പോൾക്കി ആഭരണങ്ങൾ എന്നിവയ്ക്ക് ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഉയർന്ന വിലകൾ ഉണ്ടെങ്കിലും, ഉത്സവ സീസണിനോടുള്ള പ്രതീക്ഷ ശക്തമാണ്," അദ്ദേഹം പറഞ്ഞു.
"വില ഇനി ഉടൻ കുറയാൻ സാധ്യതയില്ലെന്ന് കരുതുന്ന ഉപഭോക്താക്കൾ, വരാനിരിക്കുന്ന ധനതേരസ്, ദീപാവലി, വിവാഹ സീസണുകൾക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മേത്ത വ്യക്തമാക്കി. ദസറയിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും വിജയവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത്തവണ ആളുകള്‍ പതിവുപോലെ സ്വർണ്ണം വാങ്ങിയിട്ടുണ്ട്. എന്നാല്‍ വാങ്ങുന്ന അളവില്‍ കുറവ് വരുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications