സ്വർണ്ണം വില കുതിച്ചു.. ക്രെഡിറ്റ് കാർഡുകളും സ്വാഹ; വായ്പകള്‍ കൂടുതല്‍ സ്വർണ്ണപ്പണയത്തിന്മേല്‍
സ്വർണ്ണ വിലയിലെ കുതിപ്പ് രാജ്യത്തെ സ്വർണ്ണപ്പണയ വായ്പകളിലുണ്ടാക്കിയിരിക്കുന്നത് റെക്കോർഡ് നിരക്കിലെ വർധനവ്. സ്വർണ്ണപ്പണയ വായ്പകള്‍ ആദ്യമായി ക്രെഡിറ്റ് കാർഡ് വായ്പകളെ മറികടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2025 ല്‍ ഓഗസ്റ്റ് വരെ ബാങ്കുകൾ നൽകിയ സ്വർണപ്പണയം 3.06 ലക്ഷം കോടി രൂപയുടേതാണ്. അതേസമയം ക്രെഡിറ്റ് കാർഡ് കടം 2.89 ലക്ഷം കോടി രൂപ മാത്രമായിരുന്നു. സ്വർണവിലയിലെ വർധനവിനോടൊപ്പം തന്നെ ആർ ബി ഐയുടെ പുതിയ നിയമങ്ങളും ജനങ്ങള്‍ക്കിടയില്‍ സ്വർണ്ണപ്പണയം കൂടുതല്‍ ആകർഷകമാക്കുകയായിരുന്നു.
2025 സാമ്പത്തിക വർഷത്തിൽ സ്വർണപ്പണയങ്ങളുടെ വിപണി ഇരട്ടിയിലധികം വളർന്നു. മാർച്ച് 2025-ഓടെ, ഓർഗനൈസ്ഡ് സ്വർണകട മാർക്കറ്റിന്റെ ആസ്തി (AUM) 11.8 ലക്ഷം കോടി രൂപയായിരുന്നു. അതായത് 2024-ലെ 5.7 ലക്ഷം കോടി രൂപയിൽ നിന്ന് 103% വളർച്ച. ഓഗസ്റ്റ് 2025-ഓടെ ഈ തുക 3.06 ലക്ഷം കോടി രൂപയിലെത്തി ക്രെഡിറ്റ് കാർഡ് കടത്തിന്റെ 2.89 ലക്ഷം കോടി രൂപയെ പിന്നിലാക്കി. ഐസിആർഎ റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷങ്ങളിൽ സ്വർണപ്പണയങ്ങള്‍ 26% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തി. ഇതില്‍ തന്നെ ബാങ്കുകൾ എൻബിഎഫ്‌സികളെക്കാൾ (26% vs 24%) മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

മൊത്തം വായ്പയുടെ തോതിലുണ്ടായ 15 ശതമാനം വളർച്ചയും സ്വർണ്ണപ്പണയത്തില്‍ നിർണ്ണായകമായിട്ടുണ്ട്. സെപ്റ്റംബർലെ ഡാറ്റ പ്രകാരം, ഉപഭോഗ വായ്പകളുടെ മൊത്തം തുക 106 ലക്ഷം കോടി രൂപയായി ഉയർന്ന. ഇതില്‍ സ്വർണ വായ്പകള്‍ 35% വളർച്ചയോടെ പ്രധാന പങ്ക് വഹിച്ചു. ഐ ഡി ആർ ബി ഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 2025-ൽ സ്വർണകട ആവശ്യകത 122% വർധിച്ച് 2.94 ലക്ഷം കോടി രൂപയിലെത്തിയെന്നാണ്. പ്രധാനമായും ഉയർന്ന സ്വർണവിലയും ആർ ബി ഐ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം.
സ്വർണ്ണവായ്പയുടെ ഈ മുന്നേറ്റത്തിന് ഇടയില്‍ തന്നെ ക്രെഡിറ്റ് കാർഡ് വായ്പകളുടെ പ്രശ്നങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ജൂലൈ 2025-ലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യക്കാർ 33886 കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് ബാക്കി തിരിച്ചടയ്ക്കേണ്ടതുണ്ട്. അതിൽ 30,000 കോടി രൂപയോളം മൂന്ന് മാസത്തിലധികം തിരിച്ചടവ് വൈകിയിരിക്കുന്നു. ക്രെഡിറ്റ് കാർഡുകളുടെ ഉയർന്ന പലിശനിരക്കുകൾ (36-48%) കാരണം, ജനങ്ങൾ കുറഞ്ഞ പലിശയുള്ള (8-12%) സ്വർണപ്പണയത്തിലേക്ക് കൂടുതലായി തിരിയുന്നുവെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തില്‍ പറഞ്ഞത് പോലെ സ്വർണവിലയുടെ മുന്നേറ്റമാണ് സ്വർണ്ണ വായ്പയില്‍ നിർണ്ണായകമായത്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം സ്വർണവില 57.70% വർധിച്ചു. ഒരു വർഷത്തിനിടെ, 10 ഗ്രാം സ്വർണത്തിന്റെ വില 72,874 രൂപയിൽ നിന്ന് 1,09,388 രൂപയിലെത്തി. അതായത് ഏകദേശം 50% വർധന. ഇന്നത്തെ വിപണി നിലവാരം അനുസരിച്ച് 24 കാരറ്റ് സ്വർണം ഗ്രാമിന് 12415 രൂപയും 22 കാരറ്റിന് 11380 രൂപയുമാണ് വില.
ഉയർന്ന വില കാരണം ബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാൻ കഴിയുന്നു. ഉദാഹരണത്തിന് നേരത്തെ 10 ഗ്രാം സ്വർണത്തിന് 50000 വായ്പ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അത് ഒരു ലക്ഷം വരെയാണ്. സ്വർണം 'സുരക്ഷിത നിക്ഷേപം' ആയി തിരിച്ചുവരുന്നതിനാൽ, മധ്യവർഗ്ഗ കുടുംബങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് (വിവാഹം, വിദ്യാഭ്യാസം, മെഡിക്കൽ) സ്വർണത്തെ 'പണമാക്കി' ഉപയോഗിക്കുന്നത് വ്യാപകമായി മാറിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗതമായി എൻബിഎഫ്‌സികളുടെ (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ) കുത്തകയായിരുന്ന സ്വർണകട മേഖലയിലേക്ക് ബാങ്കുകൾ ശക്തമായി കടന്നുവന്നതായും കാണാന്‍ സാധിക്കും. മുത്തൂറ്റ് ഫിനാൻസ് പോലുള്ള എൻബിഎഫ്‌സികളുടെ മാതൃകയാണ് ഇതിന് പ്രചോദനം. കേരളത്തിലാണെങ്കില്‍ കെ എസ് എഫിയും ഇപ്പോള്‍ വലിയ തോതില്‍ സ്വർണ്ണപ്പണയ ഇടപാടുകള്‍ നടത്തുന്നു.












Click it and Unblock the Notifications