സ്വർണ വിലയിൽ വൻ ഷോക്ക്; പക്ഷെ കേരളത്തിൽ നിന്ന് തന്നെ വാങ്ങിക്കോ മലയാളികളേ..കാരണം ഉണ്ട്
പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പറക്കുകയാണ് സ്വർണവില. ആഗോളവിപണയിലെ വില വർധനയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് സർവ്വകാല റെക്കോഡ് തുകയാണ് രേഖപ്പെടുത്തിയത്.
റഷ്യ-യുക്രൈൻ വെടിനിർത്തൽ ധാരണ വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില കുറയാൻ കാരണമാകുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ വ്യാപാര യുദ്ധവും യുഎസിന് മേൽ പകരും താരിഫ് ചുമത്താനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനവും യുഎസിലെ പണപ്പെരുപ്പ ഭീതിയുമെല്ലാം സ്വർണത്തിന്റെ വില കുതിക്കാൻ കാരണമായി.

ഇന്ന് കേരളത്തിൽ ഗ്രാമിന് 55 രൂപയാണ് ഉയർന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 8120 രൂപയായി . അതായത് ഇന്നലത്തെ അപേക്ഷിച്ച് 440 രൂപ അധികം. പവന് വില 64,960 രൂപ തൊട്ടു. 40 രൂപ കൂടി വർധിച്ചാൽ 65,000 എന്ന റെക്കോഡിലെത്തും കേരളത്തിലെ സ്വർണവില. ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് 70,000 രൂപയെങ്കിലും നൽകണം.
വില കുതിക്കുന്ന സാഹചര്യത്തിൽ സ്വർണം ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് സ്വർണപ്രേമികൾ. ഇന്ത്യ വിട്ടാൽ യുഎഇയിൽ നിന്ന് സ്വർണം വാങ്ങാനാണ് പൊതുവെ മലയാളികൾ ശ്രമിക്കാറുള്ളത്. ശുദ്ധ സ്വർണം, കൂടാതെ നികുതി ഇല്ലെന്നതൊക്കെ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സ്വർണവിലയുള്ള 5 രാജ്യങ്ങളുടെ പട്ടികയെടുത്താൽ അവിടെ യുഎഇ ഇല്ല. അമേരിക്ക, സ്വിറ്റ്സർലാൻഡ് , ഇന്തോനേഷ്യ, യുകെ, സിംഗപ്പൂർ ഒക്കെയാണ് ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ കഴിയുന്ന രാജ്യങ്ങൾ.
ഇനി ഇന്ത്യയിൽ നിന്ന് തന്നെയാണ് വാങ്ങുന്നതെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം കിട്ടുന്നതെന്ന് എവിടെ നിന്ന് എന്ന് കൂടി നോക്കാം, അതിനായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പവൻവില പരിശോധിക്കാം
രാജ്യതലസ്ഥാനത്ത് 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് വില 81350 ആണ്. അതായത് ഒരു പവന് 65,080 രൂപ. മുംബൈയിൽ 64960 രൂപയാണ് പവന് നൽകേണ്ടത്. അഹമ്മദാബാദ്- 65,000, ബാംഗ്ലൂർ - 64960 , ചെന്നൈ- 64960, ചണ്ഡീഗഡ്-65,080, ഹൈദരാബാദ്- 64960, കൊൽക്കത്ത- 64960, ജയ്പൂർ-65,080, ലഖ്നൗ-65,080, ഗുരുഗ്രാം-65,080, പാട്ന-65,000 എന്നിങ്ങനെയാണ് വില. അതായത് കേരളം, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ പവന് വില തുല്യമാണ്. ഏറ്റവു ജയ്പൂർ, ലഖ്നൗ, ഗുരുഗ്രാം പോലുള്ള നഗരങ്ങളിലാണ് ഇന്ന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
സ്വർണം എങ്ങനെ ലാഭത്തിൽ വാങ്ങാം?
വില കൂടുതലും പണിക്കൂലിയുമെല്ലാം നടുവൊടിച്ചതോടെ സ്വർണാഭരണങ്ങൾ എങ്ങനെ ലാഭത്തിൽ വാങ്ങാമെന്ന ചിന്തയിലാണ് പലരും. 22 കാരറ്റ് സ്വർണമാണ് ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വില കൂടിയ സാഹചര്യത്തിൽ 18 കാരറ്റ് സ്വർണത്തിലേക്കാണ് ഇപ്പോൾ പലരുടേയും നോട്ടം. യുവാക്കളെല്ലാം ലൈറ്റ് വെയറ്റ് 18 കാരറ്റ് സ്വർണമാണ് ആവശ്യപ്പെടുന്നതെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. വ്യത്യസ്തമായ ഡിസൈനിൽ ലഭിക്കുമെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നിരുന്നാലും വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് 22 കാരറ്റ് സ്വർണത്തിന് തന്നെയാണ് ഡിമാന്റ്. ആളെ കൂട്ടാൻ ചില ജ്വല്ലറികൾ പണിക്കൂലിയിൽ ഓഫറുകൾ നൽകുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം വാങ്ങുന്നവരും ഏറുകയാണെന്നും ജ്വല്ലറിക്കാർ പറയുന്നു.












Click it and Unblock the Notifications