സ്വർണവിലയില്‍ വന്‍ ഇടിവ്; മാസത്തിലെ ഏറ്റവും വലുത്: ഇന്ന് തന്നെ വാങ്ങിയാല്‍ വന്‍ ലാഭം, നാളെ വർധനവ്?
സ്വർണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് വർഷാവസാനം വിപണിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാന വിപണിയില്‍ സ്വർണ വില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ വിലയില്‍ വലിയ വർധനവുണ്ടായെങ്കിലും ആശ്വാസമായി ഇന്നലേയും ഇന്നുമായി വില കുത്തനെ താഴേക്ക് വന്നിരിക്കുകയാണ്.
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് പവന് 720 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 57120 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ വില-57840. സമീപകാലത്ത് ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. ഗ്രാം വില 90 രൂപയുടെ ഇടിവോടെ വെള്ളിയാഴ്ചത്തെ നിരക്കായ 7230 ല്‍ നിന്നും 7140 ലേക്ക് എത്തി.

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റില്‍ 784 രൂപയുടെ ഇടിവുണ്ടായതോടെ പവന്‍ വില കഴിഞ്ഞ ദിവസത്തെ 63096 ല്‍ നിന്നും 62312 ലേക്ക് എത്തി. ഗ്രാം വില 98 രൂപ കുറഞ്ഞ് 7789 മായി. 18 കാരറ്റിന് പവന് 592 രൂപയും ഗ്രാമിന് 74 രൂപയും കുറഞ്ഞ് വില യഥാക്രമം 46736 ലേക്കും 5842 ലേക്കുമെത്തി.
യുഎസ് പണപ്പെരുപ്പ ഡാറ്റ വന്നതിന് പിന്നാലെയായിരുന്നു രണ്ടാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഏതാനും ദിവസം മുമ്പ് സ്വർണ വില എത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യത വര്‍ധിച്ചതോടെ സ്വാഭാവികമായും വില മുകളിലേക്ക് ഉയർന്നു. പലിശ നിരക്ക് കുറയുന്നതോടെ സ്വർണത്തിന്റെ ഡിമാന്‍ഡും വിലയും ഉയരും.
രാജ്യാന്തര വിപണിയില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 2,720 ഡോളര്‍ വരെ ഉയർന്നുവെങ്കിലും നിക്ഷേപകർ ലാഭമെടുക്കലിലേക്ക് വഴിമാറിയത് വിലയിടിവിന് കാരണമായി. നിലവില്‍ രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 2648.95 ഡോളറാണ്. നിലവില്‍ താഴേക്ക് പോയെങ്കിലും വരും ദിവസങ്ങലില്‍ വില മുകളേക്ക് തന്നെ വന്നേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഒരു പവന്‍ സ്വർണത്തിന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഡിസംബറില്‍ സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 480 രൂപ കുറഞ്ഞതോടെ വില 56720 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. എന്നാല്‍ മൂന്നാം തിയതിക്ക് ശേഷം വലിയ ചാഞ്ചാട്ടം വിലയില്‍ അനുഭവപ്പെട്ടു. തുടർച്ചയായ വർധനവിന് ശേഷം 11-ാം തിയതി വില 58280 രൂപയിലേക്ക് എത്തി. 12 നും ഈ നിരക്കിലായിരുന്നു വില്‍പ്പന. മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇത്.












Click it and Unblock the Notifications