സ്വർണ വിലയില്‍ ജ്വല്ലറിക്കാരുടെ തട്ടിപ്പോ? എന്തുകൊണ്ട് ഇന്ന് കുറിച്ചില്ല; യുഎഇയുമായുള്ള വ്യത്യാസം 3440 രൂപ
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വർണം വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ദിനമാണ് അക്ഷയ തൃതീയ. ഈ ദിവസങ്ങളില്‍ സ്വർണം വാങ്ങിയാല്‍ അത് ഐശ്വര്യം വർധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ കൂട്ടത്തോടെ ജ്വല്ലറികളിലേക്ക് എത്തുന്നു. വില ഉയർന്ന് നില്‍ക്കുന്ന സാഹചര്യമാണെങ്കിലും പതിവുപോലെ ഈ അക്ഷയ തൃതീയ ദിനത്തിലും ജനം ജ്വല്ലറികളിലേക്ക് എത്തുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഇന്ന് സ്വർണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസത്തെ നിരക്കായ ഗ്രാമിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ രണ്ട് ദിവസമായിട്ടും ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞില്ലെന്ന എന്നതാണ് ശ്രദ്ധേയം. ഇതോടെ അക്ഷയ തൃതീയ ദിനമായ ഇന്നത്തെ കച്ചവടം ലക്ഷ്യമിട്ട് വില നിശ്ചയിക്കുന്ന ജ്വല്ലറി ഉടമകളുടെ സംഘടനകള്‍ വില പിടിച്ച് നിർത്തുകയാണെന്ന ആരോപണവും ചിലർ ഉയർത്തുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ ഒരു ട്രോയ് ഔണ്‍സ് സ്വർണത്തിന്റെ നിരക്ക് ഇന്നലെ 3325 ഡോളറായിരുന്നു. ഇന്ന് അത് 3304 ഡോളറിലേക്ക് കുറഞ്ഞു. ഡോളറിനെതിരെ ഇന്ത്യൻ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത് എന്നതും കേരളത്തില്‍ സ്വർണ വില കുറയാനുള്ള അനുകൂല സാഹചര്യം ഒരുക്കിയിരുന്നു. പതിവ് രീതിയിലായിരുന്നെങ്കില്‍ ഗ്രാമിന് 10-20 രൂപയും പവന് 80-160 രൂപയും കുറയേണ്ടതായിരുന്നു. എന്നാല അത് ഉണ്ടാകാത്തതാണ് ചിലരുടെ സംശയങ്ങള്‍ക്ക് ഇടയാക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില താഴേക്ക് പോകാന്‍ പ്രധാനമായും കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയർത്തിവിട്ട താരിഫ് യുദ്ധഭീതി അകന്നതും യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിക്കുന്നതുമാണ്. അമേരിക്കന്‍ ഓഹരി വിപണികള്‍ നേട്ടത്തിലേക്ക് തിരികെ വന്നതും സ്വർണത്തിന് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ 35000 ഡോളറില്‍ വരെ എത്തിയ വിലയാണ് ഇപ്പോള്‍ താഴ്ന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലേത് പോലെ തന്നെ അക്ഷയ തൃതീയ ദിനത്തില്‍ വലിയ കച്ചവടം നടക്കുന്ന ഒരു വിപണിയാണ് യു എ ഇ. ഇന്ത്യയേക്കാള്‍ വില കുറഞ്ഞ് നില്‍ക്കുന്ന രാജ്യമായതിനാല്‍ തന്നെ ധാരാളം ആളുകള്‍ യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നു. സ്വാഭാവികമായും അക്ഷയതൃതീയയില്‍ ഇന്ത്യക്കാരില്‍ നിന്നും വലിയ തോതിലുള്ള വാങ്ങല്‍ യു എ ഇയിലെ ജ്വല്ലറി ഉടമകള്‍ പ്രതീക്ഷിക്കുന്നു.
അക്ഷയ തൃതീയ സ്വാധീനമാണോ എന്ന് വ്യക്തം അല്ലെങ്കിലും യു എ ഇ വിപണിയിലും ഇന്ന് സ്വർണത്തിന്റെ വില കുറഞ്ഞില്ല എന്നുള്ളതും ശ്രദ്ധേയമാണ്. യു എ ഇയില്‍ ഇന്ന് 22 കാരറ്റ് സ്വർണം വാങ്ങാന്‍ നല്‍കേണ്ടത് ഗ്രാമിന് 369 യു എ ഇ ദിർഹമാണ്. അതായത് ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 8550 രൂപയാണ് നല്‍കേണ്ടത്. ഇന്നലേയും ഇതേ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. 21 കാരറ്റിന് 354 ദിർഹവും 18 കാരറ്റിന് 303.25 ദിർഹവുമാണ് വില.
കേരളത്തിലേയും യു എ ഇയിലും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പതിവ് പോലെ മോശമല്ലാത്ത വില വ്യത്യാസവും കാണാന്‍ സാധിക്കും. ഗ്രാമിന് 369 യു എ ഇ ദിർഹം എന്ന നിരക്കില്‍ ഒരു പവന് നല്‍കേണ്ടത് 2952 ദിർഹം നല്‍കേണ്ടി വരും. ഇന്ത്യന്‍ രൂപയിലേക്ക് കണക്കാക്കുയാണെങ്കില്‍ 68400 രൂപയാണ് യു എ ഇയില്‍ ഒരു പവന്റെ വില. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ വിലയില്‍ നിന്നും ഒരു പവന് 3440 രൂപയോളം കുറവുണ്ട് യു എ ഇ വിപണിയില്‍.












Click it and Unblock the Notifications