സ്വർണ വില കുത്തനെ കുറയും: അതും പവന് 51000 രൂപയിലേക്ക്; സ്വർണഖനി ഉടമയുടെ പ്രവചനം ഇങ്ങനെ
പിടിവിട്ട് കുതിക്കുന്ന സ്വർണ്ണ വില ഇനിയും ഏറെ മുകളിലേക്ക് പോകുമെന്നാണ് പല വിദഗ്ധരും പ്രവചിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രവചനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സമീപകാലത്ത് റെക്കോർഡ് ഉയരങ്ങൾ താണ്ടിയെങ്കിലും ഇനി വില കുത്തനെ ഇടിയുമെന്നാണ് പ്രമുഖ ഖനന കമ്പനി മേധാവിയുടെ പ്രവചനം.
സ്വർണവില 12 മാസത്തിനുള്ളിൽ ഒരു ഔൺസിന് 2500 ഡോളറിലേക്ക് (ഏകദേശം 2.1 ലക്ഷം രൂപ) താഴുമെന്നാണ് കസാഖ്സ്ഥാനിലെ രണ്ടാമത്തെ വലിയ സ്വർണ ഖനന കമ്പനിയായ സോളിഡ്കോറിന്റെ സി ഇ ഒ വിറ്റാലി നെസിസ് അഭിപ്രായപ്പെടുന്നത്. നിലവിൽ 3300 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്വർണവില, ഈ വർഷം 26 ശതമാനത്തോളമാണ് വർധിച്ചത്. ഒരു ഘട്ടത്തില്‍ 3500 ഡോളർ എന്ന നിരക്കിലേക്ക് വരെ എത്തിയുരുന്നു.

വിറ്റാലി നെസിസിന്റെ പ്രവചനം ശരിയാകുകയാണെങ്കില്‍ കേരളത്തല്‍ ഒരു പവന് സ്വർണത്തിന്റെ വില ഏകദേശം 51000 രൂപയായിരിക്കും. ആഗോളതലത്തിൽ നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ സംഭവങ്ങളോടുള്ള അമിത പ്രതികരണമായാണ് സ്വർണവില ഇത്തരത്തില്‍ ഉയർന്നതെന്നാണ് വിറ്റാലി നെസിസ് വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കുന്നത്.
യുഎസ്-ചൈന വ്യാപാര സംഘർഷം, ട്രംപിന്റെ തീരുവ നയങ്ങൾ, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ എന്നിവ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വർധിപ്പിച്ചു. എന്നാൽ, ഈ ഉയർച്ച "അതിശയോക്തിപരം" ആണെന്നും, വില 1800-1900 ഡോളർ എന്നതിലേക്ക് തിരിച്ചെത്തില്ലെങ്കിലും, 2500 ഡോളറിലേക്കെങ്കിലും എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, തുടക്കത്തില്‍ പറഞ്ഞത് പോലെ തന്നെ പല വിദഗ്ധരും ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ഗോൾഡ്മാൻ സാക്‌സ്, ജെപി മോർഗൻ തുടങ്ങിയ ബാങ്കുകൾ 2025 അവസാനത്തോടെ സ്വർണവില 4,000 ഡോളറിന് (3.34 ലക്ഷം രൂപ) മുകളിലെത്തുമെന്നാണ് പ്രവചിക്കുന്നു. താരിഫ് യുദ്ധ ഭീഷണി, കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ എന്നിവ വർധനവിന് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്വർണവിലയ ഇത്തരത്തില്‍ വർധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധർ ഉപദേശിക്കുന്നത് നിക്ഷേപ പോർട്ടിഫോളിയോയുടെ 5-10 സ്വർണ്ണമായിരിക്കണമെന്നാണ്. "വില താഴുമ്പോൾ കൂടുതൽ വാങ്ങുക എന്നത് നല്ല തന്ത്രമാണ്," എന്ന് വെൻചുറയിലെ കമ്മോഡിറ്റി മേധാവി എൻഎസ് രാമസ്വാമി അഭിപ്രായപ്പെടുന്നു. എന്നാൽ, അമിത പ്രതീക്ഷകളോടെ വൻതോതിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രണ്ടാം തവണയും അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച സാമ്പത്തിക, വ്യാപാര, ജിയോപൊളിറ്റിക്കൽ നയങ്ങൾ സ്വർണവിലയിൽ കാര്യമായ സ്വാധീനമാണ് ചെലുത്തുന്നത്. സ്വർണം ഒരു 'സുരക്ഷിത ആസ്തി'ആയതിനാൽ, സാമ്പത്തിക അനിശ്ചിതത്വം, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ, പണപ്പെരുപ്പം എന്നിവ വർധിക്കുമ്പോൾ സ്വാഭാവികമായും വിലയും ഉയരാറുണ്ട്.
അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായി ചൈന, കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ഏർപ്പെടുത്താനുള്ള നീക്കമാണ് വ്യാപര യുദ്ധ ഭീതി സൃഷ്ടിച്ചത്. ഇത് സാമ്പത്തിക അനിശ്ചിതത്വ ഭീതിയുണ്ടാക്കുകയും തൽഫലമായി, നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് തിരിയുകയും ചെയ്തു. ഡിമാന്‍ഡിലെ വർധനവ് വിലയിലും പ്രതിഫലിച്ചു.
പണപ്പെരുപ്പ ഭീഷണിയും സ്വർണത്തിന്റെ ആകർഷണം വർധിപ്പിച്ചു. ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്" നയം ഡോളറിന്റെ മൂല്യം ഉയർത്താൻ ശ്രമിച്ചെങ്കിലും, തീരുവ യുദ്ധവും ഫെഡുമായുള്ള തർക്കവും ഡോളർ സൂചികയെ 2025-ൽ മൂന്ന് വർഷത്തെ ഏറ്റഴും താഴ്ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തു.












Click it and Unblock the Notifications