സ്വർണ വില കുറഞ്ഞത് കണ്ട് സന്തോഷിക്കേണ്ട; മുന്നോട്ട് തന്നെ കുതിക്കും; കാരണം പറഞ്ഞ് സച്ചിന്‍ ജയിന്‍
പവന് 97360 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന സ്വർണ വിലയില്‍ വലിയ ഇടിവാണ് കഴിഞ്ഞ ആഴ്ചയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില മൂന്ന് ശതമാനത്തിലധികം താഴ്ന്നതോടെ ഒക്ടോബർ 24 ന് കേരളത്തിലെ വില 91200 രൂപയിലേക്ക് വരെ എത്തി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. നിലവില്‍ വില അല്‍പം മെച്ചപ്പെട്ടതോടെ പവന്‍ വില 91120 രൂപയിലാണുള്ളത്.
അവസാന ദിവസങ്ങളില്‍ വില അല്‍പം താഴ്ന്നെങ്കിലും ഭാവിയില്‍ സ്വർണം മുന്നോട്ട് കുതിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വില വർധനവ് ദീപാവലി സീസണിലെ വില്‍പ്പനയിലെ അളവില്‍ ചെറിയ ഇടിവിന് കാരണമായെങ്കിലും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ ഉത്സവ സീസണ്‍ രാജ്യം കണ്ട ഏറ്റവും വലിയ വില്‍പ്പനയായിരിക്കും നടന്നിട്ടുണ്ടാകുകയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യന്‍ റീജിയണൽ സിഇഒ സച്ചിന്‍ ജെയിന്‍ ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരുടെ എണ്ണത്തിലും റെക്കോർഡ് നിരക്കിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സീസണില്‍ പഴയ സ്വർണത്തിന്റെ ഇടപാട് ഏകദേശം 50 ശതമാനത്തോളം കഴിഞ്ഞു. നേരത്തെ ഇത് 30-50 ശതമാനം മാത്രമായിരുന്നു. ഈ പ്രവണത ശക്തമാക്കുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു നല്ല കാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
മുന്‍പ് സ്വർണം പ്രധാനമായും ആഭരണങ്ങൾക്കും സെൻട്രൽ ബാങ്കുകൾക്കും വേണ്ടി മാത്രമായിരുന്നു. അന്ന് സെൻട്രൽ ബാങ്കുകൾ സ്വർണം വിൽക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡുണ്ട്. എന്നാല്‍ ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമായി. ഇത്തരം ഡിജിറ്റല്‍ ഇടപാടുകളാണ് ഇന്ന് സ്വർണത്തിന്റെ മൊത്തം ഡിമാന്‍ഡിന്റെ 40 ശതമാനവും. കൂടാതെ മൈക്രോചിപ്പ് പോലുള്ള സാങ്കേതിക വിദ്യ രംഗത്തും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിച്ച് വരികയാണെന്നും അദ്ദേഹം പറയുന്നു.
ഭൌമരാഷ്ട്രീയ രംഗം ഏത് സമയത്തും എത്തും സംഭവിക്കാം എന്ന നിലയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലും യുഎസ് ട്രഷറിയിലും ഡോളറിലും കരുതൽ ധനം നിക്ഷേപിച്ചിരുന്ന മിക്ക രാജ്യങ്ങളും അത് സ്വർണ്ണമാക്കി മാറ്റുകയാണ്. ഡോളർ അധിഷ്ഠിത ട്രഷറികളിലുണ്ടായിരുന്ന കരുതൽ ധനം ഏകദേശം 73 ശതമാനമായിരുന്നു. നിലവില്‍ അത് 55 ശതമാനമായി കുറഞ്ഞു. ഇതാണ് സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍ വിഹിതം ഉയരാനുണ്ടായ പ്രധാന കാരണം.
നിലവിലെ സാഹചര്യത്തില്‍ ചെറുകിട ജ്വല്ലറികളേക്കാള്‍ ലാഭം ഉണ്ടാക്കുന്നത് ചെയിന്‍ സ്റ്റോറുകളും വലിയ ബ്രാന്‍ഡഡ് കമ്പനികളുമാണ്. ആളുകള്‍ സുതാര്യതയ്ക്കും വിശ്വസ്തതയ്ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇടിഎഫുകളിലും ശക്തമായ വർധനയുണ്ടായി. വർഷത്തിന്റെ തുടക്കത്തിൽ നമ്മള്‍ 57 ടണ്ണിലായിരുന്നു. ഇപ്പോൾ, ഞങ്ങൾ 88 ടൺ കവിഞ്ഞു. കട്ടി, നാണയം എന്നിവയിലുള്ള നിക്ഷേപത്തിന്റെ കാര്യത്തിലും റെക്കോർഡ് നിരക്കിലുള്ള വർധനവ് ഉണ്ടായി.
സ്വർണം നിലവിലെ വിലയില്‍ തുടർന്നേക്കാമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. വില കുറയണമെങ്കില്‍ ലോകത്തിലെ പ്രധാന നേതാക്കളായ ട്രംപ്, ഷി ജിൻപിംങ്, പുടിൻ തുടങ്ങിയവർ തമ്മിൽ പൂർണ്ണ സൗഹൃദം നിലനിൽക്കണം. അതായത് യുദ്ധങ്ങളോ സംഘർഷങ്ങളോ വ്യാപാര തർക്കങ്ങളോ ഇല്ലാതിരിക്കണം. എന്നാൽ ഇപ്പോഴത്തെ ആഗോള സാഹചര്യം അങ്ങനെല്ല. രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ കൂടുന്നതിനാൽ സ്വർണ്ണത്തിന് അനുകൂലമായ കാലമാണ്. അതിനാല്‍ തന്നെ താല്‍ക്കാലികം അല്ലെങ്കിലും വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നും സച്ചിന്‍ ജെയിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications