സ്വർണ വില 2026 ലും ഒട്ടും മോശമാക്കില്ല: പവന്‍ വില 1.25 ലക്ഷത്തിലേക്ക്; പക്ഷെ ഒരു കാര്യം ഓർക്കണം
പവന് ഒരു ലക്ഷം എന്ന നിലയിലേക്ക് ഈ വർഷം തന്നെ സ്വർണ വില എത്തുമോയെന്നാണ് ജനം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇന്നത്തെ ഞെട്ടിപ്പിക്കുന്ന വർധനയോടെ കേരളത്തില്‍ ഒരു പവന്‍ സ്വർണത്തിന്റെ വില ആദ്യമായി 94000 കടന്നിരിക്കുകയാണ്. അതായത് ഇനി ഒരു ലക്ഷത്തിലേക്ക് എത്താന്‍ വേണ്ടത് 6000 രൂപയുടെ വർധനവ് മാത്രം. ഈ നിലയിലാണ് കുതിപ്പെങ്കില്‍ ഡിസംബറിന് മുന്നേ തന്നെ ഒരു ലക്ഷം തൊട്ടാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമായി ഔൺസിന് 4000 ഡോളർ കടന്ന് മുന്നേറുന്ന സ്വർണത്തിന് അവസാന 1000 ഡോളറിന്റെ കുതിപ്പിന് വെറും 207 ദിവസങ്ങൾ മാത്രമാണ് വേണ്ടി വന്നത്. ഇതോടെ വരാനിരിക്കുന്ന വർഷത്തില്‍ സ്വർണത്തിന്റെ ഗതി എന്താകുമെന്ന ആലോചനയും വിദഗ്ധർക്കിടയില്‍ ശക്തായി കഴിഞ്ഞു.

സമീപകാല വിപണി പ്രവണതകൾ, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ, വിദഗ്ധരുടെ പ്രവചനങ്ങൾ എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ സ്വർണ വില മുന്നോട്ട് പോകാനുള്ള സാധ്യത തന്നെയാണ് തുറന്നിടുന്നത്. 2022 ഒക്ടോബറിൽ ഔൺസിന് 1,437 ഡോളറിനടുത്ത് വിലയുണ്ടായിരുന്ന സ്വർണം, 2025 ഒക്ടോബർ ആദ്യം 3,970 ഡോളറിലെത്തി. അതായത് മൂന്ന് വർഷത്തിനുള്ളില്‍ 180 ശതമാനത്തിന്റെ വർധനവ്.
2025-ൽ മാത്രം സ്വർണ വില 53% വളർച്ച നേടി. 2023-ലും 2024-ലും ഉണ്ടായത് 20% ന്റെ വളർച്ചയായിരുന്നു. റിട്ടേണിന്റെ കാര്യത്തിലെ ദീർഘകാല കണക്കുകളും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷത്തിൽ 47%, മൂന്ന് വർഷത്തിൽ 33%, അഞ്ച് വർഷത്തിൽ 15%, പത്ത് വർഷത്തിൽ 13%, ഇരുപത് വർഷത്തിൽ 11% എന്നിങ്ങനെയാണ് സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR). അതായത് സ്വർണത്തിന്റെ, അനിശ്ചിതത്വങ്ങൾക്കെതിരായ ഒരു സുരക്ഷിത ആസ്തിയെന്ന നിലയിലുള്ള കരുത്ത് ഇപ്പോഴും അതിശക്തിയായി നിലകൊള്ളുന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ സ്വർണത്തിന് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുന്നതും അത് വിലയില്‍ പ്രതിഫലിക്കുന്നത് സ്വഭാവികമായ സാമ്പതിക പ്രവണതയാണ്. 2022-ലെ റഷ്യ-യുക്രൈൻ യുദ്ധം, ചൈന-തായ്‌വാൻ സംഘർഷം, ഇസ്രായേൽ-ഹമാസ് യുദ്ധം, ഇന്ത്യ-പാക് സംഘർഷം എന്നിവ ലോകത്ത് അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതോടെ നിക്ഷേപകർ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
കേന്ദ്ര ബാങ്കുകളുടെ ഭാഗത്ത് നിന്നും സ്വർണത്തിനായുള്ല മത്സരമുണ്ടായി. 2022-ൽ 1,082 ടൺ, 2023-ൽ 1,037 ടൺ, 2024-ൽ 1,180 ടൺ എന്നിങ്ങനെയായിരുന്നു സമീപകാലത്തെ കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍. 2025 മെയ് വരെ, വേൾഡ് ഗോൾഡ് കൗൺസിൽ പ്രകാരം, ആഗോള കേന്ദ്ര ബാങ്കുകൾ 36344 ടൺ സ്വർണമാണ് കൈവശം വച്ചിരിക്കുന്നത്. ഇന്ത്യ 2024-ൽ ലണ്ടനിൽ നിന്ന് 200 ടൺ സ്വർണം തിരികെ കൊണ്ടുവന്നത് അടക്കം ഇപ്പോൾ 879.98 ടൺ സ്വർണമാണ് കൈവശം വച്ചിരിക്കുന്നത്. ഇതില്‍ 510 ടണ്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തിന് അകത്തുള്ളത്. ബാക്കി ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
യു.എസ്. സമ്പദ്‌വ്യവസ്ഥയിലെ പ്രശ്നങ്ങളും സ്വർണത്തിന്റെ ഉയർച്ചയെ ശക്തിപ്പെടുത്തി. തൊഴിൽ മേഖലയിൽ പിരിച്ചുവിടലുകൾ, സർക്കാർ ഷട്ട്ഡൗൺ, തൊഴിലില്ലായ്മ 4.3%-ലേക്ക് ഉയർന്നത് എന്നിവയെല്ലാം ഇക്കാലയളവില്‍ അമേരിക്കയിലുണ്ടായ പ്രശ്നങ്ങളാണ്. ഇത് ഫെഡറൽ റിസർവിനെ പലിശനിരക്ക് കുറയ്ക്കാൻ പ്രേരിപ്പിച്ചേക്കാം. ഇക്കാരണങ്ങള്‍ ഡോളറിനെ ദുർബലമാക്കി സ്വർണവില ഉയർത്തും. 2025-ൽ യു.എസ്. ഡോളർ സൂചിക 10% ഇടിഞ്ഞു. ട്രംപിന്റെ വ്യാപാര തീരുവകളും ഡോളറിനെ ദുർബലമാക്കി. മൂഡീസിന്റെ യു.എസ്. ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തലും ആശങ്ക വർധിപ്പിച്ചു. ഡോളറിന്റെ ആധിപത്യം കുറയുന്നതിന്റെ ലക്ഷണങ്ങളും വ്യക്തമാണ്.
ഇന്ത്യയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവായി രാജ്യം മാറി. 24000 ടൺ സ്വർണമാണ് രാജ്യത്തെ കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്നതെന്നാണ് കണക്ക്. നിലവില്‍ രാജ്യത്തെ പവന്‍ നിരക്ക് 94360 രൂപയാണെങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വർണാഭരണം വാങ്ങണെങ്കില്‍ ഒരു ലക്ഷത്തില്‍ അധികം നല്‍കേണ്ടി വരും.
വില മുന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യതയെങ്കിലും ചില അപകട സാധ്യതകളും മുന്നിലുണ്ട്. 26% വില വർധനയ്ക്ക് ശേഷം, സ്വർണം അമിതമായി വാങ്ങപ്പെട്ടതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക സ്ഥിതി സ്ഥിരത കൈവരിച്ചാൽ, വിലയിൽ ഇടിവുകള്‍ വന്നേക്കാം. എന്നിരുന്നാലും, ഗോൾഡ്മാൻ സാക്സ് 2026-ന്റെ അവസാനത്തോടെ സ്വർണവില 4900 ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു. ഈ നിരക്കിലേക്ക് എത്തിയാല്‍ കേരളത്തിലെ വില ഏതാണ്ട് പവന് 112240 രൂപയായിരിക്കും. പണിക്കൂലി കൂടി പരിഗണിക്കുമ്പോള്‍ 1.25 ലക്ഷം വരെ എത്താം.
ഈ സാഹചര്യത്തിലും പോർട്ട്ഫോളിയോയുടെ 10% വരെ സ്വർണത്തിൽ നിലനിർത്തുകയെന്നതാണ് വിദഗ്ധർ നല്‍കുന്ന ഉപദേശം."ദൈവത്തിന്റെ സ്വന്തം കറൻസി" എന്ന നിലയിൽ സ്വർണത്തിന്റെ തിളക്കം തുടരുമെങ്കിലും, ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സമയമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications