ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് 1601 കോടി രൂപയുടെ സ്വര്‍ണം, 190 കോടിയുടെ വെള്ളി! കണക്കുകള്‍ പുറത്ത്
തൃശൂര്‍: കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. പ്രതിദിനം പതിനായിരക്കണത്തിന് ഭക്തരാണ് ഗുരുവായൂരില്‍ തൊഴാന്‍ എത്തുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്ന് കൂടിയാണിത്. മുകേഷ് അംബാനി അടക്കമുള്ള ശതകോടീശ്വരന്‍മാര്‍ പ്രതിവര്‍ഷം ഗുരുവായൂരിലെത്തി മൂല്യമേറിയ നിരവധി വസ്തുക്കള്‍ കാണിക്കയായി സമര്‍പ്പിക്കാറുണ്ട്.
ഇപ്പോഴിതാ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്. ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത് എന്നാണ് പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ദേവസ്വം പറഞ്ഞിരിക്കുന്നത്. ഇത് ഏതാണ്ട് 13,9895 പവന്‍ വരും.

പവന് ഇന്നലത്തെ വിലയായ 1,14,500 രൂപ കണക്കാക്കിയാല്‍ 1,601 കോടി രൂപയുടെ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. 1,119.16 കിലോ സ്വര്‍ണത്തില്‍ 869 കിലോ സ്വര്‍ണം സ്വര്‍ണ നിക്ഷേപ പദ്ധതി പ്രകാരം എസ് ബി ഐയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് വാര്‍ഷിക പലിശയായി നല്ലൊരു തുക ഗുരുവായൂര്‍ ദേവസ്വത്തിന് വരുമാനമായി ലഭിച്ച് വരുന്നുണ്ട്.
എസ് ബി ഐയില്‍ നിക്ഷേപിച്ച സ്വര്‍ണമല്ലാതെ ഡബിള്‍ ലോക്കര്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തിയ 245.52 കിലോ ഗ്രാം സ്വര്‍ണം വേറെയുമുണ്ട്. ഇത് കൂടാതെ സ്വര്‍ണ ലോക്കറ്റുകള്‍ തയ്യാറാക്കാനായി നല്‍കിയതിന്റെ ബാക്കി 4.46 കിലോഗ്രാം കേന്ദ്ര സര്‍ക്കാരിന്റെ മുംബൈ മിന്റില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണം കൂടാതെ വെള്ളിയുടെ വലിയൊരു നിക്ഷേപവും ഗുരുവായൂര്‍ ദേവസ്വത്തിന്റെ പക്കലുണ്ട്.
ഡബിള്‍ ലോക്കര്‍ രജിസ്ട്രര്‍ പ്രകാരം 1,357 കിലോ വെള്ളിയാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. കൂടാതെ ദേവസ്വത്തിന്റെ 4978.89 ഗ്രാം വെള്ളി കേന്ദ്ര സര്‍ക്കാരിന്റെ ഹൈദരാബാദ് മിന്റിലും ഉണ്ട്. ആകെ 6,335 കിലോ വെള്ളിയാണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്. ഒരു കിലോ വെള്ളിയുടെ വില 3 ലക്ഷമായി കണക്കാക്കിയാല്‍ തന്നെ 190 കോടി രൂപയുടെ വെള്ളിയാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പക്കലുള്ളത്.
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളില്‍ വേറെയും സ്വര്‍ണ-വെള്ളി ഉരുപ്പടികളുണ്ട്. 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഗുരുവായൂരപ്പന് വിശേഷദിവസങ്ങളില്‍ ചാര്‍ത്താന്‍ 174 ഗ്രാം തൂക്കം വരുന്ന (21.75 പവന്‍) സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചിരുന്നു. തൃശ്ശൂരിലെ അജയ് ആന്‍ഡ് കമ്പനി ഉടമ സിഎസ് അജയ്കുമാറിന്റെ ഭാര്യ സിനിയുടെ വകയാണ് വഴിപാട്.












Click it and Unblock the Notifications