അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തില്‍ മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തില്‍ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കിയ ശേഷം ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ കണ്ണൂര്‍ അഴീക്കോട് വച്ചാണ് അപകടമുണ്ടായത്. ഒരു കാറില്‍ റമീസിന്റെ ബൈക്ക് ഇടിച്ചു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ റമീസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.

വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പോലീസ് ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. നേരത്തെ റമീസിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. റമീസിനെ ചോദ്യം ചെയ്യുകയുമുണ്ടായി. റെയ്ഡില്‍ കാര്യമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശിയാണ് റമീസ്. സ്വര്‍ണക്കടത്ത് സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിച്ചത്. എന്നാല്‍ വ്യക്തമായ തെളിവ് റമീസിനെതിരെ കിട്ടിയിരുന്നില്ല എന്നാണ് വിവരം. അപകടത്തില്‍ ദുരൂഹതയുണ്ടോ, മനപ്പൂര്‍വം സൃഷ്ടിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ഇടിച്ച കാറിന്റെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.












Click it and Unblock the Notifications