സ്വർണത്തിന്റെ കളി ഇനിയില്ല; വർധനവിന് ഫുള്‍സ്റ്റോപ്പ് വീഴുന്നു; ഇനി വില ഇറക്കമെന്ന് മോട്ടിലാൽ ഓസ്വാൾ
ഇന്നത്തെ 80 രൂപയുടെ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയില്‍ എത്തിയിരിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73440 രൂപയായി. ജുലൈ ഒമ്പതിന് 72000 രൂപയെന്ന ഈ മാസത്തിലെ താഴ്ന്ന നിരക്കില്‍ നിന്നുമാണ് വില മുകളിലേക്ക് കയറിയത്. സ്വർണത്തിന്റെ വില ഇനി സർവ്വകാല റെക്കോർഡും ഭേദിച്ച് മുന്നോട്ട് കുതിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2025 ന്റെ അവസാനത്തോടെ സ്വർണത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3500 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്നാണ് പ്രവചനം. അതായത് ഈ നിരക്കിലേക്ക് സ്വർണ വില എത്തുകയാണെങ്കില്‍ കേരളത്തിലെ പവന്റെ വില 90000 ത്തിന് മുകളിലേക്ക് എത്തും. എന്നാല സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രവചനമാണ് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ശക്തമായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില ഉടന്‍ തന്നെ വിലസ്ഥിരത കൈവരിക്കുമെന്നാണ് മോട്ടിലാൽ ഓസ്വാൾ പ്രവചിക്കുന്നത്. 2019-ൽ 10 ഗ്രാമിന് ഏകദേശം 30000 രൂപയായിരുന്ന 24 കാരറ്റ് സ്വർണത്തിന്റെ വില 2025-ന്റെ മധ്യത്തോടെ 1 ലക്ഷം രൂപ കവിഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടുന്നു. അതായത് ആറ് വർഷത്തിനിടെ സ്വർണ വിലയില്‍ ഉണ്ടായത് 200%ലധികം വർധനവാണ്.
ഇക്കാലയളവില്‍ സ്വർണ വില മുന്നോട്ട് കുതിക്കാനുള്ള എല്ലാ ഘടകങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവില്‍ സാഹചര്യങ്ങള്‍ മാറി വരികയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതും, വ്യാപാര അനിശ്ചിതത്വങ്ങൾ കുറയുന്നതും, കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ മന്ദഗതിയിലാകുന്നത് സ്വർണ വില സ്ഥിരത കൈവരിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്.
ഡോളർ-രൂപ വിനിമയ നിരക്കിലെ ചലനങ്ങൾ ആഭ്യന്തര വിലയെ സ്വാധീനിക്കുമെങ്കിലും, ഡോളർ സൂചികയിലെ തുടർച്ചയായ ഇടിവും ഡീ-ഡോളറൈസേഷൻ പ്രവണതകളും ഇതിനകം സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും മോട്ടിലാൽ ഓസ്വാൾ വിലയിരുത്തുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ സ്വർണ വില ഒരു വർഷത്തിൽ 32%ൽ കൂടുതൽ വർധിച്ചിട്ടില്ല. ഈ വർഷം ഇതുവരെ 30 ശതമാനത്തോളമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.
"കഴിഞ്ഞ ആഴ്ച സ്വർണം പൊതുവെ ഒരു നിശ്ചിത പരിധിക്കുള്ളിൽ വ്യാപാരം നടത്തി. യുഎസ് ഡോളറിന്റെ വീണ്ടെടുക്കലും ആഗോള സൂചനകളുടെ ദൗർബല്യവും ഇതിന് കാരണമാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ ഫെഡ് ചെയർ പവലിന്റെ നീക്കം സംബന്ധിച്ച ആശങ്കകൾ ലഘൂകരിച്ചു, ഇത് ഡോളറിനെ ശക്തിപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തുവന്ന യുഎസ് സിപിഐ ഡാറ്റ പണപ്പെരുപ്പം വർധിക്കുന്നതായി സൂചിപ്പിച്ചെങ്കിലും, അത് പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു. ഇത് യുഎസ് ഫെഡറൽ റിസർവ് അടുത്ത ഏതാനും മാസങ്ങളിൽ പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു." ജിയോജിറ്റ് ഇൻവെസ്റ്റ്മെന്റ്സിന്റെ കമ്മോഡിറ്റി ഗവേഷണ മേധാവി ഹരീഷ് വി. പറഞ്ഞു,
വില താഴേക്ക് പോകുന്നത് കാണുകയാണെങ്കില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയവർ അതിന് അനുസരിച്ചുള്ള തന്ത്രങ്ങള്‍ പുറത്തെടുക്കണമെന്നും മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ വില കുറയുമെന്ന പ്രവചനം നല്‍കുന്ന ആശ്വാസം ചെറുതല്ല.
വില കുറഞ്ഞാലും ഇല്ലെങ്കിലും വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ മുന്‍കൂർ ബുക്കിങ് നടത്തുന്നതായിരിക്കും ഉചിതം. . ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. വില കുറഞ്ഞാല്‍ അതേ നിരക്കില്‍ വാങ്ങുകയും ചെയ്യാം.












Click it and Unblock the Notifications