സ്വർണ വിലയിലെ കുതിച്ചു ചാട്ടം നേട്ടമാക്കിയത് ഇവർ: വർധനവ് നാലിരട്ടിയിലേറെ, ഇനിയും ആവർത്തിച്ചേക്കാം
ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 5,505 രൂപയിലും പവന് 44,040 രൂപയുമാണ് നിരക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞതോടെയാണ് ഈ വിലയിലേക്ക് എത്തിയത്. സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെങ്കിലും കഴിഞ്ഞ ഒരു വർഷത്തെ മാത്രം കണക്കെടുക്കുമ്പോഴും വില ഉയർന്ന് തന്നെ നില്‍ക്കുകയാണ്. 2022 ജൂണിലെ 42288 രൂപ എന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1780 രൂപയോളമാണ് നിലവിലെ വില വ്യത്യാസം.
മേയ് മാസം ഈ വ്യത്യാസം 2500 രൂപയോളമായിരുന്നു. അതായത് സമീപ ദിവസങ്ങളില്‍ സ്വർണ വിലയില്‍ ഇടിവുണ്ടായെങ്കിലും മൊത്തത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വില ഉയർന്ന് നില്‍ക്കുകയാണ്. വാങ്ങുന്നവരെ സംബന്ധിച്ച് ഈ വർധനവ് തിരിച്ചടിയാണെങ്കിലും പഴയ സ്വർണം വില്‍ക്കാനുള്ളവരും മാറ്റിയെടുക്കുന്നവരും ഈ അവസരം നേട്ടമാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര വിലയിലെ സ്വർണത്തിന്റെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർ ഈ വർഷം പഴയ സ്വർണാഭരണങ്ങള്‍ വലിയ തോതില്‍ വിറ്റഴിച്ചുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വില ഉയരുകയാണെങ്കില്‍ പഴയ സ്വർണം വില്‍ക്കുന്നതും മാറ്റിയെടുക്കുന്നതും 20 ശതമാനത്തോളം ഉയരുമെന്നാണ് പ്രതീക്ഷ. ഇത് 2019 ല്‍ സ്ഥാപിച്ച 119.5 ടണ്‍ എന്ന നിരക്കിനെ മറികടന്നേക്കുമെന്നും വേൾഡ് ഗോൾഡ് കൗൺസിലിലെ ഇന്ത്യയുടെ റീജിയണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പിആർ സോമസുന്ദരം വ്യക്തമാക്കുന്നു.
രാജ്യത്തെ സ്വർണ ഇറക്കുമതിയില്‍ ഈ വർഷം ആദ്യം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ ഇറക്കുമതിയില്‍ കുറവ് വരുത്തുന്നത് അന്താരാഷ്ട്ര വിലയിൽ നേരിയ തോതിലെങ്കിലും സ്വാധീനം സൃഷ്ടിച്ചേക്കും. അന്താരാഷ്ട്ര വിപണയില്‍ 1960 രൂപയ്ക്ക് അടുത്താണ് നിലവിലെ വില.
ഇന്ത്യയിൽ, പ്രത്യേകിച്ച് ബാങ്കിംഗ് സേവനങ്ങൾ വലിയ തോതില്‍ സജീവമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ, സ്വർണ്ണം ഇപ്പോഴും ഒരു ജനപ്രിയ നിക്ഷേപമാണ്. കർഷകർ പലപ്പോഴും മികച്ച വിളവെടുപ്പിനുശേഷം സ്വർണം വാങ്ങി സൂക്ഷിക്കും. പിന്നീട് വിത്തും വളവും മറ്റ് വസ്തുക്കളും വാങ്ങാൻ ആവശ്യമെങ്കില്‍ സ്വർണം വിറ്റ് കാശാക്കി മാറ്റുകയും ചെയ്യും. ഇന്ത്യന്‍ വീടുകളിലും ക്ഷേത്രങ്ങളിലുമായി 25,000 ടൺ സ്വർണമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ മോശം മൺസൂൺ ഉപയോഗിച്ച സ്വർണത്തിന്റെ വിൽപ്പന ഇനിയും വർദ്ധിപ്പിക്കുമെന്നും സോമസുന്ദരം പറയുന്നു. എന്നാല്‍ മഴക്കാലം ആരംഭിച്ചത് സാഹചര്യത്തെ മാറ്റിയേക്കും. 2023 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 35 ടണ്‍ സ്വർണമാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ നാലിരട്ടിയാണ് ഇത്. അതേസമയം ഈ കാലയളവില്‍ ആഭ്യന്തര വിപണയിലെ സ്വർണ വില്‍പ്പന 17 ശതമാനം ഇടിയുകയും ചെയ്തു.
പഴയ സ്വർണം വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മികച്ച വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക
കൂടുതല്‍ കാര്യങ്ങളൊന്നും അന്വേഷിക്കാതെ അടുത്തുള്ള ഏതെങ്കിലും ജ്വല്ലറിയില്‍ കൊണ്ടുപോയി കിട്ടുന്ന വിലയ്ക്ക് സ്വർണം വിറ്റ് കാശാക്കുന്നത് പലരും ചെയ്യുന്ന മണ്ടത്തരമാണ്. അല്‍പ്പം അന്വേഷിച്ച് മികച്ച വില ലഭിക്കുന്ന ജ്വല്ലറികള്‍ കണ്ടെത്തി സ്വർണം വില്‍ക്കുക. അതോടൊപ്പം തന്നെ പ്രൊഫഷണലായി സ്വർണം വാങ്ങുന്ന പല ഏജന്‍സികളും നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാരെ കണ്ടെത്തി സ്വർണം വിറ്റാല്‍ മികച്ച വില തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്.
മൂല്യ പരിശോധന എങ്ങനെ
വാങ്ങുന്നവരിൽ ഭൂരിഭാഗവും സ്വർണത്തിന്റെ മൂല്യം പരിശോധിക്കാൻ ആസിഡ് ടെസ്റ്റ്, അല്ലെങ്കില്‍ ഉരച്ച് നോക്കല്‍ രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇത് ഏറ്റവും കൃത്യമായ രീതിയല്ല, ഇതിലുടെ വില്‍ക്കുന്നയാള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. ഇതിന് പകരം കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ മൂല്യം പരിശോധിക്കുന്നവരെ വേണം തിരഞ്ഞെടുക്കാന്‍.
യഥാർത്ഥ ബിൽ സൂക്ഷിക്കാം
പഴയ സ്വർണം വിൽക്കുമ്പോൾ യഥാർത്ഥ ബിൽ ഹാജരാക്കാൻ ജ്വല്ലറികള്‍ മിക്കപ്പോഴും ആവശ്യപ്പെടാറുണ്ട്. ആഭരണത്തിന്റെ പരിശുദ്ധി ബില്ലിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ടാവും. ഇതിനാൽ പരിശുദ്ധി സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാം. വാങ്ങിയ സ്വർണത്തിന്റെ ബില്ലിൽ വിശദാംശങ്ങളുണ്ടാകുന്നതിനാൽ ജ്വല്ലറികള്‍ക്കും സ്വർണം വില്പന നടത്തുന്നയാൾക്കും ഇത് സഹായകമാണ്.
വാങ്ങിയെടുത്ത് വില്‍ക്കാം
സ്വർണാഭരണങ്ങൾ വില്പന നടത്തുമ്പോൾ, പഴയവ നൽകി പുതിയ ആഭരണം എടുക്കുമ്പോൾ വാങ്ങിയ ജുവലറിയെ തന്നെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതം. വില്പന നടത്തിയ അതേ പരിശുദ്ധിയിൽ സ്വർണം ജ്വല്ലറിയില്‍ തിരികെയെടുക്കും. മൂല്യം സംബന്ധിച്ച തർക്കങ്ങളും ഒഴിവാക്കാന്‍ സാധിക്കും.












Click it and Unblock the Notifications