സ്വർണം വില്‍ക്കുമ്പോള്‍ പഴയ ബില്ല് എന്തിന്? കൂടുതല്‍ മികച്ച വില ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം
വളരെ മൂല്യമേറിയ ലോഹം എന്ന നിലയില്‍ സ്വർണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വാങ്ങിക്കുമ്പോള്‍ പരിശുദ്ധി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെങ്കിലും വില്‍ക്കുമ്പോള്‍ പലരും അത്ര ഗൗരവം കാണിക്കില്ല. ഇത് വില്‍ക്കുന്നവർക്ക് വലിയ നഷ്ടങ്ങള്‍ വന്ന് ചേരാന്‍ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ സ്വർണം വില്‍ക്കാന്‍ ജ്വല്ലറി തിരഞ്ഞെടുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യഥാർത്ഥത്തില്‍ വാങ്ങുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ഉറപ്പ് വരുത്തിയാല്‍ തന്നെ വില്‍ക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. വിശ്വസനീയമായ ഏതെങ്കിലും ജ്വല്ലറി ഷോപ്പുകളില്‍ നിന്നും ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങൾ വാങ്ങിയാല്‍ പരിശുദ്ധിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതായിട്ടില്ല. ഇതോടൊപ്പം നിലവിലെ മാർക്കറ്റ് വില, പഴയ സ്വർണം എടുക്കുമ്പോള്‍ കുറയ്ക്കുന്ന ചാർജുകള്‍ എന്തൊക്കെ എന്ന് തുടങ്ങിയ കാര്യങ്ങളിലൊക്കെ വിശദമായ അന്വേഷണം നടത്തുകയും വേണം.

വാങ്ങിക്കുമ്പോള്‍ ലഭിച്ച ബില്ല് സ്വർണം വില്‍ക്കുമ്പോഴും ജ്വല്ലറികളില്‍ നല്‍കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് തൂക്കവും പരിശുദ്ധിയും നിർണ്ണയിക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ വില്‍ക്കുമ്പോള്‍ മികച്ച വില ലഭിക്കുന്നതിന് കല്ലുകളും മറ്റ് അലങ്കാരങ്ങളും ഇല്ലാത്ത ആഭരണം വേണം തിരഞ്ഞെടുക്കാന്‍. കല്ലുകള്‍ വിലയേറിയതാണെങ്കില്‍ അത് മാറ്റി പ്രത്യേകമായി വില്‍ക്കുന്നതായിരിക്കും നല്ലത്.
സ്വർണത്തിന്റെ പരിശുദ്ധിക്ക് വില്പന സമയത്ത് വലിയ പ്രധാന്യമുണ്ട്. വിലയിൽ പരിശുദ്ധി സ്വാധീനിക്കും. ആഭരണങ്ങൾക്ക് ഹാൾമാർക്ക് ചിഹ്നമുണ്ടോ എന്ന് ഉറപ്പാക്കണം. 24 കാരറ്റ് സ്വർണമാണോ 22 കാരറ്റ് സ്വർണമാണോ വില്പന നടത്തുന്നതെന്ന് ഉറപ്പാക്കുക. എച്ച് യു ഐ ഡി എന്ന പുതിയ ഹാള്‍മാർക്കിങ് സംവിധാനം നടപ്പിലാക്കിയത് ഇനിയുള്ള കാലങ്ങളില്‍ പഴയ സ്വർണം വില്‍ക്കല്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും.
ആസിഡ് ടെസ്റ്റ്, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി ടെസ്റ്റ് എന്നിങ്ങനെ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ജ്വല്ലറികള്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. ചില ജ്വല്ലറികളാവട്ടെ ആഭരണങ്ങൾ ഉരുക്കി സ്വർണം ഫിൽട്ടർ ചെയ്ത് പരിശുദ്ധിയും ഭാരവും നിർണയിക്കുന്നു. എന്നാല്‍ ഈ രീതിയില്‍ വില്‍പ്പനക്കാരന് നഷ്ട സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പരിശുദ്ധി പരിശോധിക്കുന്നത് എങ്ങനെയെന്നുള്ളത് പ്രധാനമാണ്.
വാങ്ങിയ ജ്വല്ലറിയില്‍ തന്നെ സ്വർണം വില്‍ക്കുക എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത് പരിശുദ്ധി, മൂല്യം തുടങ്ങിയ കാര്യങ്ങളിലെ തർക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അതോടൊപ്പം തന്നെ ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ടത് വാങ്ങിക്കുമ്പോള്‍ നല്‍കിയ പണിക്കൂലി ഉള്‍പ്പെടേയുള്ള ചാർജുകള്‍ വില്‍ക്കുമ്പോള്‍ നഷ്ടപ്പെടുമെന്നാണ്. നിലവിലെ വിപണി വിലയോ അതിനോട് അടുത്ത് നില്‍ക്കുന്ന വിലയോയായിരിക്കും സാധാരണ രീതിയില്‍ പഴയ സ്വർണം വില്‍ക്കുമ്പോള്‍ ലഭിക്കുക.
അതേസമയം, സംസ്ഥാനത്ത് സ്വർണ വില സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരുകയാണ്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 43480 എന്ന നിരക്കില്‍ തുടരുകയാണ്. 5435 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് ജൂൺ 23-ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്ക് വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകിയതും റഷ്യയിലെ അട്ടിമറി ശ്രമത്തെ തുടർന്ന് ഡോളറിന് ആവശ്യകത ഉയരുന്നതും സ്വർണ വിലയില്‍ തിരിച്ചടി സൃഷ്ടിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഒരു ഔൺസിന് 1,924 ഡോളർ എന്ന നിരക്കിലാണുള്ളത്. റഷ്യയിലെ പ്രതിസന്ധി അയഞ്ഞതോടെയാണ് സ്വർണ വില അല്‍പ്പമെങ്കിലും വീണ്ടും ഉയർന്ന് തുടങ്ങിയത്.












Click it and Unblock the Notifications