ഓണത്തിന് സ്വർണം ഞെട്ടിക്കും; 10,000 കോടിയുടെ വിൽപ്പന നടക്കും, വിലയിരുത്തൽ ഇങ്ങനെ
സ്വർണ വ്യാപാര മേഖലയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സമയമാണ് ഓണം. സ്വർണ വില ഉയർന്ന് നിൽക്കുകയാണെങ്കിലും ഇക്കുറിയും ഓണത്തിന് വിൽപ്പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യപാരികൾ. ഇത്തവണ കുറഞ്ഞത് 10,000 കോടിയുടെയെങ്കിലും വിറ്റുവരവ് ഉണ്ടാകുമെന്നാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഓണം സീസണിൽ 7000-8000 കോടിയുടെ വിറ്റുവരവാണ് ഉണ്ടായതെന്നും അസോസിയേഷൻ വ്യക്തമാക്കി.
സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ പഴയ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുന്ന രീതി സജീവമായിട്ടുണ്ട്. ഈ ഓണത്തിനും സമാനരീതിയിലുള്ള വാങ്ങൽ തന്നെയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഭാരം കുറഞ്ഞ 18 കാരറ്റ്, 14 കാരറ്റ് , 9 കാരറ്റ് ആഭരണങ്ങൾക്കും സംസ്ഥാനത്ത് പ്രിയമേറുന്നുണ്ട്. കൂടാതെ ഓണക്കാലം എന്നാൽ വിവാഹ സീസണ്‍ കൂടിയാണ്. ഇതെല്ലാം സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും. പ്രവാസികളുടെ വരവും സ്വർണ വിപണിക്ക് കരുത്താകും. കച്ചവടം സജീവമാക്കുമെന്നാണ് വ്യപാരികൾ കണക്കാക്കുന്നത്.

ഉപഭോക്താക്കൾ ഉയർന്ന അളവിൽ സ്വർണം വാങ്ങാൻ സാധ്യതയില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. അതുകൊണ്ട് വിൽപ്പന തുകയിലുണ്ടാകുന്ന വർധനവിനെ അളവുമായി കൂട്ടിക്കെട്ടേണ്ടെന്നും ഇവർ പറയുന്നു. അതേസമയം ചെറുകിട വ്യാപാരികൾ ഈ സമയത്ത് കടുത്ത പ്രതിസന്ധിയായിരിക്കും നേരിടുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതിനിടെ 10000 കോടിയുടെ വിറ്റുവരവ് എന്നത് ഒരിക്കലും ഔദ്യോഗിക കണക്കല്ലെന്ന് അസോസിയേഷൻ പറഞ്ഞു. സ്വർണ വിലയും സീസണുമൊക്കെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഇത്തരമൊരു വിലയിരുത്തലെന്നും അവർ വിശദീകരിച്ചു
ലൈറ്റ് വെയ്റ്റ് തന്നെ രക്ഷ
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 3160 രൂപയാണ് പവന് ഉയർന്നത്. ഗ്രാമിന് 395 രൂപയുടെ വർധനവും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമാണ് ഇന്നത്തെ വില. ഇത് പവൻ വില മാത്രമാണ് 3 ശതമാനം ജി എസ് ടിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും കൂടി ചേർത്ത് 1.25 ലക്ഷമെങ്കിലും നൽകാതെ ഒരു പവൻ വാങ്ങാൻ ആകില്ലെന്ന് സാരം.
ഓണ ദിവസം അടുക്കുന്നതോടെ വില വീണ്ടും കുതിച്ചാൽ ആഭരണപ്രേമികളുടെ കാര്യം കഷ്ടത്തിലാകും. ഈ സാഹചര്യത്തിൽ ആഭരണങ്ങൾ വാങ്ങാനാണ് ഉദ്ദേശമെങ്കിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങുന്നതായിരിക്കും ഏറ്റവും മികച്ച ഓപ്ഷൻ. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 11995 രൂപയാണ് ഗ്രാം വില. പക്ഷെ ഒരു പവൻ വാങ്ങുമ്പോൾ 1 ലക്ഷത്തിന് മുകളിൽ വരും. അതേസമയം 14 കാരറ്റവും 9 കാരറ്റും വിപണിയിൽ സുലഭമാണ്. ഇന്നത്തെ നിരക്കിൽ അരലക്ഷത്തിനുള്ളിൽ 9 കാരറ്റ് ഒരു പവൻ ആഭരണം വാങ്ങാൻ സാധിക്കും.


Click it and Unblock the Notifications