സ്വർണ വില ഔണ്‍സിന് 5000 ഡോളർ എത്തിയാൽ പിന്നെ വിലയിടിയും; കാരണം ഇതാണ്..;ഉടണ സ്വർണം വിൽക്കണോ? അറിയാം
പ്രവചനങ്ങളെല്ലാം ശരിവെച്ച് സ്വർണ വില ഔണ്‍സിന് 5,000 ഡോളറിനടുത്തെത്തിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ഇന്ന് 4,988.56 ഡോളറാണ് ഒരു ഔണ്‍സിന് രേഖപ്പെടുത്തിയത്. ഭൌമ രാഷ്ട്രീയ പ്രതിസന്ധികളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളാണ് നിക്ഷേകരെ പ്രതിസന്ധിയിലാക്കുന്നത്.
യൂറോപ്യൻ യൂണിയനെതിരെ ട്രംപ് തീരുവ ഭീഷണി ഉയർത്തിയത് വലിയ വ്യാപാര യുദ്ധത്തിനുള്ള തുടക്കമായി വിലയിരുത്തപ്പെട്ടിരുന്നു. ട്രംപ് പിന്നീട് നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ട്രംപ് ഭരണകൂടവുമായുള്ള ബന്ധം വഷളായതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഒരുപക്ഷെ കടുത്ത നടപടിയിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. 38 ലക്ഷം കോടി ഡോളറിന്റെ യുഎസ് പൊതു കടത്തെക്കുറിച്ചും അവർക്ക് ആശങ്കയുണ്ട്.

അമേരിക്കൻ യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നതിനാൽ സമീപഭാവിയിൽ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾ തുടരാൻ തന്നെയാണ് സാധ്യത എന്നാണ് വിലയിരുത്തുന്ന്. വെനസ്വേലയിലെ വിജയശേഷം ട്രംപ് ഇറാനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇറാൻ തീരത്തേക്ക് യുഎസ് യുദ്ധക്കപ്പൽ അടുക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ ഒരു കരുതലിന് വേണ്ടി അയച്ചതാണെന്നും സ്ഥിതി മോശമായാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക കനത്തതോടെ നിക്ഷേപകരെല്ലാം സ്വർണം വാങ്ങിക്കൂട്ടുകയാണ്.
ഡൊണാൾഡ് ട്രംപ് അടുത്ത ഫെഡറൽ റിസർവ് ചെയർമാനെ പരിഗണിക്കുകയാണ്. കെവിൻ വാർഷോ റിക്കോ റൈഡറോ അടുത്ത ചെയർമാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം (മൂന്നാം പാദത്തിൽ 4.4% വളർച്ച, പണപ്പെരുപ്പം നിയന്ത്രിതം) കാഴ്ചവെച്ചിട്ടും, അടുത്ത ഫെഡ് ചെയർമാൻ പലിശനിരക്ക് 1% വരെയായി വെട്ടിക്കുറയ്ക്കുമെന്നാണ് ട്രംപിന്റെ വാദം. ഇതെല്ലാം സ്വർണവില കത്തിക്കയറാൻ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതേസമയം വില അപ്രതീക്ഷിതമായ രീതിയിൽ ഉയർന്ന് തുടങ്ങിയതോടെ പല റേറ്റിംഗ് സ്ഥാപനങ്ങളും തങ്ങളുടെ സ്വർണ പ്രവചനങ്ങൾ തിരുത്തി കഴിഞ്ഞു. . ഗോൾഡ്മാൻ സാക്സ് 5,400 ഡോളറും ജെപി മോർഗൻ 5,000 ഡോളറുമാണ് ഇപ്പോൾ സാധ്യത പ്രവചിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്ക (BoFA), ജെഫറീസ്, യുബിഎസ് തുടങ്ങിയ ബാങ്കുകൾ യഥാക്രമം 6,000, 6,600, 5,400 ഡോളർ എന്നിങ്ങനെ തങ്ങളുടെ ലക്ഷ്യവിലകൾ ഉയർത്തി.
എന്നാൽ സ്വർണ്ണം 5,000 ഡോളർ ലക്ഷ്യത്തിലെത്തിയതിനാൽ നിക്ഷേപകർ ലാഭമെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ വൈകാതെ സ്വർണ വിലയിൽ ചെറിയൊരു തിരുത്തലിനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെ ആഗോള പ്രതിസന്ധികൾ അവസാനിക്കാതെ സ്വർണ വിലയിൽ ഒരു താഴോട്ടിറക്കം പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്.
അങ്ങനെയെങ്കിൽ സ്വർണം വിൽക്കാൻ നിൽക്കുന്നവരെ സംബന്ധിച്ച് ഇതായിരിക്കും മികച്ച സമയം. വില ഇനിയും ഉയരട്ടെ എന്ന് കരുതി കാത്തിരുന്നാൽ ഒരുപക്ഷേ നഷ്ടം നേരിട്ടേക്കാം. അതേസമയം ദീർഘകാലത്തേക്കാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ യാതൊരു ആശങ്കയും വേണ്ട, സ്വർണം എന്നും ഒരു സുരക്ഷത നിക്ഷേപം തന്നെയായിരിക്കും.
കേരളത്തിൽ സ്വർണത്തിന് എന്ത് സംഭവിക്കും
കേരളത്തിൽ ഇന്നും സ്വർണ വില വർധിച്ചു. ഗ്രാമിന് 135 രൂപ കൂടി 14,150 രൂപയാണ് വില. പവൻ വിലയിൽ 1,080 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വില1,16,320 രൂപയിലെത്തി. ഇപ്പോൾ തന്നെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1.25 ലക്ഷം രൂപ നൽകണം. പ്രവചനങ്ങൾ ശരിവെച്ച് ആഗോള ഔണ്‍സ് വില 6000 ഡോളറിലേക്ക് അടുത്താൽ 1.65 ലക്ഷമെങ്കിലും നൽകാതെ ഒരു പവൻ വാങ്ങുന്നത് ആലോചിക്കുക പോലും വേണ്ട.












Click it and Unblock the Notifications