സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി
സ്വർണ വിലയിലെ വലിയ ചാഞ്ചാട്ടം സ്വർണക്കച്ചവടം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് വ്യാപാരികൾ. ഈ നില തുടർന്നാൽ കച്ചവടം പൂട്ടിപ്പോകേണ്ട അവസ്ഥയായിപ്പോകുമെന്ന് അവർ പറയുന്നു. ചെറുകിട വ്യാപാരികൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത വിധം കടക്കെണിയിലായിരിക്കുകയാണെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ് പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം.
'കച്ചവടം വളരെ മന്ദഗതിയിലാണ്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വില കൂടുകയോ കുറയുകയോ ചെയ്യുന്നത് മാർക്കറ്റിനെ സംബന്ധിച്ച് വലിയൊരു താഴ്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. കാരണം, ആളുകൾ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരും വിൽക്കാൻ ആഗ്രഹിക്കുന്നവരും വിലയിലുള്ള ഈ വലിയ വ്യതിയാനങ്ങൾ മൂലം ജ്വല്ലറിയിലേക്ക് എത്തുന്നില്ല. സ്വർണം വാങ്ങാൻ ഇരിക്കുന്നവർ കൂടുതൽ താഴ്ചയിലേക്ക് വില പോകും എന്ന പ്രതീക്ഷയിലാണ്. സ്വർണം വിൽക്കാനുള്ളവരും വില ഉയരാനുള്ള കാത്തിരിപ്പിലാണ്.

ഇത് രണ്ടും ഇല്ലാതെയാകുമ്പോൾ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. നേരത്തെ സ്വർണവില ഉയർന്നുനിന്ന സമയത്ത് വാങ്ങാൻ ആളുകൾ കുറഞ്ഞാലും വിൽക്കാൻ ആളുകൾ എത്തിയിരുന്നത് വ്യാപാരികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം വ്യാപാരികളെ കൂടുതൽ ദുരിതത്തിലേക്കും കടക്കണിയിലേക്കും തള്ളിവിടുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
ആളുകളെ എങ്ങനെ ജ്വല്ലറികളിലേക്ക് എത്തിക്കാം, എന്ത് തന്ത്രം പ്രയോഗിക്കാം എന്ന ചിന്തയിലാണ് പലരും. പക്ഷേ അവിടെയും സ്വർണവിലയിലെ വലിയ വ്യതിയാനങ്ങൾ ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വൻകിടക്കാർ വലിയ ഓഫറുകൾ നൽകുന്നുണ്ടെങ്കിലും കസ്റ്റമർമാർക്ക് പ്രായോഗികമായി ഗുണകരമായ ഓഫറുകൾ ലഭിക്കുന്നില്ല. വലിയ പരസ്യങ്ങൾ കണ്ടു ജ്വല്ലറികളിലേക്ക് എത്തുന്നവർ നിരാശപ്പെടുന്ന അവസ്ഥയാണ്.
ചെറുകിട വ്യാപാരികളെ സംബന്ധിച്ച് അവസ്ഥ കൂടുതൽ ഗുരുതരമാണ്. പലരും വലിയ കടക്കണിയിലൂടെയാണ് ഈ വ്യാപാരം നടത്തുന്നത്. നിരവധി ലോണുകൾ എടുത്തും പണം സമാഹരിച്ചുമാണ് സ്ഥാപനങ്ങൾ നടത്തുന്നത്. അങ്ങനെയുള്ളവർക്ക് കൃത്യമായി ബിസിനസ് നടന്നില്ലെങ്കിൽ ഇഎംഐ അടയ്ക്കാനും ജീവനക്കാരുടെ ശമ്പളം നൽകാനും വാടക അടയ്ക്കാനും പോലും സാധിക്കാതെ വരും.
ഒന്നിലധികം മാസം ഈ സ്ഥിതി തുടർന്നാൽ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറും. പലർക്കും ഈ മേഖലയെ വിട്ട് മറ്റു മേഖലകളിലേക്ക് മാറേണ്ട സാഹചര്യം വരെ ഉണ്ടാകാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏത് ബിസിനസിലേക്കു പോയാലും പൊതുവെ ബിസിനസ് മേഖല തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഇതിനെ അതിജീവിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. യുക്തിപരമായി പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് മാത്രമേ മുന്നോട്ട് പിടിച്ചു നിൽക്കാൻ സാധിക്കൂ.
സ്വർണം വിൽക്കുന്നതിനെക്കുറിച്ച് നിരവധി പേർ അന്വേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, വിൽപ്പന കുറവായതിനാൽ പ്രോപ്പർ വില നൽകാൻ കഴിയുന്നില്ല. വിപണിയിൽ ഡിമാൻഡ് വളരെ കുറഞ്ഞിരിക്കുകയാണ്. അതിനാൽ സാധാരണ ലഭിക്കുന്നതിലേക്കാൾ കുറഞ്ഞ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. അതുകൊണ്ട് വിൽക്കാൻ ആഗ്രഹിക്കുന്നവർ കുറച്ച് സമയം കാത്തിരുന്ന് ഈ പ്രതിസന്ധി കാലഘട്ടം കഴിഞ്ഞതിന് ശേഷം വിൽക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും.
ഇനിയും ഏകദേശം ഒരു മാസം വരെ ഈ സാഹചര്യം തുടരാൻ സാധ്യതയുണ്ട്. യുദ്ധം വേഗത്തിൽ അവസാനിക്കുകയോ, സമാധാന കരാർ ഉണ്ടാകുകയോ ചെയ്താൽ മാത്രമേ ആശങ്കകൾ ഒഴിവാകൂ'.












Click it and Unblock the Notifications