സ്വർണം കൈയ്യിലുണ്ടോ? 2026ൽ നിങ്ങൾക്ക് ലക്ഷങ്ങൾ നേടാം..42 ദിവസം കൊണ്ട് മാത്രം 17 ശതമാനം വില വർധനവ്
ഇന്ന് നേരിയ രീതിയിൽ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ജനുവരി 29 നാണ് ആദ്യമായി 1.31 ലക്ഷം എന്ന റെക്കോഡ് വില പവന് രേഖപ്പെടുത്തിയത്. ജനവരി മുതൽ പവൻ വില ഒരു ലക്ഷത്തിന് മുകളിൽ തുടരുകയാണ്. പല അവസരങ്ങളായി വില കുറഞ്ഞെങ്കിലും ഇതുവരെ ഒരുലക്ഷത്തിന് താഴേക്ക് വിലയെത്തിയിട്ടില്ല.
കഴിഞ്ഞ ഏഴ് ദിവസത്തെ വ്യാപാരം എടുക്കുകയാണെങ്കിൽ അഞ്ച് ദിവസങ്ങളിലും വില ഉയർന്നു. യുഎസ് തൊഴിൽ ഡാറ്റയായിരുന്നു ഈ ആഴ്ച നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കിയത്. ജനുവരിയിലെ തൊഴിൽ തൊഴിൽ വളർച്ച പ്രതീക്ഷിച്ചതിലും ഗണ്യമായി ഉയർന്നത് നേരിയ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്. 66,000-70,000 തസ്തികകൾ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 130,000 പുതിയ നിയമനങ്ങൾ രേഖപ്പെടുത്തി. തൊഴിലില്ലായ്മ നിരക്കും 4.4 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു.

പ്രതീക്ഷിച്ചതിലും ശക്തമായ ഈ കണക്കുകൾ ഫെഡറൽ റിസർവ് മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയിരിക്കുകയാണ്. ജൂണിലെ നിരക്ക് കുറയ്ക്കൽ പോലും ഇപ്പോൾ പൂർണ്ണമായി പ്രതീക്ഷിക്കുന്നില്ലെന്നതാണ് വസ്തുത. എന്നിരുന്നാലും ധനനയത്തിലെ അനിശ്ചിതത്വത്തിൽ നിന്നും ഒരു സംരക്ഷണമെന്ന നിലയിൽ ജൂലൈയിലും ഡിസംബറിലും നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലേക്ക് പൂർണമായി മാറാൻ നിക്ഷേപകർ തയ്യാറായിട്ടില്ല. സ്വർണം തന്നെയാണ് അവർ പ്രധാന ആശ്രയമായികാണുന്നത്. ഇനി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് വെള്ളിയാഴ്ചത്തെ പണപ്പെരുപ്പ കണക്കുകളാണ്. .
നിലവിൽ സ്വർണം നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. 2026 ൽ സ്വർണം 5000 ഡോളർ പിന്നിടുമെന്നായിരുന്നു പ്രവചനങ്ങൾ. ജനവരിയിൽ തന്നെ ആ നില സ്വർണം മറികടന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ വില ഉയരുമെന്ന കാര്യത്തിൽ ഇത് ശുഭസൂചനയാണ്. 5000 ഡോളറിന് മുകളിൽ സ്ഥിരമായി തുടരുകയാണെങ്കിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.എന്നാൽ, വില താഴാൻ തുടങ്ങിയാൽ, 4,800 ഡോളറിലാണ് അടുത്ത ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ വിലയിടിവ് മന്ദഗതിയിലാകുകയും കൂടുതൽ വാങ്ങലുകൾ നടക്കാനുള്ള സാധ്യതയുമുണ്ട്.
ഈ വർഷം സ്വർണ്ണവിലയിൽ ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണയിൽ ഔണ്‍സിന് 2026-ൽ ഇതുവരെ 746 ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 17 ശതമാനം വളർച്ചയ്ക്ക് തുല്യമാണ്. ഫെബ്രുവരി മാസം പകുതി പോലും പിന്നിടുന്നതിന് മുൻപേ 188 ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരിയിൽ ഏകദേശം 575 ഡോളറിന്റെ കുതിപ്പാണ് സ്വർണ്ണം കാഴ്ചവെച്ചത്. ഈ മുന്നേറ്റം വാങ്ങൽ താല്പര്യം എത്രത്തോളം സജീവമാണെന്ന് വ്യക്തമാക്കുന്നതാണ്. വിവിധതരം നിക്ഷേപകർ തുടർച്ചയായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് കൊണ്ടാണ് വില ഇത്രയും ശക്തമായി നിലനിൽക്കുന്നത്.
കേരളത്തിൽ ഇന്ന്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 880 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് നിലവിൽ 1.16 ലക്ഷമാണ് വില. ഒരു പവൻ വാങ്ങാൻ നികുതി ഉൾപ്പെടെ 1.25 ലക്ഷം പ്രതീക്ഷുക്കാം.












Click it and Unblock the Notifications