സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ, മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീര്‍പ്പാക്കി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കേണ്ടതില്ല എന്നും അന്വേഷണ സംഘം എന്‍ഐഎ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.
വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്
ഇതോടെയാണ് കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്. തനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം ശിവശങ്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കുന്നില്ലെന്നും പിന്നീട് തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അത്തരമൊരു നടപടിയിലേക്ക് കടക്കുകയുളളൂ എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ അപക്വമാണെന്നും പരിഗണിക്കേണ്ടതില്ലെന്നും ശിവശങ്കറിനെതിരെ അറസ്റ്റ് നീക്കം ഉണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എൻഐഎയുടെ വാദം രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. കേസില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ ശിവശങ്കറിന്റെ അഭിഭാഷകന് അനുവദിക്കുകയായിരുന്നു.
23 വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുളള നീക്കം കസ്റ്റംസ് നടത്തിയിരുന്നു. പിന്നാലെ ശാരീരിക അസ്വസ്ഥതകളുമായി ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചു. നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയിൽ ആരോപിച്ചു. തന്നെ 90 മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മാത്രം 34 മണിക്കൂര്‍ ചോദ്യം ചെയ്യുകയുണ്ടായി. താന്‍ ചോദ്യം ചെയ്യലുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കാന്‍ തയ്യാറാണ്. ഒളിവില്‍ പോകില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.