സ്വർണ്ണക്കടത്ത് യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകുമെന്ന് ഭയം, ആഞ്ഞടിച്ച് കോടിയേരി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണ വിധേയനായ ശിവശങ്കറിനെ പദവികളിൽ നിന്നും നീക്കിയതിനേയും കോടിയേരി പിന്തുണച്ചു.
ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് വ്യക്‌തമായിരിക്കുകയാണ് എന്ന് കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫിനേയും ബിജെപിയേയും കോടിയേരി കുറ്റപ്പെടുത്തി.

നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത്
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഗൗരവമുള്ളതാണ്. സൗഹൃദത്തിൽ കഴിയുന്ന രണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കാൻ ഇത്തരം സംഭവങ്ങൾ മതിയാകും. കള്ളക്കടത്ത് സ്വർണത്തിന്റെ പണം തീവ്രവാദികളിലേക്ക് എത്തുന്നുയെന്നാണ് എൻഐഎ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ പിടികൂടിയതിനുപുറമെ പിടികൂടാത്ത കള്ളക്കടത്തുകളും നടന്നിട്ടുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്.

സമാധാനം പറയേണ്ടത് സംസ്ഥാന സർക്കാരല്ല
വിമാനത്താവളവും അതിലെ സുരക്ഷയും ബാഗേജ് പരിശോധനയുമെല്ലാം കേന്ദ്രസർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വകുപ്പുകളും ഉദ്യോഗസ്ഥന്മാരും സംവിധാനങ്ങളുമാണ് നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ പിടികൂടപ്പെടാത്ത സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സമാധാനം പറയേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാരാണ്. ഇതിൽ മോഡി സർക്കാരിനെപ്പോലെതന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരിനും കുറ്റകരമായ ഉത്തരവാദിത്തമുണ്ട്.

നേരത്തേ മുതൽ സൗഹൃദബന്ധം
യു എ ഇ കോൺസുലേറ്റിലെ ഒന്നിലധികം സ്വാധീനമുള്ള ഉദ്യോഗസ്ഥരും അതിൽ ഒരു സ്‌ത്രീയും കേസിൽ പ്രതികളായത് സംഭവത്തിന്റെ പൊതുജനശ്രദ്ധ വർധിപ്പിച്ചു. മൂന്നാമത്തെ ഘടകമാകട്ടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ വിശിഷ്യാ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയിലുള്ളയാൾ കള്ളക്കടത്ത് കേസിലെ പ്രതിയായ വനിതയുമായി നേരത്തേ മുതൽ സൗഹൃദബന്ധം സ്ഥാപിച്ചു എന്ന ആക്ഷേപമാണ്.

പഴിക്കാൻ വകയില്ല
ഈ മൂന്ന് ഘടകം പരിശോധിച്ചാൽ അതിൽ ഒന്നിലും എൽഡിഎഫ് സർക്കാരിനെയോ മുഖ്യമന്ത്രിയെയോ പഴിക്കാൻ വകയില്ലെന്ന് നിഷ്‌പക്ഷതയോടെ വിലയിരുത്തുന്ന ആരും സമ്മതിക്കും. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോ കാര്യാലയത്തിന്റെ മേൽവിലാസം ഉപയോഗിക്കുന്ന മുൻ ഉദ്യോഗസ്ഥരോ വിമാനത്താവളവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാരിന്റെ അടക്കം ശ്രദ്ധയിൽ കൊണ്ടുവരേണ്ട നിയമപരവും വ്യവസ്ഥാപിതവുമായ ബാധ്യത കേന്ദ്രസർക്കാരിനുണ്ട്.

മറുപടി നൽകേണ്ടത് കേന്ദ്രം
അതിനാൽ യുഎഇ കോൺസുലേറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയോ മുൻ ഉദ്യോഗസ്ഥരുടെയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാസമയം അധികാര കേന്ദ്രങ്ങളെ ധരിപ്പിക്കാത്തതിന് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാരാണ്. ഇപ്പോൾ ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്.

വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം
ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത്. ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ കരാർ നിയമനത്തിൽ വിവാദവനിത വ്യാജസർട്ടിഫിക്കറ്റ് മുഖാന്തരം കയറിക്കൂടിയതും കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോൺവിളി പട്ടികയിൽ ശിവശങ്കറിന്റെ പേര് വന്നതുമായുള്ള വിഷയങ്ങളിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെയും അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

യുക്തിപരവും നിയമപരവും
അന്വേഷണ റിപ്പോർട്ടിൽ ശിവശങ്കർ അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കണ്ടതിനെ തുടർന്ന് സസ്‌പെൻഡു ചെയ്‌തു കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോർട്ടിനായി കാക്കുകയും ചെയ്‌തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്.

ഒരു കൈയും നീളില്ല
ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് വ്യക്‌തമായിരിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് നീക്കുന്നതുൾപ്പെടെയുള്ള കർശന അച്ചടക്കനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരിൽ എൽഡിഎഫിനെ വിമർശിച്ച പ്രതിപക്ഷ നേതാക്കൾ മറക്കണ്ട.

ബൂമറാങ്ങാകുമെന്ന ഭയപ്പാട്
എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല. പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്. അതാണ് അവർക്കിത്ര വെപ്രാളം''.












Click it and Unblock the Notifications