എം ശിവശങ്കറിന് ജാമ്യമില്ല, ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തളളി
തിരുവനന്തപുരം: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന് ജാമ്യമില്ല എന്നുളള ഒറ്റവരി ഉത്തരവാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം രേഖമൂലം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. രാഷ്ട്രീയ നീക്കങ്ങളുടെ ഇരയാണ് താന്‍ എന്നാണ് ശിവശങ്കര്‍ ആരോപിച്ചത്.
കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നതായി ശിവശങ്കര്‍ വെളിപ്പെടുത്തി. ഇഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകൾ കേസില്‍ താന്‍ പറയാത്തത് കാരണമാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും ശിവശങ്കര്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു വിധത്തിലുളള ബന്ധവും ഇല്ല. താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്നാണ് ഇഡി പറയുന്നത്. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ പറയുന്നു. ഫുഡ് പാക്കേജ് തടഞ്ഞ് വെച്ചപ്പോള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിളിച്ചെന്ന് സമ്മതിച്ചിരുന്നുവെന്നും ശിവശങ്കർ പറയുന്നു.

സ്വപ്‌നയും ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായിട്ടാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഈ സന്ദേശങ്ങളുടെ പൂര്‍ണരൂപം ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. കളളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷുമായി താന്‍ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. നികുതിക്കാര്യത്തില്‍ സ്വപ്‌ന തന്നോട് സഹായം ആവശ്യപ്പെട്ടപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കര്‍ പറയുന്നു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് നിലവിലെ അന്വേഷണം മുന്നോട്ട് പോകുന്നത് എന്നും ശിവശങ്കർ ആരോപിച്ചു.
Recommended Video
അതേസമയം ശിവശങ്കറിന്‌റെ ആരോപണങ്ങള്‍ തളളി ഇഡിയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ശിവശങ്കര്‍ കളളം പറയുകയാണ് എന്നാണ് ഇഡി വാദിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശിവശങ്കര്‍ ശ്രമിക്കുന്നതായി ഇഡി ആരോപിച്ചു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു എന്നുളള ശിവശങ്കറിന്റെ ആരോപണവും ഇഡി തളളി. അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ എന്തുകൊണ്ട് തുറന്ന കോടതിയില്‍ ഉന്നയിച്ചില്ലെന്നും ഇഡി ചോദിച്ചു.












Click it and Unblock the Notifications